ദേശമംഗലം: സ്‌നേഹത്തിന്റെ ഇളംചൂടുള്ള മാതൃസ്പര്‍ശം ആ വേളയില്‍ അബ്ദുല്‍ സലാമിനെ വാരിപ്പുണര്‍ന്നിരിക്കണം. വാര്‍ഡിന്റെ ഭരണസാരഥ്യം ഏറ്റെടുക്കാനുള്ള സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സലാം എത്തിയത് അങ്ങനെയാണ്. ഉമ്മയെന്ന സ്‌നേഹവായ്പിനെ ഖബറിലേക്ക് എടുത്തു വച്ച്, കൈയില്‍ നിന്ന് ഖബറിലേക്ക് വാരിയിട്ട മണ്ണിന്റെ മണം മാറാതെ…

ദേശമംഗലം അഞ്ചാം വാര്‍ഡില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച അബ്ദുല്‍ സലാമിന്റെ ഉമ്മ ഫാത്തിമ (64) ഞായറാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉമ്മയുടെ മയ്യിത്ത് വെസ്റ്റ് പുല്ലൂര്‍ ജുമാമസ്ജിദില്‍ ഖബറക്കിയ ശേഷമാണ് സലാം സത്യവാചകം ചൊല്ലിയത്.

തന്നെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാനാണ് ദുഃഖമമര്‍ത്തി ചടങ്ങിനെത്തിയത് എന്ന് അബ്ദുല്‍ സലാം പറഞ്ഞു.

ഇരുമുന്നണികളും ഒപ്പത്തിനൊപ്പം സീറ്റു നേടിയ പഞ്ചായത്താണ് ദേശമംഗലം. ഏഴു വീതം സീറ്റുകള്‍ യുഡിഎഫിനും എല്‍ഡിഎഫിനും ലഭിച്ചു.