ഏകദിന, ട്വന്റി-20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറിനില്‍ക്കാനുള്ള മഹേന്ദ്രസിങ് ധോണിയുടെ തീരുമാനം ക്രിക്കറ്റ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുക തന്നെ ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ 10 വര്‍ഷത്തോളം ഇന്ത്യയെ നയിച്ച ശേഷമാണ് ധോണി പടിയിറങ്ങിയത്.

ക്രിക്കറ്റില്‍ ഇന്ത്യയുടെ കിരീട വരള്‍ച്ചക്ക് അറുതി വരുത്തിയ നായകന്‍, ഏകദിന- ട്വന്റി 20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ നേടിത്തന്ന നായകന്‍, ലോകത്തെ മികച്ച ഫിനിഷിങ് റെക്കോര്‍ഡ്, വിക്കറ്റിനു പിറകിലെ വേഗത… ഇല്ല ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മഹിയെന്ന ക്യാപ്റ്റനെ മറക്കാനാവില്ല. തകര്‍പ്പന്‍ ബാറ്റ്‌സ്മാനെന്ന ഖ്യാതി നിലനില്‍ക്കെ ബാറ്റിങ് ഓര്‍ഡറില്‍ വാലറ്റത്തിറങ്ങാനുള്ള ക്യാപ്റ്റന്റെ തീരുമാനം ടീമിനായി മഹി ചെയ്ത ത്യാഗമായിരുന്നു.

ടീമിന്ത്യയെ സമ്പന്ധിച്ച് മികച്ച ലാഭമായിരുന്നു ധോണി. ഒന്നെടുത്താല്‍ മൂന്നെന്ന പോലെ മികച്ച ക്യാപ്റ്റന്‍, മികച്ച വിക്കറ്റ് കീപ്പര്‍, മികച്ച ഫിനിഷര്‍ എന്നീ നിലകളില്‍ ധോണിക്ക് പകരക്കാരില്ല തന്നെ. മികച്ച അനേകം നേട്ടങ്ങളിലേക്ക് ടീമിനെ നയിച്ചപ്പോഴും ആഹ്ലാദ പ്രകടനത്തിന്റെ മുന്‍നിരയില്‍ ഒരിക്കല്‍ പോലും ധോണിയെ കണ്ടിരിക്കില്ല നാം, പകരം കൂട്ടുകാര്‍ക്കിടയില്‍ ഒരാളായി അദ്ദേഹമുണ്ടാകും. മികച്ച സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ.

2019 ലോകകപ്പിനു മുന്നോടിയായി കോഹ്ലിക്ക് സമയം നല്‍കുകയെന്ന ലക്ഷ്യത്തോടെയാകും ധോണി പടിയിറങ്ങുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷെ, ധോണിയെന്ന ക്യാപ്റ്റനെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം എന്നുമെന്നുമോര്‍ക്കും.

https://www.youtube.com/watch?v=0PvfDB3uoJw