ഷംസീര്‍ കേളോത്ത്

ജനാധിപത്യവും സര്‍വ്വാധിപത്യവും തമ്മില്‍ വലിയ ആശയാന്തരമാണുള്ളത്. എതിരഭിപ്രായങ്ങളെ, വിമര്‍ശനങ്ങളെ ഇവ എങ്ങനെയാണ് കൈകാര്യംചെയ്യുക എന്നിടത്താണ് രണ്ടും തമ്മിലുള്ള പ്രധാന ചേര്‍ച്ചയില്ലായ്മ പ്രകടമാവുക. ഭരണകൂടത്തിന്റെ നിലപാടിനപ്പുറം എതിരഭിപ്രായങ്ങള്‍ക്ക് യാതൊരിടവും നല്‍കാത്ത ഭരണസ്വഭാവമാണ് സര്‍വ്വാധിപത്യം പ്രകടിപ്പിക്കുക. ഭരണാധികാരിയുടെ രാഷ്ട്രീയ എതിരാളികള്‍ കൊല ചെയ്യപ്പെടുകയോ, തുറങ്കിലടക്കപ്പെടുകയോ കുറഞ്ഞപക്ഷം മൗനികളാക്കപ്പെടുകയോ ചെയ്യും. നിയമവാഴ്ചയനുസരിച്ചല്ല പകരം ഭരിക്കുന്നവരുടെ ഇച്ഛയനുസരിച്ചാണ് രാജ്യം മുന്നോട്ട്‌പോവുക.

എന്നാല്‍ ഇതിന് വിപരീതമായി താത്വികമായി തന്നെ പ്രതിപക്ഷത്തെ അംഗീകരിക്കുന്ന സംവിധാനമാണ് ജനാധിപത്യം മുന്നോട്ടുവെക്കുന്നത്. ഭരണം കയ്യാളുന്നവരോളംതന്നെ പ്രധാനപ്പെട്ടതാണ് ജനാധിപത്യത്തില്‍ പ്രതിപക്ഷവും വിമര്‍ശന ശബ്ദങ്ങളും എന്ന് സാരം. നിയമത്തിന്മുന്നില്‍ എല്ലാവരും സമന്മാരായിരിക്കും. ആധുനിക ലോകക്രമത്തില്‍ ജനാധിപത്യം പൊതുനന്മയെ പ്രതിഫലിപ്പിക്കുന്ന ഭരണരീതിയായി പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഏറെ രാജ്യങ്ങളും ജനാധിപത്യ വ്യവസ്ഥിതിയെ ഭരണസംവിധാനമായി സ്വീകരിച്ചവരാണ്. ഇപ്പറഞ്ഞതിനര്‍ഥം ജനാധിപത്യ ഭരണരീതി നിലനില്‍ക്കുന്ന എല്ലാ രാജ്യങ്ങളിലും എതിരഭിപ്രായങ്ങളെ ഭരണകൂടം മാനിക്കുന്നു എന്നല്ല. ജനാധിപത്യവ്യവസ്ഥിതിയില്‍ തന്നെ സര്‍വ്വാധിപത്യ പ്രവണതകള്‍ പുറത്തെടുക്കുന്ന ഭരണകൂടങ്ങളുണ്ട്. ഇത്തരം സര്‍വ്വാധിപത്യ പ്രവണതകള്‍ രാജ്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. പൂര്‍ണ്ണ ജനാധിപത്യമായി ഇത്തരം രാജ്യങ്ങളെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാറില്ല. ഇന്ത്യയില്‍ നിലവിലുള്ള സംഘ്പരിവാര്‍ ഭരണകൂടം സര്‍വ്വാധിപത്യരീതികള്‍ പിന്തുടരുന്നു എന്ന വിമര്‍ശനം ശക്തമാണ്. ഹര്‍ഷ് മന്ദറിനെ പോലെയുള്ള സാമൂഹിക പ്രവര്‍ത്തകരെ എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) ഉപയോഗിച്ച് മൗനിയാക്കാനോ ജയിലിലടക്കാനോ ഉള്ള നീക്കം ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് കേന്ദ്ര സര്‍ക്കാറിന്റെ സര്‍വ്വാധിപത്യ പ്രവണതയുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.

കൂട്ടിലടച്ച തത്തയും എതിര്‍ ശബ്ദങ്ങളും

അപകോളനീകൃത രാജ്യങ്ങളില്‍ അട്ടിമറികള്‍ക്ക് വിധേയമാവാതെ (അടിയന്തിരാവസ്ഥ ഒരപവാദമാണ്) ജനാധിപത്യ സംവിധാനങ്ങളെ നിര്‍മ്മിച്ചെടുക്കുന്നതില്‍ വിജയം കൈവരിച്ച ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വിവിധ തരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്താണ് രാജ്യത്ത് ജനാധിപത്യ സ്ഥാപനങ്ങള്‍ ശക്തിപ്പെട്ടത്. വൈവിധ്യപൂര്‍ണ്ണമായ രാജ്യത്ത് ജനാധിപത്യം സാധ്യമാക്കിയെടുക്കുകയെന്ന വലിയൊരു പരീക്ഷണം (പൂര്‍ണ്ണാര്‍ഥത്തിലല്ലെങ്കിലും) വിജയം കൈവരിക്കുകയുമുണ്ടായി. പക്ഷേ, കഴിഞ്ഞ ആറ് വര്‍ഷക്കാലമായി ആറ് പതിറ്റാണ്ടുകൊണ്ട് രാജ്യം നേടിയെടുത്ത നേട്ടങ്ങളെ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ്, ഫ്രീഡം ഹൗസ്, വിഡെം തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തേയുമൊക്കെ മുന്‍നിര്‍ത്തി ലോക രാജ്യങ്ങള്‍ക്ക് നല്‍കുന്ന റാങ്കിങില്‍ ഇന്ത്യ പിറകിലായത് യാതൊരു ചര്‍ച്ചയും രാജ്യത്ത് ഉയര്‍ത്തിയില്ല എന്നത് ആശങ്കാജനകമാണ്. ദി ഇക്കണോമിസ്റ്റ് പുറത്തിറക്കുന്ന ‘ഡെമോക്രസി ഇന്‍ഡക്‌സില്‍’ ഇരുപത്തിയേഴാം സ്ഥാനത്തായിരുന്നു ആറ് വര്‍ഷങ്ങള്‍ക്ക്മുമ്പ് ഇന്ത്യ. എന്നാല്‍ 2021ലെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യം അമ്പത്തിമൂന്നാം സ്ഥാനത്താണ്. മാര്‍ച്ചില്‍ ഫ്രീഡം ഹൗസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയെ ‘സ്വതന്ത്ര’ വിഭാഗത്തില്‍നിന്ന് നീക്കി ‘ഭാഗിക സ്വതന്ത്ര്യ’ രാജ്യമായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇക്കഡോര്‍, സെര്‍ബിയ, മൊസാംബിക്ക് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. സ്വീഡന്‍ ആസ്ഥാനമായിട്ടുള്ള വിഡെം ഇന്‍സ്റ്റിറ്റിയൂട്ട് ഒരു പടികൂടി കടന്ന് ഇന്ത്യയെ ഇലക്ടറല്‍ ഡെമോക്രസികളുടെ പട്ടികയില്‍നിന്ന് നീക്കി ‘തെരഞ്ഞടുപ്പിലൂടെ അധികാരമേല്‍ക്കുന്ന സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ’ (ലഹലരീേൃമഹ മൗീേരൃമര്യ) കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള ഭരണാധികാരികള്‍ പ്രതിപക്ഷത്തിന്റെ പങ്ക് തിരിച്ചറിയുകയും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു. തന്നെ വ്യക്തിപരമായും സര്‍ക്കാറിനെയും വിര്‍ശിച്ചുകൊണ്ടുള്ള കാര്‍ട്ടൂണുകളെ നെഹ്‌റു പ്രതിപക്ഷ ബഹുമാനത്തോടെ സ്വീകരിച്ചിരുന്നുവെന്നത് ചരിത്രമാണ്. പിന്നീട് വന്ന പല ഭരണാധികാരികളും ഇത് മറന്നെങ്കിലും സര്‍വ്വാധിപത്യ രീതികളെ രാജ്യത്തെ ജനത അംഗീകരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് ചരിത്രം അതാണ് സൂചിപ്പിക്കുന്നത്. വിമര്‍ശനങ്ങളുന്നയിക്കുന്നവരെ മൗനികളാക്കാന്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതിന്റെ കഥകളാണ് നിലവില്‍ രാജ്യത്തിന് പറയാനുള്ളത്. സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്ന് മദ്രാസ് ഹൈക്കോടതി വര്‍ഷങ്ങള്‍ക്ക് മുമ്പ് പരാമര്‍ശിച്ചിരുന്നു. വിദേശ രാജ്യങ്ങളുടെ ഫണ്ട് സ്വീകരിക്കുന്ന ചാരന്‍മാരാണ് വിമര്‍ശകരെന്ന യുക്തിയാണ് ഭരണകൂടം എതിരാളികള്‍ക്കെതിരെ പ്രചരിപ്പിക്കുന്നത്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടേണ്ടേ എന്ന മറുചോദ്യവും സര്‍ക്കാറിനെ പിന്തുണക്കുന്നവര്‍ ചോദിക്കുന്നു. ബി.ജെ.പി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ കൊണ്ട് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നത് നീതി പുലര്‍ന്ന് കാണാനല്ല, അവരെ നിശബ്ദരാക്കാനാണ്. ബംഗാള്‍ ഒരുദാഹരണമായി എടുക്കാവുന്നതാണ്. വംഗനാടിനെ ഇളക്കിമറിച്ച അഴിമതിയാരോപണമായിരുന്നു ശാരാദാ ചിട്ട് ഫണ്ട് വിവാദം. തൃണമുല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് മുകുള്‍ റോയിയും ചിട്ട് ഫണ്ട് ഉടമയും തമ്മിലുള്ള ബന്ധം വലിയ ചര്‍ച്ചയായിരുന്നു. പല തൃണമുല്‍ നേതാക്കാളേയും സി.ബി.ഐ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുകുള്‍ റോയി തൃണമുല്‍ വിട്ട് ബി.ജെ.പിയിലെക്ക് ചേക്കേറി. ദേശീയ വൈസ്പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. അദ്ദേഹത്തിനെതിരെ പിന്നീട് നടപടികളൊന്നും കാര്യമായുണ്ടായില്ല. ഈയിടെ അദ്ദേഹം വീണ്ടും തൃണമുല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹത്തിനെ വീണ്ടും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പിന്തുടരുമോ എന്നത് കണ്ടറിയണം. നന്ദിഗ്രാമില്‍ മമതാബാനര്‍ജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി ശാരദ ചിറ്റ് ഫണ്ട് കേസില്‍ ആരോപണവിധേയനായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നപ്പോള്‍ അദ്ദേഹത്തെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ബി.ജെ.പിയുടെ ഭാഗമായതിന്‌ശേഷം കാര്യമായ അന്വേഷണ നടപടികളൊന്നും അദ്ദേഹത്തിനെതിരെയുണ്ടായില്ല. ബംഗാള്‍ തെരഞ്ഞടുപ്പിനിടെയാണ് മമതാബാനര്‍ജിയുടെ അടുത്ത സഹായിയെ 2014ലെ ഒരു കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. തെരഞ്ഞടുപ്പിനിടെ പ്രധാന നേതാവിന്റെ ഉറ്റ സഹായിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നത് വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സന്ദേശമെന്തായിരിക്കും എന്നത് വിശദീകരിക്കേണ്ടതില്ലല്ലോ. ബംഗാളില്‍ മാത്രമല്ല തമിഴ്‌നാട്ടിലും കശ്മീരിലും കര്‍ണ്ണാടകയിലും രാജസ്ഥാനിലും ഛത്തീസ്ഗണ്ഡിലും മഹാരാഷ്ട്രയിലുമൊക്കെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കന്‍മാര്‍ക്കെതിരെ റെയ്ഡും അന്വേഷണവുമൊക്കെ കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു. തെരഞ്ഞടുപ്പിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഡി.എം.കെ നേതാവ് സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിത്.

എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡും
ഹര്‍ഷ് മന്ദറും

സാമൂഹ്യ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിന്റെ ഓഫീസിലും വസതിയിലും മകളുടെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത് ഇക്കഴിഞ്ഞ സെപ്തംബര്‍ പതിനാറിനാണ.് രണ്ട് പതിറ്റാണ്ട് കാലം ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വ്വീസിലായിരുന്ന ഹര്‍ഷ് മന്ദര്‍ ഗുജറാത്ത് കാലപത്തിലെ ഭരണകൂടത്തിന്റെ പങ്ക് മനസ്സിലാക്കിയതിനെതുടര്‍ന്നാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തി സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിച്ചത്. കലാപത്തില്‍ ഇരയായവര്‍ക്ക് നീതി ലഭ്യമാക്കാനും അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. കാരവാന്‍ എ മുഹബ്ബത്ത് എന്ന അദ്ദേഹത്തിന്റെ ക്യാംപയിന്‍ മതസൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ സമീപനങ്ങളെ തുറന്നുകാട്ടുന്ന അദ്ദേഹത്തെ നിശബ്ദമാക്കാനാണ് ഈ നീക്കമെന്ന് പലരും സംശയിക്കുന്നു. റോമില ഥാപ്പര്‍, ജീന്‍ഡ്രെസ്, അഡ്മിറല്‍ (റിട്ടയേര്‍ഡ്) രാംദാസ്, ഇന്ദിര ജെയ്‌സിംഗ് തുടങ്ങി അറുനൂറിലധികം പ്രമുഖരാണ് ഹര്‍ഷ് മന്ദറിനെതിരെയുള്ള ഭരണകൂട വേട്ടയക്കെതിരെയുള്ള പ്രസ്താവനയില്‍ ഒപ്പിട്ടത്. തന്റെ ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ റെയ്ഡിനായെത്തുന്നു എന്നത് വര്‍ത്തമാന ഇന്ത്യയില്‍ ഹര്‍ഷ് മന്ദറെന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ മാത്രമനുഭവമല്ല. അദ്ദേഹത്തെ പോലുള്ള നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ ഭരണകൂടത്തിന്റെ സര്‍വ്വാധിപത്യ പ്രവണതകള്‍ക്ക് ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭൂരിപക്ഷത്തിന്റെ സര്‍വ്വാധിപത്യമായി ജനാധിപത്യം മാറാതിരിക്കാന്‍ വിമര്‍ശനങ്ങളെ പ്രതിപക്ഷ ബഹുമാനത്തോടെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാറിനുമേല്‍ പൗരസമൂഹം സമ്മര്‍ദ്ദം ചെലുത്തേണ്ടതായുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്നറിയപ്പെടുന്ന രാജ്യം നിലവിലെ സര്‍ക്കാറിന് കീഴില്‍ ജനാധിപത്യ സൂചികയില്‍ പിന്നോട്ട് പോവുകയാണെന്ന രാജ്യാന്തര സ്ഥാപനങ്ങളുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ പൗരജാഗ്രത അനിവാര്യമാണ്.