വാഷിങ്ടണ്‍: കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി വിടുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തുടര്‍ന്ന് വൈറ്റ് ഹൗസിലേക്ക് മടങ്ങി. വാഷിങ്ടണിലെ വാള്‍ട്ടര്‍ സീഡ് സൈനിക ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

വൈറ്റ് ഹൗസിലെത്തിയതിനു പിന്നാലെ മാസ്‌ക് എടുത്തുമാറ്റി ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശിപ്പിച്ചു. അതേസമയം ട്രംപ് കോവിഡ് മുക്തനായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. കോവിഡ് ബാധിച്ച് അതീവ ഗുരുതരമായി കഴിയുന്ന ആളുകള്‍ക്ക് നല്‍കുന്ന മരുന്നുകളടക്കം ട്രംപിന് നല്‍കിയതായാണ് സൂചന. എന്നാല്‍ ആശുപത്രി വാസം മടുത്തതിനെ തുടര്‍ന്നാണ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയത്.

വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ നിന്ന് റോഡ് ഷോ നടത്തിയാണ് ട്രംപ് വൈറ്റ് ഹൗസിലെത്തിയത്. വൈറ്റ് ഹൗസില്‍ എത്തുന്നതുവരെയുള്ള കാര്യങ്ങള്‍ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. യാത്രയിലുടനീളം മാസ്‌ക് ധരിച്ച അദ്ദേഹം വൈറ്റ് ഹൗസിലേക്ക് കൊണ്ടുവന്ന ഹെലികോപ്റ്ററിന് സല്യൂട്ട് നല്‍കുന്നതിനിടെ നാടകീയമായി മാസ്‌ക് ഊരി മാറ്റുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡ് ബാധിച്ച് ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലു ദിവസത്തിനു ശേഷമാണ് ആശുപത്രി വിടുന്നത്. ആശുപത്രി വിട്ടതിനു പിന്നാലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി.