Health
ഹൃദയം കൊണ്ട് കളിക്കരുത്
EDITORIAL
പതിറ്റാണ്ടുകള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയും ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയുമാണ് കേരളം ആരോഗ്യരംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായത്. ‘കേരള മോഡല്‍’ എന്ന ഖ്യാതിയില്‍ നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. എന്നാല്‍, ആഴത്തില്‍ വേരുകളുള്ള ആ വിശ്വാസ്യതക്കും കാര്യക്ഷമതക്കുംമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന വാര്‍ത്തകളാണ് സമിപകാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലടക്കം ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമല്ലാതാവുകയും അടിയന്തര ശസ്ത്രക്രിയകള്‍ പോലും മുടങ്ങുന്ന സാഹച ര്യമുണ്ടാവുകയും ചെയ്യുന്നത് നിസ്സാരമായി കാണാനാവില്ല. ഇടതുപക്ഷ സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണ്.
മെഡിക്കല്‍ കോളജ് ആശുപത്രികള്‍ ഉള്‍പ്പെടെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള ഹ്യദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം മെഡിക്കല്‍ ഉപകരണ വിതരണക്കാരുടെ സംഘടന (സി.ഡി.എം.ഐ.ഡി) നിര്‍ത്തിവച്ച വിവരം കേരളത്തെ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹ്യദയ ശസ്ത്രക്രിയകള്‍ മുടങ്ങുന്ന അവസ്ഥ ചിന്തിക്കാന്‍പോലും പറ്റാത്തതാണ്. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളുടേതാണ് ഏറ്റവും കൂടുതല്‍ കുടിശിക. കോടികളാണ് ഇവിടെ കുടിശികയുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 34 കോടിയും തിരുവനന്തപുരത്ത് 29 കോടിയുമാണ് നല്‍കാനുള്ളത്. കോട്ടയം മെഡിക്കല്‍ കോളജില്‍ 21 കോടിയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ 13 കോടിയും കുടിശികയുണ്ട്. ആകെ നല്‍കാനുള്ള 158 കോടിയിലേറെ രൂപയില്‍ കുറച്ചെങ്കിലും കഴിഞ്ഞമാസം ലഭ്യമാക്കാമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഒന്നും നല്‍കിയില്ല. കുടിശിക അടിയന്തരമായി നല്‍കിയില്ലെങ്കില്‍ വിതരണം തടസ്സപ്പെടുമെന്നു സംഘടന നേരത്തേ സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. എന്നിട്ടും അതു തീര്‍ക്കാന്‍ ആരോഗ്യവകുപ്പില്‍ നിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നതു സര്‍ക്കാറാണ് ഈ പ്രതിസന്ധിക്ക് കാരണക്കാരനെന്ന് വ്യക്തമാക്കുന്നു. മെഡി ക്കല്‍ കോളജുകളിലും ജില്ലാജനറല്‍ ആശുപത്രികളിലുമായി 21 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ പദ്ധതികളില്‍ നല്കിയ ചികിത്സയുടെ ഫണ്ടാണ് മുടങ്ങിയത്. ശസ്ത്രക്രിയക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്റ്, ഗൈഡ് വയര്‍, ഗൈഡ് കത്തീറ്റര്‍, പി.ടി.സി.എ ബലൂണ്‍ എന്നിവയുടെ സ്റ്റോക്ക് തിര്‍ന്നു.
സര്‍ക്കാര്‍ ആശുപത്രികളുടെയും മെഡിക്കല്‍ കോളജുകളുടെയും പ്രവര്‍ത്തനം താളംതെറ്റിയിട്ട് നാളേറെയായി. ഈ ജീര്‍ണതകള്‍ക്കെതിരെ ഉള്ളില്‍ നിന്നുതന്നെ ശബ്ദമുയര്‍ത്തിയ ഡോ. ഹാരിസിനെ പോലുള്ളവരെ നിശബ്ദനാക്കാനും ഒറ്റപ്പെടുത്താനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, അദ്ദേഹം ഉന്നയിച്ച ഓരോ വാദവും ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ഇത് കേവലം ഒരു സാമ്പത്തിക ഇടപാടിന്റെ പ്രശ്നമല്ല, മറിച്ച് ആയിരക്കണക്കിന് പാവപ്പെട്ട രോഗികളുടെ ജീവന്റെ പ്രശ്നമാണ്. ഹ്യദയസംബന്ധമായ അസുഖങ്ങള്‍ക്കും മറ്റ് ഗുരുതര രോഗങ്ങള്‍ക്കും ചികിത്സ തേടിയെത്തുന്ന സാധാരണക്കാരുടെ ജീവന് പന്താടുകയാണ് സര്‍ക്കാര്‍.
ഓരോ പ്രതിസന്ധി ഉണ്ടാകുമ്പോഴും ‘അന്വേഷിക്കാം, നടപടിയെടുക്കാം’ എന്ന പതിവ് പല്ലവി മാത്രമാണ് ആരോഗ്യമന്ത്രിയില്‍നിന്ന് കേരളം കേള്‍ക്കുന്നത്. ഈ ഒഴുക്കന്‍ മറുപടികള്‍ക്കപ്പുറം പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തി പരിഹരിക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? കുടിശിക എപ്പോള്‍ നല്‍കിത്തീര്‍ക്കും? ശസ്ത്രക്രിയകള്‍ മുടങ്ങാതിരിക്കാന്‍ എന്ത് ബദല്‍ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്? ഈ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരമില്ല. സര്‍ക്കാരിന്റെ ഈ നിസ്സംഗത ആരോഗ്യരംഗത്തെ കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് തള്ളി വിടുകയാണ്. ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോലി ചെയ്യുന്നത്. പരിമിതമായ സൗകര്യങ്ങള്‍ വെച്ച് പരമാവധി മികച്ച ചികിത്സ നല്കാന് അവര്‍ ശ്രമിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് അവരുടെ മനോവീര്യം തകര്‍ക്കും.
കേരളം പടുത്തുയര്‍ത്തിയ ആരോഗ്യരംഗം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. അത് സാമൂഹികവും രാഷ്ട്രീയവുമായ ഇച്ഛാശക്തിയുടെയും തലമുറകളുടെ പരിശ്രമത്തിന്റെയും ഫലമാണ്. ആ നേട്ടങ്ങളെയാണ് നിലവിലെ സര്‍ക്കാര്‍ തങ്ങളുടെ കെടുകാര്യസ്ഥതകൊണ്ട് ഇല്ലാതാക്കുന്നത്. പൊതുജനാരോഗ്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാല്‍, അതിന്റെ പ്രത്യാഘാതം ദൂരവ്യാപകമായിരിക്കും. പാവപ്പെട്ടവന് മികച്ച ചികിത്സ സൗജന്യമായി അല്ലെങ്കില്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാവുക എന്ന സാമൂഹിക സുരക്ഷാ വാഗ്ദാനമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.
അടിയന്തരമായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണം. വിതരണക്കാര്‍ക്കുള്ള കുടിശിക ഉടന്‍ നല്കി, അവശ്യ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം. ആരോഗ്യ രംഗത്തെ പ്രശ്നനങ്ങളെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങളെ ശത്രുതാപരമായി കാണാതെ, ക്രിയാത്മകമായി ഉള്‍ക്കൊണ്ട് തിരുത്തല്‍ നടപടികള്‍ക്ക് തയ്യാറാകണം. അന്വേഷണ പ്രഹസനങ്ങള്‍ക്കപ്പുറം, സുതാര്യവും കാര്യക്ഷമവുമായ നടപടികളാണ് ജനങ്ങള്‍ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഓര്‍ക്കുക. ഇത് രാഷ്ട്രീയ കളിയല്ല, പാവപ്പെട്ട മനുഷ്യരുടെ ജീവന്റെ കാര്യമാണ്. ഹ്യദയംകൊണ്ട് കളിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം.
Health
അമീബിക് മസ്തിഷ്ക ജ്വര ഭീഷണി; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക
ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.
ബെംഗളൂരു: അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അടിയന്തര നിര്‍ദേശങ്ങള്‍ നല്കി. പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലസ്രോതസുകളിലും കുളങ്ങളിലുമുള്ള കുളിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്ക് പൂര്‍ണ്ണമായി അടച്ച് പിടിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശം. മലിനജലത്തില്‍ മുങ്ങുകയോ കുളിക്കുകയോ ഒഴിവാക്കണമെന്നും, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തത്ക്ഷണം ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം, കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന് കര്‍ണാടക സ്റ്റേറ്റ് ട്രാവല്‍ ഓണേഴ്സ് അസോസിയേഷന് കേരള സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചു. മണ്ഡല മകരവിളക്ക് സീസണില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന ആവശ്യവുമായി മുഖ്യ മന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിനും സംഘടന കത്തയച്ചിട്ടുണ്ട്. ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.
Health
‘ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്; അമേരിക്കന്‍ ആരോഗ്യമേഖലയെ കടത്തിവെട്ടിയെന്നൊക്കെയാണ് പറയുന്നത്’; ഷിബു ബേബി ജോണ്‍
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുള്ള ഇന്‍ഡിക്കേറ്ററായി മാറുമെന്ന് ഷിബു ബേബി ജോണ്‍. ജനത്തില്‍ നിന്ന് ഒരുപാട് അകന്നാണ് ഇടതുമുന്നണി സഞ്ചരിക്കുന്നതെന്നും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തുന്ന വിധത്തില്‍ ഒരു മുന്നേറ്റം യുഡിഎഫ് നടത്തുമെന്നും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും പ്രാദേശിക വിഷയങ്ങളാണ് പരിഗണനയില്‍ വരുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയം അതില്‍ പ്രതിഫലിക്കും. അതിന്റെ അടിസ്ഥാനത്തില്‍ എന്നും ഇത്തവണ എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐക്യ ജനാധിപത്യ മുന്നണി ഇത്രയും മുന്നൊരുക്കം നടത്തി ഇത്രയും മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഒരു കാലം ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട അപസ്വരങ്ങള്‍ ഇല്ലെന്നൊന്നും ആരും അവകാശപ്പെടുന്നില്ല. ഇതിനേക്കാള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സിപിഎമ്മിന് ഉണ്ട്. സിപിഐ രണ്ട് തരത്തിലാണ് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നത്. കൊല്ലം ജില്ലയില്‍ പലസ്ഥലത്തും അവര്‍ക്ക് സ്ഥാനാര്‍ഥികളെ കിട്ടുന്നില്ല. അവതരിപ്പിക്കാന്‍ പറ്റുന്ന മുഖങ്ങള്‍ ഇല്ലാത്ത നിലയിലേക്ക് അവര്‍ക്ക് അവസ്ഥ ഉണ്ടായിരിക്കുന്നു. കേരളത്തില്‍ അങ്ങനെ അധികാരംവിഭജിച്ച് നില്‍ക്കുകയാണ് പല പ്രദേശത്തും. ആ നിലയിലേക്ക് ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്രയും ഒത്തൊരുമയോടുകൂടി ഒരിക്കലും യുഡിഎഫ് നീങ്ങിയിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് കൊല്ലം കോര്പ്പറേഷന് പിടിക്കണം എന്ന നിര്‍ബന്ധബുദ്ധിയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കോര്പ്പറേഷന് പിടിക്കാനുള്ള നേതൃപരമായ പങ്ക് ഞങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണ ഞങ്ങളുടെ ശക്തിക്കനുസരിച്ച് ഞങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ല. ഇത്തവണ അതുണ്ടാകും എന്നുള്ളതില്‍ ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസം തന്നെയാണ് – അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയേയും അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന് ആണെന്ന് തോന്നുന്നു. ഇന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖല അമേരിക്കയെ കടത്തിവെട്ടി എന്നൊക്കെയാണ്. നമുക്കൊന്നും അംഗീകരിക്കാനൊക്കാത്ത നിലയിലാണ് മെഡിക്കല്‍ കോളജുകളുടെ ഉള്‍പ്പടെ അവസ്ഥ. ഇതെല്ലാം സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ വലിയ ചലനം ഉണ്ടാക്കും – അദ്ദേഹം പറഞ്ഞു.
Health
വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു
ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു
തിരുവനന്തപുരം: കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു. ക്രിയാറ്റിൻ ലെവൽ കൂടിയതുകൊണ്ട് ആൻജിയോഗ്രാം സാധ്യമായില്ലെന്ന വാദം തെറ്റ്. ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. മെഡിക്കൽ കോളജ് സൂപ്രണ്ടും സമാന വാദം ഉന്നയിച്ചിരുന്നു. ക്രിയാറ്റിൻ കൂടിയതുകൊണ്ട് കൂടിയാണ് ആൻജിയോഗ്രാം സാധ്യമാകാതിരുന്നതെന്ന് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി വാദിച്ചിരുന്നു.
ഒരു മനുഷ്യന്റെ ശരീരത്തിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ക്രിയാറ്റിന്റെ അളവ് 1.4 എന്നതാണ്. വേണുവിന്റെ ക്രിയാറ്റിനിൽ ചെറിയൊരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, അടിയന്തരമായി ആൻജിയോഗ്രാം ചെയ്യുന്നതിൽ സാങ്കേതികമായി പ്രതിസന്ധികളൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നിട്ടും, ഇയാൾക്ക് എല്ലാവിധ ചികിത്സകളും നൽകിയെന്ന് മെഡിക്കൽ കോളജ് അധികൃതർ ആവർത്തിച്ചിട്ടും എന്തുകൊണ്ടാണ് ആൻജിയോഗ്രാം നൽകാതിരുന്നത് എന്ന ചോദ്യത്തിലേക്ക് വീണ്ടുമെത്തുകയാണ്. ആൻജിയോഗ്രാം നൽകാൻ സാധ്യമല്ലായിരുന്നുവെന്ന വിധി തെറ്റായിരുന്നുവെന്നാണ് ഈയൊരു പകർപ്പ് പുറത്ത് വന്നതോടെ തെളിഞ്ഞിരിക്കുന്നത്.
നേരത്തെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ വീഴ്ച ഉണ്ടായെന്നും ഭർത്താവിനെ കൊന്നതാണെന്നുമാവർത്തിച്ച് മരിച്ച വേണുവിൻറെ ഭാര്യ സിന്ധു രംഗത്തെത്തിയിരുന്നു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ മാത്യു ഐപ്പ് പറഞ്ഞു. സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് അധികൃതരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞത്.
ഭർത്താവിന് ആഞ്ജിയോഗ്രാം നിർദേശിച്ചിരുന്നു. ബുധനാഴ്ച മാത്രമേ തിരക്ക് കുറവുള്ളുവെന്ന് ഡോക്ടർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഡോക്ടർമാർ ഒന്നും വിശദീകരിച്ചില്ല.ആശുപത്രിയിൽ കട്ടിൽ പോലും നിഷേധിച്ചെന്നും ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും വേണുവിൻറെ ഭാര്യ ആവർത്തിക്കുന്നു. നിലത്ത് തുണി വിരിച്ചാണ് അറ്റാക്ക് വന്ന എൻറെ ഭർത്താവിനെ കിടത്തിയത്. അതവരുടെ അനാസ്ഥയല്ലേ?തീരെ വയ്യെന്ന് പറഞ്ഞപ്പോൾ, ഞാൻ നോക്കുന്ന പേഷ്യന്റ് അല്ല, മരുന്ന് തരാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞുവെന്നും സിന്ധു പറയുന്നു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports22 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india24 hours agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

