News

ഡോ.വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം

By Manya

March 21, 2026

കൊല്ലം: സംസ്ഥാനത്തെ നടുക്കിയ ഡോ. വന്ദന ദാസ് വധക്കേസില്‍ പ്രതിയായ സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജിയായ പി. എന്‍ വിനോദ് ആണ് ശിക്ഷ പ്രഖ്യാപിച്ചത്. 2023 മെയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടന്ന കൊലപാതകത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ശിക്ഷാവിധിയില്‍ വാദം നടന്നത്.

കേസിനെ ”അപൂര്‍വങ്ങളില്‍ അപൂര്‍വം” ആയി കണക്കാക്കി വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍, കുറ്റകൃത്യം മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ കോടതി പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, വധശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കണ്ടെത്തി.

പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന വാദവും കോടതി തള്ളി. മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സന്ദീപിന് മാനസിക അസ്വാസ്ഥ്യങ്ങളില്ലെന്ന് വ്യക്തമാക്കിയിരുന്നു. ശിക്ഷ വിധി കേള്‍ക്കാന്‍ വന്ദന ദാസിന്റെ മാതാപിതാക്കളും അന്വേഷണ ഉദ്യോഗസ്ഥരും കോടതിയില്‍ ഹാജരായിരുന്നു. പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ ഹാജരായി. കേസില്‍ 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.