അല്‍ഖൂസ് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട് കമ്പനിയിലെ മലയാളികളടക്കമുള്ള 25 ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. മലയാളിയായ രാഹുല്‍ കോവിത്തല താഴേവീട്ടി(34)ലിന്റെ പേരിലാണ് ഇവര്‍ ടിക്കറ്റെടുത്തത്.

കഴിഞ്ഞ 12 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന രാഹുല്‍ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട് കമ്പനിയില്‍ ഫിനാന്‍സ് ഓഫീസറാണ്. ഈ സംഘം കഴിഞ്ഞ നാല് വര്‍ഷമായി ടിക്കറ്റെടുത്ത് വരികയായിരുന്നു. ഇവരില്‍ കൂടുതല്‍ പേരും ബസ് ഡ്രൈവര്‍മാരാണ്.
1999 ല്‍ ആരംഭിച്ച ശേഷം ഈ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 178-ാമത്തെ ഇന്ത്യക്കാരാണ് രാഹുലും ടീമും. ഇന്നലെ രാത്രി ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് ശേഷമാണ് നറുക്കെടുപ്പ് നടന്നത്. കിരീടം ചൂടി റഷ്യന്‍ ടെന്നിസ് താരം അസ് ലന്‍ കറാസേവാണ് 353 സീരീസിലുള്ള 4960 നമ്പര്‍ വിജയ ടിക്കറ്റ് എടുത്തത്.