നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണയെ നേരിടാനൊരുങ്ങവെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ വാനോളം പുകഴ്ത്തി യുവന്റസിന്റെ അര്‍ജന്റീനക്കാരന്‍ ഫോര്‍വേഡ് പൗളോ ഡിബാല. ഫുട്‌ബോള്‍ ഫ്രാന്‍സുമായി സംസാരിക്കവെയാണ് ഡിബാല മനസ്സു തുറന്നത്.

‘റൊണാള്‍ഡീഞ്ഞോയെ ഞാന്‍ ഏറെ ആദരിക്കുന്നുണ്ട്. പക്ഷേ, ഞങ്ങളുടെ തലമുറക്ക് ലയണല്‍ മെസ്സി എന്നാല്‍ മറഡോണയെ പോലെയാണ്. അദ്ദേഹത്തിനൊപ്പം അര്‍ജന്റീനാ ടീമില്‍ കളിക്കുകയെന്നത് എനിക്കൊരു ബഹുമതിയാണ്. ഇക്വഡോറിനെതിരെ ഹാട്രിക് നേടി അദ്ദേഹം ഞങ്ങളെ ലോകകപ്പിനെത്തിച്ചു. ജന്മസിദ്ധമായ നേതൃഗുണം ഉണ്ട് മെസ്സിക്ക്…’ 24-കാരന്‍ പറഞ്ഞു.

ബ്രസീല്‍ – പി.എസ്.ജി താരം നെയ്മറിനൊപ്പം കളിക്കാനുള്ള ആഗ്രഹവും ഡിബാല പങ്കുവെച്ചു. ‘നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായി മെസ്സിക്കും റൊണാള്‍ഡോക്കും തൊട്ടുപിന്നാലെ നെയ്മര്‍ ഉണ്ട്. ഭാവിയില്‍ അദ്ദേഹം ആ നേട്ടം കൈവരിക്കും.’ ഫുട്‌ബോളര്‍ എന്ന നിലയില്‍ ഇനിയുമേറെ താന്‍ മെച്ചപ്പെടാനുണ്ടെന്നും ട്രോഫികള്‍ നേടുകയും ബാളന്‍ ഡിഓര്‍ നേടുകയുമാണ് സ്വപ്‌നമെന്നും ഡിബാല പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഡിയില്‍ ബാര്‍സലോണക്കു പിന്നിലായി രണ്ടാം സ്ഥാനത്താണ് യുവന്റസ്. സീസണിലെ ആദ്യ മത്സരത്തില്‍ ബാര്‍സ യുവെയെ എതിരില്ലാത്ത മൂന്നു ഗോളിന് വീഴ്ത്തിയിരുന്നു. മെസ്സി രണ്ട് ഗോളാണ് ആ മത്സരത്തില്‍ നേടിയത്. സ്വന്തം തട്ടകത്തില്‍ ജയം ലക്ഷ്യമിടുന്ന യുവന്റസിന് രണ്ടാം റൗണ്ടിലെത്തണമെങ്കില്‍ മികച്ച പ്രകടനം അനിവാര്യമാണ്.