കോഴിക്കോട്: മഹാനായ പുത്രന്റെ വിയോഗത്തില്‍ തേങ്ങുകയാണ് രാജ്യം. രാജ്യം ദര്‍ശിച്ച ഏറ്റവും മികച്ച മുസ് ലിം ഭരണാധികാരിയായി രാജ്യത്തിന്റെ സ്പന്ദനം ലോകത്തെ അറിയിച്ച വിശ്വ പൗരന്‍. ഇന്ന് പുലര്‍ച്ചെ 2-15ന് ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ വെച്ച് അന്തരിച്ച അദ്ദേഹത്തെ പരിചയമില്ലാത്ത മലയാളികളില്ല. ഇന്ന് പുലര്‍ച്ചെ വരെ അദ്ദേഹത്തോട് ലോഹ്യ ആസ്പത്രി അധികൃതരും കേന്ദ്ര സര്‍ക്കാരും സ്വീകരിച്ച നിലപാടില്‍ വ്യാപക വിമര്‍ശനമുയരുമ്പോഴും രാജ്യത്തിന്റെ വീരനായ പുത്രന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താന്‍ കഴിയില്ലെന്നാണ് ലോക നേതാക്കളും ദേശിയ നേതാക്കളും പറയുന്നത്. കണ്ണൂര്‍ സിറ്റിയില്‍ ജനിച്ച് വിശ്വത്തോളം വളര്‍ന്ന ജനനേതാവ്. മുനിസിപ്പല്‍ കൗണ്‍സിലറായി തുടങ്ങി ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ പ്രതിനിധി വരെ തിളങ്ങി നിന്ന ഔദ്യോഗിക ജീവിതം. മുസ്ലിം രാഷ്ട്രീയത്തിന്റെ കാതലും കരുത്തും ആഗോളതലത്തില്‍ വരെ എത്തിച്ച വിശ്വപൗരന്‍. ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസത്തിന്റെ കിരണമെത്തിച്ച മനുഷ്യ സ്നേഹി….വിശേഷണങ്ങള്‍ ഏറെയുണ്ട് കണ്ണൂരില്‍ നിന്നുദിച്ചുയര്‍ന്ന ഈ ഹരിത താരകത്തിന്. കരുത്തുറ്റ കാല്‍വെപ്പുമായി ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയത്തിലെത്തി. കണ്ണൂരിന്റെ മണ്ണില്‍ പിച്ചവെച്ചു നടന്ന ബാലന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ഏറെ പ്രതിസന്ധികള്‍ നേരിട്ട സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പോലും തളരാത്ത ആവേശത്തോടെ മുസ്ലിം ലീഗിനും സമുദായത്തിനും വേണ്ടി അദ്ദേഹം പോരാടി. പിന്നോക്കാവസ്ഥയിലായിരുന്ന ഒരു സമൂഹത്തിന് അടക്കപ്പെട്ട വാതിലുകള്‍ ഒന്നൊന്നായി തുറന്നു കൊടുത്തു. അടിച്ചമര്‍ത്തപ്പെട്ട ഒരു സമുദായത്തെ മുഖ്യധാരയിലെത്തിക്കാന്‍ കൈമെയ് മറന്നു പ്രവര്‍ത്തിച്ചു. കേന്ദ്ര മന്ത്രി പദത്തില്‍ പത്തു വര്‍ഷം തിളങ്ങി നിന്ന ഇ അഹമ്മദ് ഹരിത രാഷ്ട്രീയത്തിന് പുത്തനുണര്‍വേകി. 1991 മുതല്‍ 2014 വരെ പത്തു തവണ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. വിദേശകാര്യ മന്ത്രിയായിരിക്കെ ലോക രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ശക്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇറാഖില്‍ ബന്ദികളായ ഇന്ത്യക്കാരെ മോചിപ്പിച്ചതടക്കം സങ്കീര്‍ണ്ണമായ നിരവധി പ്രശ്നങ്ങള്‍ നയപരമായ നീക്കത്തിലൂടെ പരിഹരിച്ചു. അഭിമാനം പണയപ്പെടുത്താതെ നിരവധി പ്രതിസന്ധികളില്‍ നിന്നും രാജ്യത്തെ കരകയറ്റി. ലോകം ഉറ്റു നോക്കിയ ഈ വിഷയത്തില്‍ ഒരു പോറലുമേല്‍ക്കാതെ ബന്ദികളെ മോചിപ്പിക്കാനായത് അദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയുടെ വിജയമായിരുന്നു. ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രത്യേക ദൂതനായി ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറാഫാത്തുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേല്‍ കുരുതിക്കളമാക്കിയ ഫലസ്തീനില്‍ മരുന്നും വസ്ത്രവും ഭക്ഷണവുമടങ്ങുന്ന സഹായങ്ങളെത്തിച്ചു. ലോകത്ത് ഏറ്റവും പ്രശസ്തനായ ഇന്ത്യന്‍ നേതാക്കളിലൊരാളായ അദ്ദേഹം അറബ് ലോകത്തിനും ഏറെ പ്രിയങ്കരനായിരുന്നു. നിരവധി തവണ കഅ്ബ കഴുകല്‍ ചടങ്ങില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനും ഹജ്ജ് സംഘത്തെ നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഹജ്ജ് വകുപ്പ് കൈകാര്യം ചെയ്ത കാലത്താണ് ഹജ്ജാജിമാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമായതും ഹജ്ജ് ക്വാട്ടയില്‍ വര്‍ദ്ധനവുണ്ടായതും. 2009-2011 കാലയളവില്‍ റെയില്‍വെ സഹമന്ത്രിയായതോടെ ഇന്ത്യയുടെ റെയില്‍വെ ഭൂപടം തന്നെ മാറ്റി വരച്ച വികസനം സാധ്യമായി. അവഗണിക്കപ്പെട്ട കേരളത്തിന് പച്ചക്കൊടി കാട്ടിയത് നിരവധി തവണ. നഗരസഭാ കൗണ്‍സിലര്‍ മുതല്‍ കേന്ദ്രമന്ത്രി പദം വരെ അധികാരത്തിന്റെ ഉന്നതങ്ങളിലെത്തിയ ഈ ജനകീയ നേതാവ് എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെട്ടത് നഗരസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച പഴയകാലം. 1979 മുതല്‍ നാലു വര്‍ഷം കണ്ണൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു അദ്ദേഹം. പിന്നീട് എം.എല്‍.എയും മന്ത്രിയുമായ ശേഷം വീണ്ടും നഗരസഭാ കൗണ്‍സിലിലേക്ക് മത്സരിച്ച് പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമായി മാറി. എം.എല്‍.എ ആയിരിക്കെ തന്നെയാണ് അദ്ദേഹം മുക്കടവ് വാര്‍ഡില്‍ നിന്നും വീണ്ടും മത്സരിച്ച് ജയിക്കുന്നത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയായിരിക്കെ യായിരുന്നു ജനപ്രതിനിധിയായുള്ള ഈ വരവ്. തുടര്‍ന്ന് നഗരസഭാ ചെയര്‍മാനുമായി. 1982 ല്‍ താനൂരില്‍ നിന്ന് മത്സരിച്ച് ജയിച്ച് വ്യവസായ മന്ത്രിയായി. പിന്നീട് 1988 ല്‍ വീണ്ടും കണ്ണൂര്‍ നഗരസഭയിലേക്ക് ജയിച്ചു കയറി. മൂന്നു തവണ എംപിയും പിന്നീട് കേന്ദ്രമന്ത്രിയുമായി. സുന്ദരമായ രാഷ്ട്രീയ ഓര്‍മ്മകള്‍ നഗരസഭാ ചെയര്‍മാനായിരിക്കുന്നതാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.