കോഴിക്കോട്: പ്രിയ നേതാവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ പാര്‍ട്ടി ആസ്ഥാനത്ത് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ മൃതദേഹം ലീഗ് ഹൗസില്‍ എത്തിക്കുമ്പോള്‍ സൂചി കുത്താനിടമില്ലാത്ത തരത്തിലായിരുന്നു ജനങ്ങള്‍ തടിച്ചു കൂടിയത്. പ്രമുഖരടക്കം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരും ആബാല വൃദ്ധം പാര്‍ട്ടി പ്രവര്‍ത്തകരും അവസാന നോക്കു കാണാനെത്തി.ഇഷ്ട കര്‍മ്മ ഭൂമിയായ മലബാറിന്റെ ആസ്ഥാന നഗരി ഇ അഹമ്മദിന് ഹൃദയപൂര്‍വ്വമാണ് വിട നല്‍കിയത്. വൈകിട്ട് നാലു മണിയോടെ തന്നെ ലീഗ് ഹൗസ് പരിസരം ജനനിബിഡമായിരുന്നു.

റെഡ് ക്രോസ് റോഡില്‍ കിലോമീറ്ററുകള്‍ പ്രിയ നായകനെ അവസാനനോക്കു കാണാന്‍ ജനങ്ങള്‍ നിറഞ്ഞു കവിഞ്ഞു. മയ്യിത്ത് എത്തുമെന്ന് അറിയിച്ചിരുന്ന ഏഴോടെ ജനസാഗരമായി. രാത്രി 8.15 ഓടെ ലീഗില്‍ ഹൗസില്‍ എത്തിച്ച മയ്യിത്ത് പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പി.കെ.കെ ബാവ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.കെ മുനീര്‍, സി. മോയിന്‍കുട്ടി, ഉമ്മര്‍ പാണ്ടികശാല, എന്‍.സി അബൂബക്കര്‍, കെ.എം ഷാജി, പി.കെ ബഷീര്‍, പാറക്കല്‍ അബ്ദുല്ല തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി പൊതുദര്‍ശനത്തിനു വെച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ.പി ജയരാജന്‍, മന്ത്രി എ.കെ ശശീന്ദ്രന്‍, എ പ്രദീപ് കുമാര്‍ എം.എല്‍.എ, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, കോണ്‍ഗ്രസ് നേതാക്കളായ വി.എം സുധീരന്‍, എം.ഐ ഷാനവാസ് എം.പി, എം.കെ രാഘവന്‍ എം.പി, എം.എം ഹസന്‍, കെ ശബരിനാഥ്, കെ.സി അബു, അഡ്വ. ടി സിദ്ധീഖ്, വി.കെ ഇബ്രാഹിം കുഞ്ഞ്, എന്‍. ശംസുദ്ധീന്‍, വി.എം ഉമ്മര്‍ മാസ്റ്റര്‍, ടി.ടി ഇസ്മാഈല്‍, ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി, എം റഹ്മത്തുല്ല, വനിതാ ലീഗ് നേതാക്കളായ അഡ്വ. നൂര്‍ബിന റഷീദ്, അഡ്വ. പി കുല്‍സു, തുടങ്ങിയവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. എം.സി മായിന്‍ഹാജി,

എം.എ റസാഖ് മാസ്റ്റര്‍, സി.പി ചെറിയ മുഹമ്മദ്, എം.പി നവാസ്, കെ മൊയ്തീന്‍ കോയ, ഡോ. ആസാദ് മൂപ്പന്‍, വി.കുഞ്ഞാലി, കെ വേണു, എം.ടി പത്മ, മീരദര്‍ശക്, പി.വി ചന്ദ്രന്‍, മുക്കം മുഹമ്മദ്, തുടങ്ങിയവരും പോഷക സംഘടനാ ഭാരവാഹികളും കെ.എം.സി.സി നേതാക്കളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വാഗ്‌ദോരണികൊണ്ട് ജനലക്ഷങ്ങളെ ഇളക്കിമറിച്ച നേതാവിനെ അവസാന നോക്കുകാണാന്‍ കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളാണ് നമസ്‌കാരത്തില്‍ പങ്കുകൊണ്ടത്. മയ്യിത്ത് നമസ്‌കാരത്തിന് മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.