ക്ടോബര്‍ മുപ്പതിന് ഉച്ചയോടെ കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ ഉറ്റവരും കിടപ്പാടവും സ്വത്തുവകകളും നഷ്ടപ്പെട്ട സഹോദരങ്ങളുടെ കണ്ണീരൊപ്പുന്നതിന് മന്ത്രിസഭ ഇന്നലെ പ്രഖ്യാപിച്ച സഹായക്കൂട മാതൃകാപരം തന്നെ. മരിച്ചവരുടെ കുടുംബത്തിന് ഇരുപതുലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനം സാമ്പത്തിക പ്രതിസന്ധിക്കിടെ കഠിനതരം തന്നെയെങ്കിലും പാക്കേജ് പ്രഖ്യാപിച്ചതുകൊണ്ടുമാത്രം തീരാത്ത തരത്തിലുള്ള പ്രയാസങ്ങളാണ് നാലു ജില്ലകളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഓഖിയെ തുടര്‍ന്ന് മരിച്ച മലയാളികളുടെ സംഖ്യ മുപ്പതിലധികം വരുമെന്നാണ് സര്‍ക്കാര്‍ വിവരം. കാണാതായവരുടെ എണ്ണം 92. എന്നാല്‍ ഇരുന്നൂറിലധികം പേരെ തീരത്തുനിന്ന് കാണാനുണ്ടെന്നാണ് ലത്തീന്‍ രൂപത അടക്കമുള്ളവര്‍ നല്‍കുന്ന അനൗദ്യോഗിക കണക്ക്. എന്തുതന്നെ നല്‍കിയാലും കുടുംബത്തിന്റെ എല്ലാമെല്ലാമായ ജീവന് അതൊന്നും പകരംവെക്കാനാവില്ലെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. ഈ ദുരന്ത നിമിഷങ്ങളില്‍ പരസ്പരകുറ്റപ്പെടുത്തല്‍ വേണ്ടെന്നു പറയുന്ന മുഖ്യമന്ത്രി പ്രശ്‌നത്തില്‍ മാധ്യമങ്ങളോട് ആത്മപരിശോധന നടത്താന്‍ ഉപദേശിച്ചിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ഈ അധ്യായത്തിലാകെ ആത്മപരിശോധന നടത്തേണ്ടത് കേരളത്തിലെ മുഖ്യമന്ത്രിയും സര്‍ക്കാരും തന്നെയല്ലേ ?

പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതിലപ്പുറമുള്ള വിശാലമായ ലക്ഷ്യങ്ങള്‍ ആധുനിക ക്ഷേമ രാഷ്ട്ര സങ്കല്‍പത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും നമ്മുടെ തീര കേരളത്തിലെ നിരാലംബരായ മനുഷ്യര്‍ കഴിഞ്ഞ ഏഴു ദിവസമായി ഒരു ജനാധിപത്യ സര്‍ക്കാരിനോട് ചോദിച്ചുകൊണ്ടിരിക്കുന്നത് ഏതെങ്കിലും ക്ഷേമ പദ്ധതികളല്ല. അവരുടെ മക്കളും സഹോദരങ്ങളും ഭര്‍ത്താക്കന്മാരും കടലില്‍ ഉപജീവനത്തിനുവേണ്ടി പോയിട്ട് ഒരാഴ്ചയിലധികമാകുന്നു. പിഞ്ചുകുഞ്ഞുങ്ങളെ മടിയിലിരുത്തി രാപ്പകല്‍ ക്യാമ്പുകളില്‍ പോലും പോകാതെ കടലോരത്ത് കണ്ണും നട്ടിരിക്കുകയാണ് കുടുംബിനികളും വൃദ്ധരും. സാധാരണഗതിയില്‍ നാലുദിവസത്തിലധികം കടലില്‍ നില്‍ക്കാത്ത മീന്‍പിടുത്തക്കാര്‍ക്ക് ഭക്ഷണവും കുടിവെള്ളം പോലുമില്ലാതെ എങ്ങനെ കഴിയാനാകും. ഓഖി തിരകളെ വെല്ലുന്ന തീക്കാറ്റാണ് ഇവരുടെ നെഞ്ചില്‍ വീശിയടിക്കുന്നുണ്ടാവുക. നിരവധി പേരെ നാവിക, തീര സംരക്ഷണ സേനകളും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷിച്ചെങ്കിലും ഇതിലൊന്നും സംസ്ഥാന സര്‍ക്കാരിന് കാര്യമായ പങ്ക് നിര്‍വഹിക്കാനായിട്ടില്ലെന്നതാണ് നേര്. ഏത് ദുരന്തത്തിലും മിനിറ്റുകള്‍ക്കകം തുറക്കേണ്ട കണ്‍ട്രോള്‍ റൂമുകള്‍ പോലും തുറന്നത് അഞ്ചാം ദിവസമാണ്. ആറു കിലോമീറ്ററകലെയുള്ള മുഖ്യമന്ത്രി എത്തിയത് നാലാം ദിനവും. മുഖ്യമന്ത്രിയുടെ ഈ പെരുമാറ്റത്തിന് മറുപടി വി.എസ് അച്യുതാനന്ദന്‍ തന്നെ തന്നിട്ടുണ്ട്.

ദുരന്തങ്ങളുണ്ടായിക്കഴിഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനമാണ് പ്രധാനമെന്നതുശരിതന്നെ. എന്നാല്‍ ജനങ്ങളുടെ ചെലവില്‍ പ്രവര്‍ത്തിക്കുന്ന, ഉത്തരവാദിത്തപ്പെട്ട ഭരണ സംവിധാനങ്ങള്‍ക്ക് അവരെ തിരിച്ചെത്തിക്കാന്‍ സഹായിക്കാന്‍ പോലുംകഴിയാതെ വന്നുവെന്ന സത്യം മാധ്യമങ്ങള്‍ മൂടിവെക്കണമെന്നു പറയുന്നതിലെ യുക്തിയെന്താണ്. തമിഴ്‌നാട് തീരത്തെ കന്യാകുമാരിയില്‍ ഇതേസമയം ആഞ്ഞടിച്ച കാറ്റില്‍ പത്തോളം പേര്‍ മാത്രമേ മരിക്കാനിട വന്നിട്ടുള്ളൂവെന്ന സാഹചര്യത്തില്‍ നിന്നുവേണം കേരളത്തിന്റെ അലംഭാവത്തെ വിലയിരുത്താന്‍. ഒക്ടോബര്‍ മുപ്പതിന് ഉച്ചക്കാണ് ചുഴലിക്കാറ്റാണ് വരുന്നതെന്ന വ്യക്തമായ മുന്നറിയിപ്പ് കിട്ടിയതെന്നും രാവിലെ തന്നെ മീന്‍പിടുത്തക്കാര്‍ കടലിലേക്ക് പോയെന്നുമാണ് മുഖ്യമന്ത്രി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. എങ്കില്‍ 23 മുതല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി വീശുന്നതിന്റെ ഭൂപട സഹിതമുള്ള കാലാവസ്ഥാവകുപ്പിന്റെ സന്ദേശങ്ങള്‍ ഏത് ബധിരകര്‍ണങ്ങളിലാണ് പതിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതായിരുന്നു. 28നും 29നും കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റിക്ക് വിവരം നല്‍കിയെന്ന് പറയുന്ന കാലാവസ്ഥാവകുപ്പിന്റെ വെളിപ്പെടുത്തല്‍ ഒരു മുഖ്യമന്ത്രി തള്ളിക്കളയുന്നതിന്റെ അടിസ്ഥാനമെന്താണ്. ഇനി ചുഴലിക്കാറ്റാണെന്ന് മനസ്സിലായില്ലെന്നുതന്നെ വെക്കുക. എന്നാലും ന്യൂനമര്‍ദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെച്ചുകൊണ്ടുതന്നെ മല്‍സ്യത്തൊഴിലാളികളെ ജാഗരൂകമാക്കാന്‍ കഴിയുമായിരുന്നുവെന്ന സത്യം മുഖ്യമന്ത്രി മന:പൂര്‍വം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണോ. ഇനി മുന്നറിയിപ്പ് കിട്ടിയ മുപ്പതിന് ഉച്ചക്ക് 12ന് ശേഷം പിറ്റേന്ന് മാത്രമല്ലേ കേന്ദ്ര സംവിധാനങ്ങളെ വിവരമറിയിക്കാനും രക്ഷാപ്രവര്‍ത്തനം നടത്താനും സംസ്ഥാന സര്‍ക്കാരിനായുള്ളൂ. ഇതിനകമായിരിക്കണം ഏറ്റവും കൂടുതല്‍ ജീവനുകള്‍ കടലില്‍ പൊലിഞ്ഞത്. സന്ദേശം അയച്ചുവെന്നുവരുത്തി ഉറങ്ങാന്‍പോയ കാലാവസ്ഥാ വിദഗ്ധര്‍ക്കുമുണ്ട് ഇതിലുത്തരവാദിത്തം. നേവിയുടെയും തീരസേനയുടെയും കപ്പലടക്കമുള്ള സംവിധാനങ്ങള്‍ വെറും അമ്പതുവരെ നോട്ടിക്കല്‍ മൈലുകള്‍ക്കപ്പുറത്തേക്ക് പകല്‍മാത്രം പോയപ്പോള്‍ ഉറ്റവരെ കണ്ടെത്താനായി ജീവന്‍ പണയംവെച്ച് കടലോര വാസികള്‍ക്ക് സ്വന്തം ബോട്ടുകളുമായി കലിതുള്ളുന്ന കടലിലേക്ക് നൂറും നൂറ്റമ്പതും നോട്ടിക്കല്‍ മൈലുകളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടിവന്നതെന്തുകൊണ്ടായിരുന്നു. അങ്ങനെ പോയവരില്‍ പലരും ഇന്നും തിരിച്ചെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ദുരിതാശ്വാസമുള്‍പ്പെടെ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും വലിയ പങ്കുണ്ട്. കൊച്ചിയില്‍ നിന്നുള്ള കപ്പല്‍ സര്‍വീസ് പുനരാരംഭിച്ചിട്ടും ലക്ഷദ്വീപിലേക്ക് പോകാന്‍ കഴിയാതെ ഇപ്പോഴും നൂറിലധികം പേര്‍ കോഴിക്കോട്ട് കഴിയുന്നു.

ദുരന്തം നടന്നശേഷം വിലപിക്കുന്നതിനുപകരം ഭാവിയില്‍ ഇതാവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചാണ് പരിഷ്‌കൃത സമൂഹം ചിന്തിക്കേണ്ടത്. സംഭവിച്ച നാശനഷ്ടങ്ങള്‍ക്കുപരി ഇനിയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്തവരുടെ വിലാപം തീര്‍ക്കുകയാണ ്പ്രധാനം. കൊച്ചി, ചെല്ലാനം മുതലായപ്രദേശങ്ങളില്‍ മൂന്നു കിലോമീറ്ററോളം പ്രദേശത്ത് വീടുകള്‍ വെള്ളവും മണലും കക്കൂസ് മാലിന്യങ്ങളും കയറി കിടക്കുകയാണ്. അവരുടെ മുന്നില്‍ മരണമടഞ്ഞവരുടെ പേരില്‍ നല്‍കുന്ന ലക്ഷങ്ങള്‍ ഒന്നുമാകില്ല. ഇവിടെയും കൊല്ലത്തെയും പൂന്തുറയിലെയും വിഴിഞ്ഞത്തെയും മനുഷ്യരുടെ പുനരധിവാസവും തുടര്‍ വരുമാനവും ഉറപ്പുവരുത്താനുള്ള സംവിധാനം ഉണ്ടാകണം. മല്‍സ്യം കുറഞ്ഞുവരുന്നുവെന്ന ആധിക്കിടെ ഭാവിയിലെ ബദല്‍ വരുമാനങ്ങള്‍ ഉറപ്പു നല്‍കുംവിധമുള്ള തൊഴില്‍ സംരംഭങ്ങള്‍ ഇവര്‍ക്കായി ഒരുക്കാന്‍ കഴിയണം. സന്നദ്ധ സംഘടനകളും കുടുംബശ്രീയും സര്‍ക്കാരും ഒത്തുപിടിച്ചാല്‍ ഇത് സാധിക്കും. അതോടൊപ്പം കടല്‍തീരം പതിയെ ഉയര്‍ന്നുവരികയാണെന്ന ശാസ്ത്രീയ സത്യം ഉള്‍ക്കൊണ്ടുകൊണ്ട് തീരവാസികളെ വിദൂരങ്ങളിലേക്ക് പുനരധിവസിപ്പിക്കാനുള്ള മാര്‍ഗങ്ങളും ആരായേണ്ടതുണ്ട്. പുലിമുട്ട്, കടല്‍ഭിത്തി പോലുള്ളവയില്‍ നിന്ന് മാറിചിന്തിക്കാന്‍ തീരവാസികളും ശ്രദ്ധിക്കണം. തീരദേശത്തെ ബഹുഭൂരിപക്ഷം വരുന്ന ഇടതുപക്ഷ, വോട്ടുബാങ്ക് താല്‍പര്യങ്ങള്‍ ഇതിന് തടസ്സമായിക്കൂടാ. ഓരോ കടല്‍ക്ഷോഭത്തിലും ചെലവഴിക്കപ്പെടുന്ന കോടികളുടെ പാക്കേജുകള്‍കൊണ്ട് ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയും. താല്‍കാലികമായി പ്രതിഷേധം അടക്കാനുള്ള കറന്‍സികളുടെ മേമ്പൊടിക്കപ്പുറമായിരിക്കണം തീരമേഖലയിലെ ഭാവിനടപടികള്‍.