ഗൗരി ലങ്കേഷിനെ കുറിച്ച് സംസാരിച്ചപ്പോള്‍ നടന്‍ പ്രകാശ് രാജിന് വികാര വിക്ഷോഭമുണ്ടായാല്‍ അത്ഭുതപ്പെടാനില്ല. അവരുമായി നല്ല ബന്ധം പ്രകാശിനുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് വ്യക്തമായിരുന്നു. ഗൗരി ലങ്കേഷിനെ ആരാണ് വധിച്ചത് എന്നത് നമുക്ക് കണ്ടുപിടിക്കാന്‍ പ്രയാസമുണ്ടായിരിക്കാം. പക്ഷെ അവരുടെ മരണത്തെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും ആഘോഷിക്കുന്നവരെ നമുക്ക് അറിയാമല്ലോ. അവര്‍ പരസ്യമായി ആഹ്ലാദം പ്രകടിപ്പിക്കുന്നു. അവരില്‍ ഒട്ടേറെ പേരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹ്യ മാധ്യമങ്ങളില്‍ ഫോളോ ചെയ്യുന്നു. പ്രധാനമന്ത്രി മിണ്ടുന്നില്ല. മോദിയുടെ മൗനം ഭയാനകമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് മികച്ച അഭിനയമാണെന്നും അഭിനയത്തിന് എനിക്ക് ലഭിച്ച അഞ്ചു ദേശീയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് നല്‍കുകയാണെന്നും പ്രകാശ് രാജ് പറഞ്ഞാല്‍ അതിനര്‍ഥം പ്രകാശ് രാജ് ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പിക്കുകയാണെന്ന് വ്യാഖ്യാനിക്കുന്നതാണ് ഇന്നത്തെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരു വശം. മോദി മാധ്യമങ്ങളാണ് കഴിഞ്ഞ ആഴ്ച ബംഗളൂരുവില്‍ തെന്നിന്ത്യന്‍ സിനിമാതാരം പ്രകാശ് രാജ് നടത്തിയ പരാമര്‍ശത്തെ പുരസ്‌കാര ഘര്‍വാപസിയായി പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അത് നിഷേധിക്കേണ്ടിവന്നു. അഭിനയ കലക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കാന്‍ ഞാന്‍ വിഡ്ഢിയല്ലെന്നും പ്രധാനമന്ത്രിയുടെ മൗനത്തിലെ എന്റെ ആശങ്കയില്‍ വ്യത്യാസമില്ലെന്നും പ്രകാശ് രാജ് വ്യക്തത വരുത്തി. അപ്പോഴേക്കും പ്രധാന മന്ത്രിയെ അപമാനിച്ചുവെന്ന് പറഞ്ഞ് ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ സ്വകാര്യ പരാതി വരുന്നു, പൊലീസ് കേസെടുക്കുന്നു. സംഘ്പരിവാറിന്റെ സ്ഥിരം പരിപാടികളിലൊന്നാണിത്. സംഭവം എവിടെ നടന്നാലും പരാതി നല്‍കുകയും കേസെടുപ്പിക്കുകയും ചെയ്യുക എന്ന തന്ത്രം വിമര്‍ശിക്കുന്നവരുടെ എണ്ണം കുറക്കുമെന്നതില്‍ തര്‍ക്കമില്ല. പ്രകാശിന്റെ വ്യക്ത വരുത്തലിനിടയില്‍ പുരസ്‌കാരം തിരിച്ചുകൊടുക്കുന്നവര്‍ വിഡ്ഢികളാണെന്ന വ്യാഖ്യാനത്തിന് ഇടവന്നിട്ടുണ്ട്. ആര്‍ക്ക് എന്തു തോന്നുന്നുവെന്നത് പലപ്പോഴും കാര്യമാക്കാത്തയാളാണ് ഇദ്ദേഹം. തെലുങ്കു സിനിമാ നിര്‍മാതാക്കള്‍ ആറു തവണയാണ് പ്രകാശ് രാജിനെ നിരോധിക്കുന്നത്. 12 മണിക്കേ സെറ്റിലെത്തൂവെന്ന വാശിയായിരുന്നു കാരണം. കന്നട പ്രേമികള്‍ക്ക് മുമ്പില്‍ മനമില്ലാ മനസ്സോടെയാണെങ്കിലും വഴങ്ങേണ്ടിവന്നിട്ടുണ്ട്. ഹിന്ദി സിനിമ സിങ്കത്തിലാണ്. കര്‍ണാടക അതിര്‍ത്തിയിലെ ആള്‍ക്കാരെ ഗുണ്ടകളാക്കി ചിത്രീകരിച്ചുവെന്നായിരുന്നു ആരോപണം. മറാത്തക്കാരനായ കഥാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് പ്രകാശ് രാജ് വെളിപ്പെടുത്തിയിട്ടും പ്രതിഷേധക്കാര്‍ വഴങ്ങാതായപ്പോള്‍ പ്രമുഖര്‍ ഇടപെട്ട് തീര്‍ത്തു. ആ ഡയലോഗുകള്‍ ഉപേക്ഷിക്കുകയായിരുന്നു. ഒങ്കോല ഗീതയില്‍ നഗ്നനായി അഭിനയിച്ചതും വിവാദമായി. സിനിമക്ക് ആവശ്യമായതുകൊണ്ടാണ് അങ്ങനെ അഭിനയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും പ്രദര്‍ശിപ്പിക്കാന്‍ തടസ്സമുണ്ടായില്ല.
ഇരുവര്‍ എന്ന മണിരത്‌നം ചിത്രത്തില്‍ കരുണാനിധിയെ അവതരിപ്പിച്ച പ്രകാശ് രാജ് കന്നഡിഗനാണ്, യുക്തിവാദിയുമാണ്. ബംഗളൂരുവിലാണ് ജനനം. ബംഗളൂരു സെന്റ് ജോസഫ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ കൂട്ടുകൂടി ക്ലാസ് കട്ട് ചെയ്ത് നടക്കുന്നത് കണ്ട് അധ്യാപകര്‍ പറഞ്ഞു, ഇതു നിനക്ക് പറഞ്ഞ പണി അല്ലെന്ന്. നഴ്‌സായ അമ്മയാണ് പ്രകാശ് രാജിന്റെ പഠനച്ചെലവ് പൂര്‍ണമായും വഹിച്ചുകൊണ്ടിരുന്നത്. അമ്മയെ അറിയിക്കാതെ കോളജ് വിട്ടിറങ്ങിയ ഇദ്ദേഹം കലാക്ഷേത്രത്തില്‍ ചേര്‍ന്നു. കന്നഡ ചിത്രങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും ചെറിയ വേഷങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. കന്നഡക്കാര്‍ക്ക് ഇന്നും പ്രകാശ് റായ് ആയ ഇദ്ദേഹത്തെ തമിഴ് സിനിമാ സംവിധായകനായ ബാലചന്ദറിന് പരിചയപ്പെടുത്തുന്നത് കന്നഡ നടി ഗീതയാണ്. അതു വെറുതെയായില്ല. ബാലചന്ദറിന്റെ ഡുവോ എന്ന ചിത്രത്തില്‍ നല്ല വേഷം കിട്ടി. ആദ്യം കിട്ടിയവയെല്ലാം വില്ലന്‍ വേഷങ്ങളായിരുന്നെങ്കിലും നടനത്തിലെ പ്രത്യേകത കാരണം വില്ലന്‍ വേഷങ്ങള്‍ ശ്രദ്ധേയങ്ങളായി. പിന്നെ നിരാശക്ക് ഇടം കിട്ടിയിട്ടില്ല. സംവിധായകന്‍, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഏതാനും ഹിന്ദി ചിത്രങ്ങളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കന്നഡയാണ് മാതൃഭാഷ. തമിഴ്, തെലുഗു, തുളു, മലയാളം, മറാത്തി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ കൈകാര്യം ചെയ്യുന്ന പ്രകാശ് മിക്ക സിനിമകളിലും സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കുന്നു. ഇരുവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യം ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. മികച്ച സഹനടനെന്ന നിലയിലായിരുന്നു.
ഒളിച്ചോടാന്‍ താന്‍ ഭീരുവല്ലെന്ന് പ്രധാനമന്ത്രിക്കെതിരായ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ട്രോളാനിറങ്ങിയവരോട് പ്രകാശ് രാജ് പറഞ്ഞു. സത്യം അതെവിടെയായാലും പറയുക തന്നെ ചെയ്യും. പ്രധാനമന്ത്രിയോട് നേരിട്ട് പറയാനും തയ്യാര്‍. മോദി ഒരു പാര്‍ട്ടിയുടെ പ്രധാനമന്ത്രിയല്ല. ഞാനടക്കമുള്ള ഇന്ത്യക്കാരുടെ പ്രധാനമന്ത്രിയാണ്. അതുപറയാനുള്ള സ്വാതന്ത്ര്യം രാജ്യം അനുവദിക്കുന്നുണ്ടെന്നിരിക്കെ പ്രശ്‌നമില്ല. സത്യത്തിന്റെയും നീതിയുടെയും കാവല്‍ക്കാരനാകാന്‍ ചരടുവലിക്കുന്ന കമലാഹാസന്‍ പോലും പ്രധാനമന്ത്രിക്കെതിരായ അഭിപ്രായത്തില്‍ പിന്നീട് വെള്ളം ചേര്‍ത്തി. രജനീകാന്താകട്ടെ ബി.ജെ.പി നേതൃത്വത്തിന്റെ വിളിപ്പുറത്ത് നില്‍ക്കുകകൂടി ചെയ്യുമ്പോഴാണ് പ്രകാശ് നട്ടെല്ലോടെ ജനാധിപത്യാവകാശങ്ങള്‍ എടുത്തുപറയുകയും അതിന്റെ വക്താവാകുകയും ചെയ്യുന്നത്.