തിരുവനന്തപുരം പേരൂര്‍ക്കടയില്‍ 1968ല്‍ പ്രവര്‍ത്തമാരംഭിച്ച കേരള ലോ അക്കാമദി നിയമ കോളജിലെ പ്രിന്‍സിപ്പലിനെ മാറ്റിയേ തീരൂ എന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം പൊതു പ്രശ്‌നമായി ഉയര്‍ന്നു വന്നിട്ടും കേരളം ഭരിക്കുന്ന സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്നത് നാടിനെയാകെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു.

ആയിരത്തിലധികം നിയമ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജില്‍ മാനേജ്‌മെന്റിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളതെന്നിരിക്കെ മൂന്നാഴ്ച പിന്നിടുമ്പോഴും അഴകൊഴമ്പന്‍ നിലപാടുമായി സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഭരണകക്ഷിയായ സി.പി.എമ്മും മുന്നോട്ടു പോകുമ്പോള്‍ സൂചി കൊണ്ടെടുക്കാവുന്ന പ്രശ്‌നത്തെ മഴു കൊണ്ടുപോലും എടുക്കാന്‍ കഴിയാത്ത രീതിയില്‍ വഷളാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ക്ക് ഒഴിഞ്ഞു മാറാനാവില്ല.
സംസ്ഥാനത്തെ ചില സ്വാശ്രയ കോളജുകളിലെ അതിനിഷ്ഠൂരമായ വിദ്യാര്‍ഥി വിരുദ്ധ നടപടികളുടെ തുടര്‍ച്ചയായാണ് കേരള ലോ അക്കാദമിയിലെ പ്രിന്‍സിപ്പലിന്റെ ക്രൂരതകളും പുറന്തള്ളിവന്നത്. വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ 20 ദിവസമായി നടത്തിവരുന്ന സമരത്തിന് അഭിവാദ്യവും പിന്തുണയുമായി കേരളത്തിലെ മിക്കവാറുമെല്ലാ രാഷ്ട്രീയ കക്ഷികളും രംഗത്തു വന്നിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം പ്രശ്‌നത്തെ നിസ്സാരവത്കരിച്ച് ഇതൊരു വിദ്യാര്‍ഥി പ്രശ്‌നം മാത്രമാണെന്ന് പ്രസ്താവനയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നത്.

വിദ്യാര്‍ഥികളുടെ ആവശ്യം രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല, വി.എസ് അച്യുതാനന്ദന്‍, വി.എം സുധീരന്‍, പി.കെ കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കളെല്ലാം കോളജിനു മുന്നിലെ സമരപ്പന്തലിലെത്തുകയുണ്ടായി. ബി.ജെ. പി നേതാവ് വി. മുരളീധരന്‍ കഴിഞ്ഞ അഞ്ചുദിവസമായി ഉപവാസ സമരത്തിലാണ്. കോണ്‍ഗ്രസ് എം.എല്‍.എ കെ. മുരളീധരനും നാളെ മുതല്‍ നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള സര്‍വകലാശാലയുടെ കീഴിലുള്ളതെന്നു പറയുന്ന ഈ കോളജിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയുക്തമായ സിന്‍ഡിക്കേറ്റ് ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുട്ടികള്‍ പ്രിന്‍സിപ്പലിനെതിരെ ഉന്നയിച്ച പരാതികളെല്ലാം ശരിയെന്നാണ് വ്യക്തമായിട്ടുള്ളത്. സിന്‍ഡിക്കേറ്റ് ഇത് അംഗീകരിച്ച് അഞ്ചുവര്‍ഷത്തേക്ക് പ്രിന്‍സിപ്പലിനെ പരീക്ഷയടക്കമുള്ള ചുമതലകളില്‍ നിന്ന് നീക്കുകയുണ്ടായി. എന്നാല്‍ പ്രതികാര മനോഭാവത്തോടെ കുട്ടികളോട് പെരുമാറുന്ന വനിതാ പ്രിന്‍സിപ്പല്‍ അതേ സ്ഥാനത്തു തുടരുന്നത് വീണ്ടും പ്രശ്‌നം വഷളാക്കുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

ഇത്രയും വിരോധം ഒരു ഗുരുവിനോട് ശിഷ്യര്‍ക്കുണ്ടെങ്കില്‍ പിന്നെയാര്‍ക്കാണ് അവരുടെ സിംഹാസനം താങ്ങാനിത്ര ഉല്‍സാഹം? ആദരവ് എന്നത് തനിയെ കിട്ടേണ്ടതാണ്, പിടുച്ചു വാങ്ങേണ്ടതല്ല.പരീക്ഷയുടെയും ഹോസ്റ്റലിന്റെയും ഇന്റേണല്‍ മാര്‍ക്കിന്റെയും ചുമതലയില്‍ നിന്ന് പ്രിന്‍സിപ്പലിനെ മാറ്റണമെന്ന സിന്‍ഡിക്കേറ്റ് നിര്‍ദേശം മുന്നോട്ടുവെച്ചതും നടപ്പാക്കിയതിനും പിന്നില്‍ സി.പി.എമ്മിന്റെ പ്രിന്‍സിപ്പലിനോടുള്ള ആഭിമുഖ്യമാണെന്ന പരാതിയാണിപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

വാസ്തവത്തില്‍ ഇതുകൊണ്ട് വിദ്യാര്‍ഥികള്‍ തൃപ്തിപ്പെട്ട് സമരത്തില്‍ നിന്ന് പിന്തിരിയുമെന്ന ്ധരിച്ചവര്‍ക്ക് എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളുടെയും പ്രത്യേകിച്ച് സി.പി.ഐയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെയും ശക്തമായ നിലപാടില്‍ തടഞ്ഞ് മുന്നോട്ടു പോകാന്‍ കഴിയാതാവുകയായിരുന്നു. സിന്‍ഡിക്കേറ്റിലെ സി.പി.എം പ്രതിനിധി റഹീം പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ കഴിയില്ലെന്ന് വാദിച്ചയാളായിരുന്നു. പുറത്താക്കാന്‍ സര്‍വ കലാശാലക്ക് അധികാരമില്ലെന്നാണ് അദ്ദേഹം വാദിക്കുന്നത്.

എന്നാല്‍ പരീക്ഷയും ഹോസ്റ്റലും ഇന്റേണല്‍ മാര്‍ക്കും അടക്കമുള്ള ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന ഒരു പ്രിന്‍സിപ്പലിന് എങ്ങനെയാണ് പിന്നെ ആ സ്ഥാനത്ത് തുടരാന്‍ കഴിയുക എന്ന ചോദ്യം ന്യായമാണ്. ഒരു കാരണവശാലും പ്രിന്‍സിപ്പലിനെ രാജിവെപ്പിക്കുക എന്നതിന് സി.പി.എം തയ്യാറല്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിദ്യാഭ്യാസ വകുപ്പു മന്ത്രിക്ക് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താനല്ലാതെ ഇക്കാര്യത്തില്‍ വ്യക്തമായൊരു നിലപാടെടുക്കാന്‍ കഴിയാതെ വന്നതിലെന്താണ് താല്‍പര്യം.

സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ ബന്ധുവാണ് പ്രിന്‍സിപ്പല്‍ എന്നതാണോ ഇതിനു പിന്നിലെ തടസ്സം. രാഷ്ട്രീയമില്ലെന്ന് ഇതിനെ എങ്ങനെയാണ് കോടിയേരിക്കല്ലാതെ പറയാന്‍ കഴിയുക. അക്കാദമി കോളജിന് സര്‍ക്കാര്‍ നല്‍കിയ ഭൂമിയെ സംബന്ധിച്ച തര്‍ക്കവും രൂക്ഷമാകുകയാണ്. 1968ല്‍ 11.49 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ലീസിന് തന്നതാണെന്ന വാദമാണ് അധികൃതര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് ഇതെങ്ങനെ നല്‍കിയെന്ന ചോദ്യവും പ്രസക്തമാണ്.

കോളജിന്റെ സര്‍വകലാശാലയിലെ അഫിലിയേഷന്‍ സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുകയാണ്. അഫിലിയേഷന്‍ ഇല്ലെന്നാണ് വിന്‍സന്റ് പാനിക്കുളങ്ങര എന്ന അഭിഭാഷകന്റെ വാദം. ഇതുസംബന്ധിച്ച് സുപ്രീം കോടതിയില്‍ വരെ കേസ് വരികയും അന്ന് ഒരു വിധ രേഖയും ഹാജരാക്കാന്‍ കോളജ് മാനേജ്‌മെന്റിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുമ്പോള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസം വെള്ളരിക്കാപ്പട്ടണത്തിലാണോ എന്നാണ് ജനം വിസ്മയം കൂറുന്നത്.
പ്രശ്‌നം പരിഹരിക്കാന്‍ പല തല അനുരഞ്ജനങ്ങള്‍ നടക്കുന്നതിനെ കുറ്റം പറയാനാവില്ലെങ്കിലും കോളജ് മാനേജ്‌മെന്റിനെ മാത്രം ഭരണ കകക്ഷിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തിയതിന് പിന്നിലെ ചേതോവികാരം പരാതിക്കാരായ വിദ്യാര്‍ഥികളുടെ അവിശ്വാസം വര്‍ധിപ്പിക്കുകയല്ലേ ചെയ്തുള്ളൂ. എ.കെ.ജി സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് കോടതിയില്‍ പോകുമെന്ന ഭീഷണിയാണ് മുഴക്കിയതെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയെങ്കില്‍ ഇനിയും സി.പി.എമ്മും മുഖ്യമന്ത്രിയും വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്ന തരത്തിലുള്ള പരിഹാരം ഉണ്ടാക്കുന്നതില്‍ എന്തിന് മടി കാണിക്കണം.

രാജ്യത്ത് പ്രധാനമന്ത്രിയെ വരെ പുറത്താക്കാന്‍ നിയമമുണ്ടായിരിക്കെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇനിയും എന്തിന് ഓച്ഛാനിച്ചു നില്‍ക്കണം. പരീക്ഷാ കാലമടുത്തിരിക്കെ ഇനിയും വിദ്യാര്‍ഥികളുടെ ഭാവി വെച്ച് പന്താടാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്. എത്രയും വേഗം സ്ഥാപനത്തെയും വിദ്യാര്‍ഥികളെയും രക്ഷിക്കണം. തിരുവില്വാമല പാമ്പാടി നെഹ്്‌റുഎഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 23 ദിവസമായിട്ടും നടപടിയെടുക്കാത്ത മുഖ്യമന്ത്രിക്കെതിരെ സി.പി.എം അനുഭാവിയായ മാതാവുതന്നെ പരസ്യ കുറ്റപത്രവുമായി രംഗത്തു വന്നതു മാത്രം മതി സംസ്ഥാന സര്‍ക്കാരിന്റെ ഈ രംഗത്തെ അലംഭാവത്തിനുള്ള ഒന്നാംതരം ഉദാഹരണം.