Connect with us

Video Stories

ലോകത്തെ വെല്ലുവിളിച്ച് ട്രംപ് കളി തുടങ്ങി

Published

on

കെ. മൊയ്തീന്‍കോയ

രാഷ്ട്രങ്ങള്‍ക്കും മത, ദേശ വിഭാഗങ്ങള്‍ക്കുമിടയില്‍ വിഭജന മതില്‍ നിര്‍മ്മിക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വര്‍ണവെറിയന്‍ നിലപാട് അമേരിക്കയെ ലോക സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നു. ഭ്രാന്തമായ ആവേശത്തില്‍ വൈറ്റ് ഹൗസില്‍ ഇരുന്ന് ‘ഇപ്പണി’യാണ് തുടരുന്നതെങ്കില്‍ സംശയമില്ല, ഈ വന്‍ ശക്തിയുടെ തകര്‍ച്ച തീര്‍ച്ച. ലോകാധിപത്യത്തിന് കമ്മ്യൂണിസം ആയുധമാക്കാന്‍ ശ്രമിച്ച സോവ്യറ്റ് യൂണിയന്റെ പതനം യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയെയും കാത്തിരിക്കുന്നു.

 

ട്രംപിന്റെ മുസ്‌ലിം വിലക്കിന് എതിരെ ലോകമെമ്പാടും പ്രതിഷേധം കത്തിജ്വലിക്കുകയാണ്. അമേരിക്കയിലെ പ്രധാന നഗരവീഥികള്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞൊഴുകുന്നു. അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് മുന്നില്‍ അമര്‍ഷ പ്രകടനം അനുസൃതം തുടരുന്നു. അഭയാര്‍ത്ഥികളെയും വിസയുള്ളവരെയും പുറത്താക്കാനുള്ള നീക്കം തടഞ്ഞ് ന്യൂയോര്‍ക്കിലെ ഡിസ്ട്രിക്ട് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത് ആശ്വാസകരമാണ്. ഇവ മറികടക്കാനുള്ള ശ്രമത്തിലാണത്രെ ട്രംപ് ഭരണകൂടം.

 

കറുത്തവനും വെളുത്തവനുമിടയിലെ മതില്‍ തകര്‍ക്കാന്‍ ശ്രമിച്ച മുന്‍കാല ഭരണകൂടങ്ങളുടെ മാതൃക ട്രംപ് ഭരണകൂടം അവഗണിച്ചു. അതിനും പുറമെ ക്രൈസ്തവ മുസ്‌ലിം വിഭജനത്തിനാണ് ട്രംപ് ശ്രമിക്കുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് കാലത്തെ ഭ്രാന്തന്‍ ജല്‍പനങ്ങള്‍ ലോകം അവഗണിച്ചിരുന്നതാണ്. വാക്കും പ്രവൃത്തിയും ഒന്നാണെന്ന് ട്രംപ് വിവാദ ഉത്തരവുകളിലൂടെ തെളിയിച്ചപ്പോള്‍ ലോക സമൂഹം അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി. കുടിയേറ്റക്കാര്‍ക്ക് എതിരെ മതില്‍ കെട്ടാന്‍ ചരിത്രം അമേരിക്കയെ അനുവദിക്കില്ല. 16-17 നൂറ്റാണ്ടില്‍ ഗോത്ര വര്‍ഗക്കാരെ കൊന്നും ആട്ടിയോടിച്ചും അമേരിക്കയെ യൂറോപ്യന്‍ വംശജരുടെ രാജ്യമാക്കിയ ചരിത്രം വിസ്മരിക്കാനാവില്ല.

1620ലാണ് ആദ്യ കപ്പല്‍ അമേരിക്കയിലെത്തിയത.് ബ്രിട്ടന്‍, സ്വീഡന്‍, ഡച്ച്, ജര്‍മ്മന്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ കുടിയേറ്റക്കാര്‍ എത്തിയാണ് ഇന്നത്തെ അമേരിക്ക സൃഷ്ടിച്ചത്. മധ്യ പൗരസ്ത്യ ദേശത്ത് നിന്നും ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുമൊക്കെ തൊഴില്‍ തേടി എത്തിയവര്‍ ആ രാഷ്ട്രത്തെ സമ്പന്നമാക്കി. ലോകത്തെ ഏറ്റവും സമ്പന്ന സൈനിക ശക്തിയായി അമേരിക്ക വളര്‍ന്നത് കുടിയേറ്റക്കാരിലൂടെ തന്നെ. ട്രംപ് ചരിത്രം മറക്കരുത്.
പക്വതയില്ലാത്ത രാഷ്ട്രീയക്കാരനും വംശീയ വിദ്വേഷിയും വര്‍ണ വെറിയനും സ്ത്രീ വിരുദ്ധനുമായ ട്രംപില്‍ നിന്ന് ഇനിയും ധാരാളം വിവാദ തീരുമാനങ്ങള്‍ വരാനിരിക്കുന്നു.

 

ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള ട്രംപിന്റെ ഭരണം ലോകത്തെ വെല്ലുവിളിക്കുകയാണ്. ഏഴ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് അമേരിക്കന്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. അത്‌കൊണ്ടാണ് ന്യൂയോര്‍ക്ക് കോടതി ഉത്തരവിന്മേല്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ നിയമ യുദ്ധം വരാനിരിക്കുന്നു. സിറിയ, ഇറാഖ്, ലിബിയ, യമന്‍, സോമാലിയ, സുഡാന്‍, ഇറാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്ക് എതിരാണ് ട്രംപിന്റെ വിലക്ക്. ഇവിടെ നിന്നുള്ള ക്രൈസ്തവര്‍ക്ക് പ്രവേശമാകാമെന്നും ഉത്തരവില്‍ വ്യവസ്ഥയുള്ളത് വംശീയ വെറിയുടെ തെളിവാണ്.

 

‘മുസ്‌ലിം നിരോധനമാണ് ട്രംപ് ആദ്യം ആവശ്യപ്പെട്ടതെന്നും പിന്നീട് അത് അഭയാര്‍ത്ഥി നിരോധനമാക്കി മാറ്റുകയായിരുന്നു എന്നും’ ട്രംപിന്റെ സഹായി റൂഡി ഗുയിലിയാനിയുടെ പ്രസ്താവന ട്രംപിന്റെ മനസ്സിലിരുപ്പ് വ്യക്തമാക്കി. 2017 സാമ്പത്തിക വര്‍ഷം അഭയാര്‍ത്ഥി പ്രവേശത്തിനുള്ള എണ്ണം 50,000 ആക്കി ചുരുക്കി. അമേരിക്കയുടെ വാണിജ്യ മേഖലയെ ബാധിക്കാതെയാണ് ട്രംപിന്റെ കളി. സമ്പന്ന അറബ്-മുസ്‌ലിം രാഷ്ട്രങ്ങളെ ഉത്തരവില്‍ നിന്നൊഴിവാക്കിയത് അത്‌കൊണ്ടാണത്രെ.

 

അതേസമയം ഏഴ് രാഷ്ട്രങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികള്‍ കടന്നുവരാന്‍ ഇടയാക്കിയത് എന്ത്‌കൊണ്ടാണെന്ന് ട്രംപ് തിരിച്ചറിയേണ്ടതാണ്. മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് ആഭ്യന്തര യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയയില്‍ അമേരിക്ക ഉള്‍പ്പെടെ പാശ്ചാത്യ നാടുകള്‍ സൈനികമായി ഇടപെട്ടതാണ് അഭയാര്‍ത്ഥി പ്രവാഹത്തിന് ഒരു കാരണം. ഇറാഖ്, ലിബിയ, യമന്‍ എന്നിവിടങ്ങളില്‍ സമാധാനം തിരിച്ചു കൊണ്ടുവരാന്‍ വന്‍ ശക്തികള്‍ സൈനിക ഇടപെടല്‍ അവസാനിപ്പിച്ചാല്‍ മതിയാകും.

വിലക്ക് നിരോധനം അമേരിക്കന്‍ ഭരണകൂടത്തിന് എതിരെ ലോകമെങ്ങും നടന്നുവരുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനുള്ള ട്രംപിന്റെ സമീപനം സുഹൃദ് രാഷ്ട്രങ്ങളെ പോലും അകറ്റുന്നു. ഫ്രാന്‍സും ജര്‍മ്മനിയും യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്ര സഭയും പ്രതിഷേധത്തിന് മുന്നിലുണ്ട്. നോബെല്‍ സമ്മാന ജേതാവ് മലാല യുസഫ് സായ്‌യുടെ പ്രസ്താവന അമേരിക്കയോടുള്ള പ്രതിഷേധം ശക്തമായി ഉയര്‍ത്തുംവിധമായി. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് പ്രതിഷേധവുമായി രംഗത്തിറങ്ങി.

 

അമേരിക്കയിലെ കൗണ്‍സില്‍ ഓണ്‍ ഇസ്‌ലാമിക് റിലേഷന്‍സ്, സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ തുടങ്ങി സംഘടനകളും പ്രതിഷേധത്തിന് ഒപ്പം നിന്നു. സ്ഥാനം ഒഴിഞ്ഞ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഡമോക്രാറ്റിക് പാര്‍ട്ടിയും ട്രംപിന്റെ വര്‍ണ വെറിയന്‍ നയത്തിന് എതിരാണ്. അമേരിക്കന്‍ പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഇറാന്‍ പ്രസിഡണ്ട് റൂഹാനിയുടെ പ്രസ്താവന സ്വാഗതം ചെയ്യാന്‍ നിരവധി രാജ്യങ്ങളുണ്ട്. എല്ലാവരേയും കാനഡയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോവിന്റെ പ്രസ്താവന ട്രംപിന് പ്രഹരമായി.
അധികാരമേറ്റ ശേഷം ട്രംപ് സ്വീകരിച്ച തീരുമാനങ്ങളില്‍ ഭൂരിപക്ഷവും വിവാദത്തിനും വിമര്‍ശനത്തിനും കാരണമായി. മൂന്ന് കോടിയിലധികം വരുന്ന സ്വന്തം ജനതയുടെ അവകാശങ്ങള്‍ ധ്വംസിച്ച് ‘ഒബാമ കെയര്‍’ എന്നറിയപ്പെടുന്ന ആരോഗ്യ സുരക്ഷാ പദ്ധതി റദ്ദാക്കി. സുഹൃദ് രാഷ്ട്ര കൂട്ടായ്മയായ പസഫിക് വ്യാപാര കരാറ് ട്രാന്‍സ് പസഫിക് പാര്‍ട്ട്ണര്‍ഷിപ്പ് (ടി.പി.പി) റദ്ദാക്കി 12 രാഷ്ട്രങ്ങളുമായി അകന്നു. ജപ്പാന്‍, മലേഷ്യ, ഓസ്‌ട്രേലിയ, മെക്‌സിക്കോ, കാനഡ, ന്യൂസിലാന്റ്, വിയറ്റ്‌നാം, പെറു, സിംഗപ്പൂര്‍, ബ്രൂണെ എന്നീ രാഷ്ട്രങ്ങളാണ് കരാറിന്റെ ഭാഗമായിരുന്നത്. കരാറ് റദ്ദാക്കുന്നതില്‍ ലാഭം ചൈനക്കാണ്.

 

ഇസ്രാഈലിന് സര്‍വ പിന്തുണയും വാഗ്ദാനം ചെയ്ത് ടെല്‍അവീവില്‍ നിന്ന് സ്ഥാനപതി കാര്യാലയം ജറൂസലമിലേക്ക് മാറ്റുകയാണ് ട്രംപ്. ഇതിനും പുറമെ ഇസ്രാഈലിനെ ആഹ്ലാദിപ്പിക്കാന്‍ 221 ദശലക്ഷം ഡോളറിന്റെ സഹായം ഫലസ്തീന് നല്‍കാനുള്ള (ഒബാമ ഭരണകൂടത്തിന്റെ) തീരുമാനം റദ്ദാക്കി. അതിര്‍ത്തി മതില്‍ കെട്ടാന്‍ മെക്‌സിക്കോ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ഏകപക്ഷീയമായി ട്രംപ് എടുത്ത തീരുമാനവും വിവാദത്തിലായി.

 

മെക്‌സിക്കന്‍ പ്രസിഡണ്ട് എന്റികെ പെനാനിറ്റോ അടുത്താഴ്ച വൈറ്റ് ഹൗസിലെത്തി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയാണ് മെക്‌സിക്കോവിന്റെ തിരിച്ചടി. മതില്‍കെട്ടി ജനങ്ങളെ വിഭജിക്കാനുള്ള തീരുമാനം അബദ്ധജഡിലമായിരുന്നുവെന്ന് ബെര്‍ലിന്‍ മതില്‍ തെളിയിക്കുന്നു. ചൈനയിലെ വന്‍മതില്‍ ചരിത്ര സ്മാരകമായി. ട്രംപ് ഇനിയെന്തെല്ലാം ഭ്രാന്തന്‍ തീരുമാനങ്ങളാണ് കൈക്കൊള്ളാനിരിക്കുന്നതെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ലോക സമൂഹം. ഒരു കാര്യം ഉറപ്പാണ്. ട്രംപ് ലോകമെമ്പാടും സംഘര്‍ഷത്തിലേക്കാണ് നയിക്കുന്നത്. വിഭജന മതില്‍ തകര്‍ത്ത് അമേരിക്കന്‍ ജനതയും ലോക സമൂഹവും മുന്നോട്ട് പോകും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഗസ്സയില്‍ നിന്ന് രക്ഷപ്പെടാന്‍ യഹ്‌യ സിന്‍വാറിന് വാഗ്ദാനം ലഭിച്ചെങ്കിലും നിരസിച്ചു: റിപ്പോര്‍ട്ട്‌

ഗസ്സയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഈ വാഗ്ദാനം അദ്ദേഹം നിരസിച്ചുവെന്നും യുഎസ്, അറബ്, ഹമാസ് നേതാക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

ഹമാസിന് വേണ്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്താന്‍ ഈജിപ്തിനെ ചുമതലപ്പെടുത്തുന്നതിന് പകരമായി കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിന് ഗസ്സയില്‍നിന്ന് രക്ഷപ്പെടാനുള്ള അവസരം അറബ് മധ്യസ്ഥര്‍ വാഗ്ദാനം ചെയ്തതായി അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്.

ഗസ്സയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഈ വാഗ്ദാനം അദ്ദേഹം നിരസിച്ചുവെന്നും യുഎസ്, അറബ്, ഹമാസ് നേതാക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഞാന്‍ ഉപരോധത്തിലല്ല, ഞാന്‍ ഫലസ്തീന്‍ മണ്ണിലാണുള്ളത്’ എന്ന് മുമ്പ് അറബ് മധ്യസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഹിസ്ബുല്ല നേതാവ് ഹസ്സന്‍ നസ്‌റുല്ലയുടെ വധത്തിന് പിന്നാലെ ഒത്തുതീര്‍പ്പിനായി കൂടുതല്‍ സമ്മര്‍ദമുണ്ടാകുമെന്ന് സിന്‍വാര്‍ ഹമാസിന്റെ മറ്റു രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്തരം സമ്മര്‍ദത്തെ ചെറുക്കാന്‍ അദ്ദേഹം ഉപദേശിച്ചുവെന്നും അറബ് മധ്യസ്ഥരെ ഉദ്ധരിച്ചുകൊണ്ട് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ മരണസാധ്യത മുന്നില്‍ കണ്ടതിനാല്‍ അതിനായുള്ള തയാറെടുപ്പുകളും സിന്‍വാര്‍ എടുത്തിരുന്നു. താന്‍ മരിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ഇസ്രാഈല്‍ കൂടുതല്‍ ചായ്‌വ് കാണിക്കുമെന്ന് അദ്ദേഹം ഹമാസ് അംഗങ്ങളെ അറിയിച്ചിരുന്നു. തന്റെ അഭാവത്തില്‍ ഭരിക്കാന്‍ ഒരു നേതൃസമിതി രൂപീകരിക്കണം. തന്റെ മരണശേഷവും ഇസ്രാഈലുമായി ചര്‍ച്ച നടത്താന്‍ ഹമാസ് കൂടുതല്‍ ശക്തമായ നിലയിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

kerala

മുളകു പൊടി വിതറി യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവം; ആക്രമിച്ചത് രണ്ട് സ്ത്രീകള്‍

മുളകു പൊടി വിതറി യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്നെന്ന പരാതിയില്‍ രണ്ട് സ്ത്രീകളാണ് യുവാവിനെ ആക്രമിച്ചതെന്ന് എഫ്‌ഐആര്‍.

Published

on

കോഴിക്കോട് കാട്ടിലപ്പീടികയില്‍ എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനുള്ള 25ലക്ഷം രൂപയുമായി കാറില്‍ വന്ന യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. മുളകു പൊടി വിതറി യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്നെന്ന പരാതിയില്‍ രണ്ട് സ്ത്രീകളാണ് യുവാവിനെ ആക്രമിച്ചതെന്ന് എഫ്‌ഐആര്‍. എഴുപത്തി രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപ കവര്‍ന്നു എന്നാണ് യുവാവിന്റെ പരാതി.

കഴിഞ്ഞ ദിവസം എടിഎം കൗണ്ടറുകളില്‍ പണം നിറക്കാന്‍ പോകുന്നതിനിടെ കാട്ടിലപ്പീടികയില്‍ വെച്ച് യുവാവിന്റെ കണ്ണില്‍ മുളകുപൊടി വിതറി കെട്ടിയിട്ട ശേഷം സംഘം പണം കവരുകയായിരുന്നു. നഷ്ടപ്പെട്ടത് 25 ലക്ഷം രൂപ ആണെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നതെങ്കിലും 72,40,000 രൂപ നഷ്ടപ്പെട്ടു എന്നാണ് എഫ്‌ഐആറില്‍ ഉള്ളത്.

പ്രാഥമിക അന്വേഷണത്തിനു ശേഷം പയ്യോളി സ്വദേശി സുഹൈലിന്റെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യാത്രയ്ക്കിടെ പര്‍ദ്ദ ധരിച്ച രണ്ടുപേരില്‍ ഒരാള്‍ വണ്ടിയുടെ മുന്നിലേക്ക് വീണുവെന്നും വാഹനം നിര്‍ത്തിയപ്പോള്‍ മറ്റൊരു സ്ത്രീ ആക്രമിക്കുകയായിരുന്നെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.

ഫോറന്‍സിക് സംഘവും വിരല്‍ അടയാള വിദഗ്ധരും പണം തട്ടിയ സ്ഥലത്തും യുവാവിനെ ഉപേക്ഷിച്ച സ്ഥലത്തും പരിശോധന നടത്തി. യുവാവിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ കേസിലെ ദുരൂഹത കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

 

 

Continue Reading

Video Stories

ഡല്‍ഹിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി

സ്‌കൂളിന് സമീപമുള്ള കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന.

Published

on

ഡല്‍ഹി രോഹിണിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി. സ്‌കൂളിന് സമീപമുള്ള കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന.

രോഹിണിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്. അതേസമയം പൊട്ടിത്തെറിയില്‍ ആര്‍ക്കും പരിക്കില്ല. സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ചില്ലുകള്‍ സംഭവത്തില്‍ തകര്‍ന്നിട്ടുണ്ട്. അടച്ചിട്ട കടകള്‍ക്കും അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘം സ്ഥലെത്തി പരിശോധന നടത്തി. അപകടത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

 

 

Continue Reading

Trending