കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ അനാസ്ഥ കാരണം കോവിഡ് രോഗി മരണമടഞ്ഞതുമായി ബന്ധപ്പെട്ട് ഡോ.നജ്മ സലിമിന്റെ ധീരോദാത്തമായ വെളിപ്പെടുത്തല്‍ അഭിനന്ദനമര്‍ഹിക്കുന്നു. തെറ്റ് മനസ്സിലാക്കി കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നതിന്പകരം ഡോക്ടറെ വേട്ടയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ശ്രമം അങ്ങേയറ്റം നിന്ദ്യവും അപലപനീയവുമാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷങ്ങളെല്ലാം രാഷ്ട്രീയവത്കരിക്കുകയും ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വീഴ്ചകള്‍ തുറന്നുപറഞ്ഞതിന് സമൂഹമാധ്യമങ്ങളിലൂടെ വസ്തുതക്ക് നിരക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍ പൊലീസില്‍ പരാതിപ്പെടാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചതെല്ലാം പൊള്ളയായായ അവകാശവാദങ്ങളാണെന്ന് കളമശ്ശേരി സംഭവത്തോടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. ജൂലൈ 20നാണ് ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഹാരിസ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. കുവൈത്തിലായിരുന്ന അദ്ദേഹം നാട്ടിലേക്ക് തിരിക്കുകയായിരുന്നു. വിമാനമിറങ്ങിയശേഷം നിരീക്ഷണത്തിനായി പുത്തന്‍കുരിശിലെ കേന്ദ്രത്തിലേക്ക് മാറ്റി. ആറ് ദിവസം കഴിഞ്ഞപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വാര്‍ഡിലേക്ക് മാറ്റാന്‍ പാകത്തിന് ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കെയാണ് ഹാരിസിന്റെ മരണം. മതിയായ ചികിത്സയും പരിചരണവും കിട്ടാത്തതിനെതുടര്‍ന്നാണ് അദ്ദേഹത്തിന്റെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടത്. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറിക്കിടന്നതുകാരണം ഓക്‌സിജന്‍ കിട്ടാതെയായിരുന്നു മരണം.
ആശുപത്രിയിലെ വീഴ്ചകള്‍ ചൂണിക്കാട്ടി മെഡിക്കല്‍ കോളജിലെ ജൂനിയര്‍ റെസിഡന്റ് ഡോ. സജ്‌ന സലിം രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. ആരോപണത്തിന്റെ വസ്തുതയിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന്പകരം ഡോക്ടര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അധികാരികളുടെ ഭീഷണി. ആശുപത്രിയുടെ പ്രവര്‍ത്തനം ഭദ്രമാണെന്ന് ചൂണ്ടിക്കാട്ടുന്ന അവര്‍ ഡോ. സജ്‌നയെ ബലിയാടാക്കി കുറ്റക്കാര്‍ക്ക് രക്ഷപ്പെടാന്‍ പഴുത് അന്വേഷിക്കുകയാണ്. ഐ.സി.യുവില്‍ ജൂനിയര്‍ ഡോക്ടര്‍ മുതല്‍ ഹൃദ്രോഗവിദഗ്ധര്‍ വരെ ഉള്‍ക്കൊള്ളുന്ന വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വകുപ്പും ന്യായവും വിളമ്പിയതുകൊണ്ട് എന്തുകാര്യം? ഇവരുടെ സേവനം രോഗികള്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാണ്ടതില്ലേ? ഹാരിസിന് ഗുരുതരമായ ന്യൂമോണിയ ബാധിച്ചിരുന്നുവെന്നും ഹൃദയാഘാതമുണ്ടായി എന്നൊക്കെയാണ് അധികാരികളുടെ കണ്ടെത്തല്‍. എന്നാല്‍ അത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഹാരിസിനുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ വാദിക്കുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ഏഴാംനാള്‍തന്നെ പരാതി നല്‍കിയിട്ടും മെഡിക്കല്‍ കോളജ് അധികൃതര്‍ അവഗണിച്ചുവെന്നാണ് ഹാരിസിന്റെ ഭാര്യയുടെ സഹോദരന്‍ സാക്ഷ്യപ്പെടുത്തുന്നത്. മരണദിവസം വൈകുന്നേരം അഞ്ച് മണിക്ക് ഭാര്യയോട് സംസാരിച്ചിരുന്നു. അന്ന് ആറ് മണിയോടെയാണ് മരണമടഞ്ഞതായി ആശുപത്രിയില്‍നിന്ന് വിവരം ലഭിക്കുന്നത്. ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന അവകാശവാദത്തിന്റെ മുനയൊടിക്കുന്നതാണ് നഴ്‌സിങ് സൂപ്രണ്ട് ജലജ ദേവിയുടെ ശബ്ദസന്ദേശം. ചെറിയ വീഴ്ച കൊണ്ട് പലരുടെയും മരണം സംഭവിച്ചിട്ടുണ്ടെന്ന അവരുടെ വെളിപ്പെടുത്തല്‍ നിസ്സാരമല്ല. രോഗികളുടെ ഓക്‌സിജന്‍ മാസ്‌കുകള്‍ മാറിക്കിടക്കുന്നതായി സൂപ്പര്‍വിഷന് പോയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ സഹകരിച്ചതുകൊണ്ടാണ് ഉത്തരവാദികള്‍ രക്ഷപ്പെട്ടതെന്നും ജലജ ദേവി പറയുന്നു. തീവ്ര പരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അവര്‍ നടത്തുന്ന പല വെളിപ്പെടുത്തലുകളും ഗൗരവമര്‍ഹിക്കുന്നുണ്ട്. വെന്റിലേറ്ററിന്റെ ട്യൂബുകള്‍ ശരിയാക്കണോ എന്ന് ഐ. സി.യുവിലുള്ളവര്‍ കൃത്യമായി പരിശോധിക്കണമെന്നും സഹപ്രവര്‍ത്തകര്‍ക്കുള്ള ഓഡിയോ സന്ദേശത്തില്‍ അവര്‍ നിര്‍ദ്ദേശിച്ചത് ഒന്നും കാണാതെയല്ല. ജലജ ദേവിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കുന്നതിന്പകരം അവരെ സസ്‌പെന്റ് ചെയ്ത് പകവീട്ടുകയാണ് ആരോഗ്യ മന്ത്രി ചെയ്തത്.
ഡോക്ടര്‍ നജ്മക്കെതിരെയും സര്‍ക്കാര്‍ ശിക്ഷാനടപടി ആലോചിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ അറുപതിലധികം നവജാത ശിശുക്കള്‍ മരണമടഞ്ഞപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ ഡോ. കഫീല്‍ഖാനെ വേട്ടയാടിയതുപോലെ തന്നെയാണ് ജലജയോടും ഡോ. നജ്മയോടുമുള്ള സര്‍ക്കാര്‍ കലിപ്പ്. കുട്ടികള്‍ മരിക്കാതിരിക്കാന്‍ സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരുന്ന ഖാന്‍ ജയിലിലടക്കപ്പെടുകയും കുറ്റക്കാര്‍ അനായാസം രക്ഷപ്പെടുകയും ചെയ്തു. കേരളത്തിലും സംഭവിക്കുന്നത് അത് തന്നെയാണ്. ഡോ.നജ്മയേയും ജലജയേയും ജയിലിലടക്കാന്‍ സര്‍ക്കാരിന് മോഹമുണ്ടാകും. കേരളത്തിലത് നടക്കില്ലെന്നതുകൊണ്ട് മാത്രമാണ് അതിന് മുതിരാത്തതെന്ന് തോന്നിപ്പോകുന്നു.
ഓക്‌സിജന്‍ കിട്ടാതെ മരിച്ച ഹാരിസിന്റെ കാര്യത്തില്‍ മാത്രമല്ല, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ അനേകം സംഭവങ്ങള്‍ വേറെയുമുണ്ട്. ചികിത്സാപിഴവ് ചൂണ്ടിക്കാട്ടിയും അന്വേഷണം ആവശ്യപ്പെട്ടും അനേകംപേര്‍ രംഗത്തുവന്നുകൊണ്ടിക്കുന്നു. കോവിഡ് രോഗികളോട് സര്‍ക്കാര്‍ ചെയ്യുന്നത് കൊടുംക്രൂരതയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അനില്‍കുമാര്‍ വീട്ടില്‍ തിരിച്ചെത്തിയത് പുഴുവരിച്ച നിലയിലായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് ഐ.സി.യുവില്‍ കിടക്കുമ്പോഴാണ് കോവിഡ് ബാധിച്ചത്. കഴുത്തില്‍ പ്ലാസ്റ്റര്‍ മാറ്റിയപ്പോള്‍ കണ്ടത് പുഴുവരിക്കുന്ന മുറിവുകള്‍. ശരീരത്തിലെ മറ്റ് മുറിവുകളുടെ സ്ഥിതിയും അത്തന്നെ. പണമില്ലെങ്കിലും മെഡിക്കല്‍ കോളജിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് അദ്ദേഹത്തിന്റെ കുടുംബം. പൊതുഖജനാവില്‍നിന്ന് പണമെടുത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജുകള്‍ പിടിപ്പുകേടിന്റെ കേന്ദ്രങ്ങളായി മാറുമ്പോഴും സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്. കോവിഡ് പോസിറ്റീവായ പത്തൊന്‍പതുകാരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ ബലാത്സംഗം ചെയ്തത് ഞെട്ടലോടെയാണ് കേട്ടത്. രാത്രി 10 മണിക്ക് പെണ്‍കുട്ടിയെ ഒറ്റയ്ക്ക് ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. വനിതാആരോഗ്യപ്രവര്‍ത്തകര്‍ വേണമെന്നിരിക്കെ അത്തരം മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ല. യുദ്ധകാല ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ ഉറക്കം തൂങ്ങുന്നതിന്റെ ഫലമാണ് ഈ ദുരന്തങ്ങളെല്ലാം. ഒളിച്ചോട്ടം നിര്‍ത്തി യാഥാര്‍ത്ഥ്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും സന്മനസ്സ് കാണിക്കണം. ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന്പകരം കോടികള്‍ ഇടിച്ചുതള്ളി പബ്ലിസിറ്റിയില്‍ സുഖം കണ്ടെത്തുകയാണ് സര്‍ക്കാര്‍. അതിന് സംസ്ഥാനം കൊടുക്കേണ്ടിവരുന്നത് കനത്ത വിലയും.