നീതിന്യായ വ്യവസ്ഥയും നിയമസഭകളും തെരഞ്ഞെടുപ്പു കമ്മീഷനും എന്നുവേണ്ട സകലമാന ഭരണഘടനാസംവിധാനങ്ങളെയും അവഹേളിക്കുന്ന അധികാരികള്‍ ഇതാ രാജ്യം കാക്കുന്ന സൈന്യത്തിന് നേര്‍ക്കും തങ്ങളുടെ തറ ധാര്‍ഷ്ട്യം തുറന്നുകാട്ടിയിരിക്കുന്നു. ബീഹാറിലെ മുസഫര്‍പൂരില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭഗവത് ഇന്ത്യന്‍ സൈന്യത്തെ വില കുറച്ചുകാണിക്കുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയത് പൊതുവില്‍ നോക്കിയാല്‍ നിരുപദ്രവകരമായി തോന്നാമെന്നിരിക്കിലും, യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസും സംഘ്പരിവാരവും നാള്‍ക്കുനാള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹിന്ദു രാഷ്ട്രവാദത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പായി മാത്രമേ അതിനെ കാണാന്‍ കഴിയൂ. ഇന്ത്യന്‍ സൈന്യത്തിന് യുദ്ധസജ്ജമാകാന്‍ ആറേഴുമാസം ആവശ്യമായി വരുമെന്നും ആര്‍.എസ്.എസ്സിന് വെറും മൂന്നുദിവസം മതിയെന്നുമാണ് മോഹന്‍ഭഗവതിന്റെ വിവാദ പ്രസ്താവന. രാജ്യത്തിന്റെ അഭിമാനമായ, ജീവന്‍ ബലികൊടുത്തും സ്വരാജ്യം സംരക്ഷിക്കുന്ന സൈനികരുടെ മനോവീര്യത്തെ തകര്‍ക്കുന്ന കുറ്റകരമായ പ്രസ്താവനയാണ് ആര്‍.എസ്.എസ് തലവനില്‍നിന്ന് രാജ്യം ശ്രവിച്ചത്. അണികളുടെ മനോവീര്യം ഉയര്‍ത്താന്‍ രാജ്യത്തിന്റെ അമൂല്യസ്വത്തായ സൈന്യത്തെ വിലകുറച്ച് കാണിച്ചത് അക്ഷന്തവ്യമെന്നല്ലാതെ പറയാനാവില്ല. ഏത്രയും വേഗം രാഷ്ട്രത്തോട് മാപ്പുപറയുകയാണ് ഭഗവത് ചെയ്യേണ്ടത്. അല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കാടും മേടും മഞ്ഞും പുഴയും മഴയും തോക്കും ബോംബുകളുമൊക്കെ തൃണവല്‍ഗണിച്ചുകൊണ്ട് രാപ്പകലെന്നില്ലാതെ രാജ്യാതിര്‍ത്തികളിലും മറ്റും ജീവിതം തള്ളിനീക്കുന്നവരാണ് നമ്മുടെ ഓരോ സൈനികനും. ഓരോ ഇന്ത്യക്കാരന്റെയും അഭിമാനസ്തംഭങ്ങളാണവര്‍. കരസേനയിലും വ്യോമസേനയിലും നാവികസേനയിലും സമാന്തര സേനകളിലുമൊക്കെ രാപ്പകലില്ലാതെ പണിയെടുക്കുന്ന ധീരജവാന്മാര്‍ക്ക് രാജ്യം എത്രകണ്ട് കടപ്പെട്ടിരിക്കുന്നുവെന്ന് ഏതെങ്കിലും കാക്കികസര്‍ത്തുകാരനെകൊണ്ട് താരതമ്യപ്പെടുത്താനോ അളന്നുതിട്ടപ്പെടുത്താനോ സാധ്യമല്ല. അവരെ പ്രകീര്‍ത്തിക്കുകയല്ലാതെ മനസ്സുകൊണ്ടുപോലും നോവിക്കാന്‍ സാമാന്യബോധമുള്ള ഒരുപൗരനും ആവില്ലതന്നെ. നിത്യേനയുള്ള പരിശീലനം കൊണ്ട് രാജ്യത്തെ യുദ്ധത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമെന്ന് വീമ്പിളക്കുന്ന ആര്‍.എസ്.എസ് തലവന് ഇന്ത്യയുടെ സൈന്യത്തിന്റെ പരിശീലന സംവിധാനത്തിലോ കാര്യ-കര്‍മ ശേഷിയിലോ വിശ്വാസമില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനയൂടെ സാമാന്യമായ വിവക്ഷ. നമ്മുടെ പ്രധാനമന്ത്രി തന്റെ മാതൃസംഘടനയായി അഭിമാനിക്കുന്നത് വര്‍ഗീയതയുടെ ഈ ആള്‍ക്കൂട്ടത്തെയാണ് എന്നതാണ് ഓരോ ഇന്ത്യക്കാരന്റെയും അപമാനഭാരം. ഇത്രയും ആപല്‍കരമായതും രാജ്യവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ ഒരുവരി പ്രസ്താവന പോലും ഇറക്കാന്‍ നരേന്ദ്രമോദിക്ക് വയ്യാതായിരിക്കുന്നുവെന്നത് നമ്മുടെയൊക്കെ നിര്‍ഭാഗ്യമെന്നല്ലാതെന്തുപറയാന്‍. ഇവരത്രെ യഥാര്‍ത്ഥ ദേശസ്‌നേഹികള്‍!
അഖണ്ഡ ഭാരതത്തെ വിഭജിക്കാന്‍ ആദ്യമായി ആഹ്വാനം ചെയ്ത ഹിന്ദു മഹാസഭയുടെ പില്‍കാല രൂപമായ ആര്‍.എസ്.എസ്സിനെ ഗാന്ധിവധത്തിന് ശേഷം നിരോധിച്ചത് ഇക്കൂട്ടരിപ്പോള്‍ വീരസ്യം പറയുന്ന പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു. 1925ല്‍ രൂപീകൃതമായ രാഷ്ട്രീയ സ്വയംസേവ സംഘത്തിന് രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിലോ രാഷ്ട്ര നിര്‍മാണത്തിലോ ഒരുവിധ പങ്കുമില്ലെന്നു മാത്രമല്ല, ഓരോ അര്‍ത്ഥത്തിലും രാജ്യത്തെയും സ്വാതന്ത്ര്യസമരത്തെയും ഒറ്റുകൊടുത്തവരുടെ സംഘമാണ് ആ സംഘടന. രാജ്യത്ത് അങ്ങോളമിങ്ങോളം എത്രയെത്ര മത ജാതി കലാപങ്ങളിലാണ് ഈ സംഘടനയുടെ പങ്ക് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കശ്മീരിലും പഞ്ചാബിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെ നാള്‍ക്കുനാള്‍ നിരവധി സൈനികരാണ് നമുക്കൊക്കെ വേണ്ടി വീരമൃത്യു വരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ എത്രയോ മടങ്ങ് സൈനികരെയാണ് മോദി ഭരണത്തിന്‍കീഴില്‍ രാജ്യത്തിന് നഷ്ടപ്പെട്ടത്. പത്താന്‍കോട്ട്, നഗ്രോട്ട തുടങ്ങിയ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളുടെ അകത്തേക്ക് കടന്നാണ് പാക് ഭീകരര്‍ നിഴല്‍യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനൊക്കെ പുറമെയാണ് കശ്മീരില്‍ സൈനികര്‍ക്കുനേരെ നടക്കുന്ന കല്ലേറും മറ്റും. തങ്ങള്‍ക്ക് വിളമ്പപ്പെടുന്ന സബ്ജി വെറും മഞ്ഞള്‍വെള്ളമാണെന്ന് ബോധ്യപ്പെടുത്തിയത് ഒരു സൈനികനായിരുന്നു. പാകിസ്താന്റെയും ലഷ്‌കറെ ത്വയ്ബ പോലുള്ള ഭീകര സംഘടനകളുടെയും വെല്ലുവിളികളെ നേരിട്ട് പരാജയപ്പെടുത്താന്‍ മോദി ഭരണകൂടത്തിന് കഴിഞ്ഞ നാലു വര്‍ഷക്കാലവും കഴിഞ്ഞില്ല. ഇതേ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കവെയാണ് ജനാധിപത്യത്തിന്റെ അഭിമാനസ്തംഭമായ പാര്‍ലമെന്റ് മന്ദിരത്തിനുനേര്‍ക്ക് ഭീകരര്‍ ആക്രമണം നടത്തിയത്. അപ്പോഴൊന്നും രാജ്യത്തിനേറ്റ ഭീഷണികളെ മുഖവിലക്കെടുക്കാതിരുന്ന ബി.ജെ.പിയാണ് സ്വന്തം വീഴ്ചയുടെ ഭാരം സൈന്യത്തിന്‌മേല്‍ ചാര്‍ത്താന്‍ തങ്ങളുടെ ഇംഗിതക്കാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴത്തെ കരസേനാതലവനെ മോദി തന്നെയാണ് ചട്ടങ്ങള്‍ മറികടന്നുകൊണ്ട് ആ സ്ഥാനത്ത് പിടിച്ചിരുത്തിയതെന്നും മറക്കരുത്. യഥാര്‍ത്ഥത്തില്‍ സൈന്യത്തിനുനേര്‍ക്ക് കല്ലെറിയുന്നതിന് തുല്യമാണിത്; മേലോട്ടുനോക്കി തുപ്പലും. പാകിസ്താന് വലിയ വില നല്‍കേണ്ടിവരുമെന്ന ഒഴുക്കന്‍ പ്രസ്താവനകളില്‍ ജനശ്രദ്ധ തിരിച്ചുവിടുന്ന പ്രതിരോധമന്ത്രിയും സര്‍ക്കാരിനെ അണിയറയിലിരുന്ന് നിയന്ത്രിക്കുന്നവരും പറയുന്നതിലെ സ്വരം ഒന്നുതന്നെ. വാക്കുകളുടെ വ്യത്യാസം മാത്രമേ അവയ്ക്കുള്ളൂ. ദേശീയതക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ജീവന്‍ ത്യജിച്ച പതിനായിരക്കണക്കിന് ഇന്ത്യക്കാരോടും കൈയുംമെയ്യും കുടുംബത്തെയും മറന്നുകൊണ്ട് കുഴിബോംബുകള്‍ക്ക് മുകളിലൂടെ തോക്കും പൊതിച്ചോറുമായി നിരങ്ങിനീങ്ങുന്നവരോടുമുള്ള അവഹേളനം തന്നെയാണിത്. യഥാര്‍ത്ഥ ദേശസ്‌നേഹികള്‍ ഇതുകേട്ട് നിരാശരാകേണ്ടതില്ല. ആസന്നമായ ഹിന്ദു രാഷ്ട്രം സ്വപ്‌നം കാണുന്നവരുടെ മിഥ്യാജല്‍പനങ്ങള്‍ മാത്രമാണിതെല്ലാം.