Connect with us

Video Stories

പരിസ്ഥിതി സംരക്ഷണം വിശ്വാസികള്‍ക്ക് ബാധ്യതയും പുണ്യകര്‍മ്മവും

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

നാം നിവസിക്കുന്ന ഈ ഭൂമിയോട് നമുക്ക് അളവറ്റ കടപ്പാടുകളുണ്ട്. ഈ ഭൂമിയില്‍ നിന്നാണ് സ്രഷ്ടാവ് നമുക്ക് ജന്മം നല്‍കിയത്. ഇവിടെയാണ് അവന്‍ നമ്മെ പാര്‍പ്പിച്ചത്. ഈ ഭൂമിയിലെ ‘ഖലീഫ’ എന്ന അത്യുന്നത പദവിയാണ് അവന്‍ നമുക്ക് നല്‍കിയിട്ടുള്ളത്. അവന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഈ ഭൂമിയെ അനുഭവിക്കുകയും ഇതില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക എന്ന ദൗത്യമാണ് അവന്‍ നമ്മെ ഏല്‍പിച്ചിട്ടുള്ളത്. ‘ഭൂമി’ എന്ന പദം ഖുര്‍ആന്‍ 461 സന്ദര്‍ഭങ്ങളിലായി ആവര്‍ത്തിച്ചിട്ടുണ്ട്. അവരധികവും മനുഷ്യന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട് മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് വ്യക്തമാക്കുന്നത്.

ഭൂമി എന്ന് പറയുമ്പോള്‍ ഉപരിതലത്തിലെ മണ്ണ്, ജലം, പര്‍വതങ്ങള്‍, പാറകള്‍, സമുദ്രങ്ങള്‍, പുഴകള്‍, ജലാശയങ്ങള്‍, വൃക്ഷങ്ങള്‍, ചെടികള്‍, വനങ്ങള്‍, വിവിധയിനം പക്ഷികള്‍, പ്രാണികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍ എല്ലാം ഉള്‍ക്കൊള്ളുന്നു. ഭൂമിയുടെ അന്തര്‍ഭാഗത്താകട്ടെ എന്തെല്ലാം ധാതുക്കളും നിക്ഷേപങ്ങളും അത്ഭുതങ്ങളുമാണുള്ളത്. വായുവും ഭൂമിക്ക് ഒരു മൂടി എന്ന പോലെ നിലകൊള്ളുന്ന സുരക്ഷാ വലയമായ ഓസോണ്‍പടലവും ഒരു പ്രധാന ഘടകം തന്നെ. ഇവയെല്ലാം ഈ ഭൂമിയില്‍ ഇത്ര കൃത്യമായി സംവിധാനിച്ച ദൈവത്തിന്റെ സൃഷ്ടി വൈഭവം മഹത്തരം തന്നെ. ഭൂമിയില്‍ അവന്‍ ഒരുക്കിയ ഈ സവിശേഷ പ്രകൃതി പ്രതിഭാസത്തെയാണ് ‘പരിസ്ഥിതി’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. പരിസ്ഥിതിയുടെ സൗന്ദര്യത്തെ വാഴ്ത്തുകയും അതിന്റെ സംരക്ഷണത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്നവരാരും തന്നെ ഇതിന്റെ സംവിധായകനെപ്പറ്റി സംസാരിക്കുന്നില്ല എന്നത് വളരെ വിചിത്രമായിരിക്കുന്നു.

മനുഷ്യ ജീവിതത്തിന്റെ നിലനില്‍പ്പിനാധാരമായ ഈ പരിസ്ഥിതിക്ക് ഒരു കോട്ടവും തട്ടാതെ ഭൂമിയെ ഉപയോഗപ്പെടുത്തുക എന്നത് ഭൂമിയിലെ ‘ഖലീഫ’യായ മനുഷ്യന്റെ ബാധ്യത മാത്രമല്ല, അതൊരു പുണ്യകര്‍മ്മം കൂടിയാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഏത് പ്രവൃത്തിയും വിശ്വാസിക്ക് പാപവുമാണ്: ‘ദൈവം ഈ ഭൂമിയെ നന്നാക്കിയ ശേഷം നിങ്ങള്‍ അതില്‍ നാശമുണ്ടാക്കരുത്’- ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു. ഈ പ്രകൃതിക്ക് ഒരു സന്തുലിതാവസ്ഥയുണ്ട്. മനുഷ്യന്റെ ചെയ്തികള്‍ ഒരിക്കലും അതിന് തകരാറ് സൃഷ്ടിക്കാന്‍ ഇടയാക്കരുത്. പക്ഷേ, എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ‘മനുഷ്യ കരങ്ങളുടെ ദുശ്ചെയ്തികള്‍ കാരണം കരയിലും കടലിലും നാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു’ എന്ന ഖുര്‍ആന്‍ പ്രസ്താവം സാധൂകരിക്കുംവിധമുള്ള അവസ്ഥയാണിന്നുള്ളത്. യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയിലെ ഒരു കുരുവിയെപ്പോലും ന്യായരഹിതമായി മനുഷ്യന് കൊല്ലാന്‍ പാടില്ല. വെറുതെ ഒരു കുരുവിയെ ആരെങ്കിലും കൊന്നാല്‍ അത് അന്ത്യനാളില്‍ അല്ലാഹുവിനോട് ഇങ്ങനെ സങ്കടമുണര്‍ത്തും: ‘എന്റെ റബ്ബേ, ഇന്ന മനുഷ്യന്‍ എന്നെ വെറുതെ കൊന്നു. എന്തെങ്കിലും കാര്യമുണ്ടായല്ല അവന്‍ എന്നെ കൊന്നത്’- പ്രവാചകന്‍ പറയുന്നു. ഭക്ഷിക്കാന്‍ വേണ്ടിയല്ലാതെ ഒരു ജീവിയെയും കൊല്ലാന്‍ പാടില്ലെന്ന് തിരുമേനി വ്യക്തമാക്കുന്നു. ഒരു ഉറുമ്പിന്‍ കൂടിന് അനുയായികള്‍ തീവെച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അഗ്നിയുടെ ഉടമക്ക് മാത്രമേ അഗ്നികൊണ്ട് ശിക്ഷിക്കാന്‍ അധികാരമുള്ളു’. പരിസ്ഥിതിക്ക് നാശം വരുത്തിയാല്‍ വരള്‍ച്ച, സസ്യക്കുറവ്, ക്ഷേമനഷ്ടം തുടങ്ങിയവ സംഭവിക്കുമെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ താക്കീത് ചെയ്യുന്നു. ഒരു വൃക്ഷവും അനാവശ്യമായി മുറിക്കാന്‍ പാടില്ല. ‘ഒരു ഇലന്തമരം ആരെങ്കിലും മുറിച്ചാല്‍ അവന്റെ ശിരസ്സ് നരഗാഗ്നിക്ക് ഉന്നമാക്കും’ എന്ന പ്രവാചക വചനത്തെ ഇമാം അബൂദാവൂദ് ഇങ്ങനെ വ്യാഖ്യാനിക്കുന്നു: ‘വഴിയാത്രക്കാര്‍ക്കും മൃഗങ്ങള്‍ക്കും തണലേകുന്ന മരുഭൂമിയിലെ ഒരു എലന്തമരം ന്യായമായ കാരണമില്ലാതെ ആരെങ്കിലും മുറിച്ചാല്‍ അവന്റെ ശിരസ്സ് നരകാഗ്നിക്കിരയാകും’. വൃക്ഷങ്ങള്‍ക്കും വനങ്ങള്‍ക്കും തോട്ടങ്ങള്‍ക്കുമെല്ലാം സംരക്ഷണം നല്‍കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്.
750 വാക്യങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ പരിസ്ഥിതിയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ഭൂമിയെ മിനുത്ത കിടക്കയും തൊട്ടിലുമായി വിശേഷിപ്പിക്കുന്നു. പച്ചപ്പന്തലിടുന്ന വള്ളിപ്പടര്‍പ്പുകള്‍, പുഷ്പാലംകൃതമായ തോട്ടങ്ങള്‍, ഫലം കായ്ക്കുന്ന മരങ്ങള്‍, തൂങ്ങിക്കിടക്കുന്ന പഴക്കുലകള്‍ എല്ലാം എത്ര സുന്ദരമായാണ് ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത്. ജലത്തെപ്പറ്റി എത്രയാണ് ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുള്ളത്. അത് ജീവന്റെ ഉറവിടമാണ്. ആകാശത്തില്‍ നിന്നത് പൊട്ടിയൊലിക്കുന്നത്, പാറക്കെട്ടുകള്‍ക്കിടയില്‍ നിര്‍ഗളിക്കുന്നത്, സസ്യങ്ങളുടെ ദാഹം തീര്‍ക്കുന്നത്, മഴ ലഭിക്കുമ്പോള്‍ ഭൂമി കിളിര്‍ത്ത് ചെടികള്‍ മുളപൊട്ടി വരുന്നത് ഇങ്ങനെ വെള്ളത്തെപ്പറ്റി എത്രയോ വട്ടം പ്രതിപാദിക്കുന്ന ഖുര്‍ആന്‍ ഒരു ചോദ്യമുന്നയിക്കുന്നു: നിങ്ങളുടെ വെള്ളമങ്ങു വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ശുദ്ധജലം കൊണ്ടുവന്നു തരിക.
മലിനീകരണമാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിശ്വാസിയെ സംബന്ധിച്ചേടത്തോളം ശുദ്ധി അവന്റെ സംസ്‌കാരമാണ്. മനുഷ്യര്‍ സഞ്ചരിക്കുന്ന വഴികളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതിനെ പ്രവാചകന്‍ നിരോധിക്കുന്നു. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിച്ച് പിന്നെ അതില്‍ തന്നെ കുളിക്കുന്നതിനെ അപലപിക്കുന്നു. മാലിന്യങ്ങള്‍ വഴിയിലേക്ക് തള്ളുന്നതിനെ എതിര്‍ക്കുന്നതോടൊപ്പം ‘വഴിയില്‍ നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നതിനെ പുണ്യകര്‍മ്മവും കടമയുമായി’ കാണുന്നു. ഭക്ഷണപാനീയങ്ങള്‍ പൊടിയും പ്രാണിയും വീണു കേടുവരാതിരിക്കല്‍ പാത്രം മൂടിവെക്കാന്‍ കല്‍പിക്കുന്നു. വീടുകളിലെ വാതില്‍ അടക്കാനും-ദേവാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം. പള്ളിയുടെ മുന്‍വശത്ത് ആരോ തുപ്പിയത് കണ്ടപ്പോള്‍ നബി ഒരു വടിയെടുത്ത് അത് നീക്കം ചെയ്തു കൊണ്ട് പറയുന്നു: നിങ്ങളിലേക്ക് കടന്നുവരുന്നവന്റെ മുഖത്ത് തുപ്പും പോലെയാണ് ദൈവത്തെ അഭിമുഖീകരിക്കുന്ന ദേവാലയത്തില്‍ തുപ്പുന്നതും. വൃത്തി വിശ്വാസത്തിന്റെ പകുതിയായി കാണുന്ന വിശ്വാസി പരിസ്ഥിതി മാലിന്യമുക്തമാക്കാന്‍ എത്ര ജാഗ്രത കാണിക്കണം. ജനവാസവും വ്യവസായങ്ങളുടെ വര്‍ധനയും ഭൂമിയെയും അന്തരീക്ഷത്തെയും കൂടുതല്‍ മലീമസമാക്കുകയാണ് ഭൂമിയുടെ മൂടിയായി സ്രഷ്ടാവ് സംവിധാനിച്ച ഓസോണ്‍ പാളിയെ തകര്‍ക്കുമെന്ന ആശങ്കയിലാണ് എല്ലാവരും.
വിശാലമായ ഈ ഭൂമിയില്‍ എത്രയോ ജീവികളും പ്രാണികളുമുണ്ട്. ഇവക്കെല്ലാം ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. ‘ഭൂമിയിലെ ഏത് ജീവിയും ചിറകടിച്ചു പറക്കുന്ന പറവയും നിങ്ങളെപ്പോലുള്ള സമൂഹം മാത്രം’ എന്ന ഖുര്‍ആന്‍ പ്രസ്താവന എത്ര അര്‍ത്ഥഗര്‍ഭമാണ്. ഈ ജീവികളെയെല്ലാം ദൈവം എന്തിന് സൃഷ്ടിച്ചു എന്ന ചോദിക്കുന്നവരുണ്ടാകും. എന്നാല്‍ പ്രസിദ്ധ പണ്ഡിതനായ ഇമാം റാഗിബ് ഇശ്ഫഹാനി പറയുന്നു: ഏത് സൃഷ്ടിയിലും എന്തെങ്കിലും ഉപകാരമുണ്ടാകും. മനുഷ്യന്റെ ഇടുങ്ങിയ ദൃഷ്ടികള്‍ക്ക് പ്രപഞ്ചത്തിന്റെ വിശാല മണ്ഡലത്തിലേക്ക് മുറിച്ചുകടക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അത് കണ്ടെത്താന്‍ കഴിയുകയുള്ളു. ജനങ്ങള്‍ ദോഷം കാണുന്ന പലതിലും തത്വചിന്തകളാല്‍ ഗുണം ദര്‍ശിക്കുന്നു. പുഴു, ഉറുമ്പ്, പാമ്പ്, തേള്‍, മൂട്ട, ചെള്ള്, ഈച്ച, തവള, ഞണ്ട് തുടങ്ങിയ മാലിന്യങ്ങളില്‍ നിന്നുത്ഭവിക്കുന്ന ജീവികളെല്ലാം മാലിന്യങ്ങള്‍ ഭക്ഷിച്ച മനുഷ്യന് ആശ്വാസം നല്‍കുന്നു. ഇമാം ജാഹിസ് പറയുന്നു: ഒരു ജീവിയിലും നീ ദോഷം കാണരുത്. എല്ലാ ജീവികളും മനുഷ്യന്റെ ഉപകാരത്തിന് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഖുര്‍ആനില്‍ വിവരിച്ച ഒരു ജീവിയാണല്ലോ ചിലന്തി. അതിനെ കാണുമ്പോള്‍ മുഖം ചുളിക്കാത്തവരായി ആരുണ്ട്. എന്നാല്‍ അവ ഭൂമിയിലില്ലായിരുന്നുവെങ്കില്‍ പ്രാണികള്‍ ഈ ഗോളത്തെ തന്നെ തിന്നു നശിപ്പിക്കുമായിരുന്നു. വര്‍ഷംപ്രതി എട്ടുകാലി മൂന്നു മില്യന്‍ റാത്തല്‍ പ്രാണികളെ തിന്നുന്നുവെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. പുഴുക്കളും മണ്ണിരകളും മണ്ണില്‍ സൃഷ്ടിക്കുന്ന ചാലുകള്‍ ചെടികള്‍ക്ക് വേരോട്ടത്തിനു വളരെ സഹായകരമാകുന്നു. കൃഷിയോഗ്യമായ ഒരേക്കര്‍ ഭൂമിയില്‍ അയ്യായിരം പുഴുക്കളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
പരിസ്ഥിതിയുടെ നേരെയുള്ള വിശ്വാസികളുടെ വീക്ഷണം പരിസ്ഥിതി പ്രേമികളെന്ന് അവകാശപ്പെടുന്ന ഭൗതികവാദികളില്‍ നിന്ന് തികച്ചു വ്യത്യസ്തമാണ്. ഭൂമിയിലെ ഓരോ വസ്തുവിലും വിശ്വാസികള്‍ ദൈവത്തിന്റെ വൈഭവം ദര്‍ശിക്കുന്നു. ഈ പ്രകൃതിക്ക് ഇത്രയും സന്തുലിതത്വവും താളാത്മകതയും നല്‍കിയ അവന്റെ കഴിവ് അത്ഭുതകരം തന്നെ. പരിസ്ഥിതി സ്‌നേഹം വിശ്വാസികള്‍ക്ക് ദൈവസ്‌നേഹത്തിന്റെ ഭാഗം തന്നെ. പരിസ്ഥിതി സംരക്ഷണം ബാധ്യതയും പുണ്യകര്‍മ്മവും. ലോകാവസാനം വരെ മനുഷ്യര്‍ക്കും സകല ജീവികള്‍ക്കും പാര്‍ക്കാനും ഉപയോഗിക്കാനും സൃഷ്ടാവ് ഒരുക്കിത്തന്നതാണ് ഈ ഭൂമി തന്നെ ബോധത്തോടെയായിരിക്കണം ഇതിനെ കൈകാര്യം ചെയ്യേണ്ടത്.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending