Views
ലൈംഗിക പീഡനത്തിനപ്പുറത്തെ ഒളിയജണ്ടകള്‍
ടി.കെ പ്രഭാകരന്‍
ഡല്‍ഹി പെണ്‍കുട്ടി നിര്‍ഭയയെ ബസ് യാത്രക്കിടെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിന് ശേഷം രാജ്യത്താകമാനം രോഷാഗ്‌നി പടത്തിയ ജമ്മുകശ്മീരിലെ കത്വ സംഭവം ജനാധിപത്യ ഇന്ത്യയുടെ മനസാക്ഷിയെ വിചാരണ ചെയ്തു കൊണ്ടിരിക്കുകയാണ്. കത്വയില്‍ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ കൂട്ടം ചേര്‍ന്ന് ലൈംഗിക പീഡനത്തിനിരയാക്കുകയും അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവം മനുഷ്യത്വമുള്ളവരുടെ മനസ്സിനെ അങ്ങേയറ്റം അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. വേദനയും നടുക്കവും ദുഃഖവും നിരാശയും പ്രതിഷേധവും ഒരു പോലെ ഉയര്‍ത്തുന്ന അത്യന്തം ഹീനമായ ഈ കൃത്യത്തെ അപലപിക്കാന്‍ നിഘണ്ടുവില്‍ മറ്റേതെങ്കിലും വാക്കുകളുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊതുസമൂഹം. രാഷ്ട്രീയ സാമൂഹ്യസാംസ്‌കാരിക കലാരംഗങ്ങളിലെ പ്രമുഖര്‍ അടക്കമുള്ളവരുടെ ഭാഗത്ത് നിന്നും കത്വ കൊലപാതകത്തിനെതിരെ തങ്ങളുടെ ഹൃദയ വ്യഥകളെ ശക്തമായി പ്രതിഫലിപ്പിച്ചു കൊണ്ടുള്ള പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. രാജ്യമെങ്ങും പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നു. അവള്‍ നേരിട്ട ദുരന്തത്തെയോര്‍ത്ത് വിങ്ങിപ്പൊട്ടുന്ന മനസ്സുമായി പ്രാര്‍ത്ഥനകള്‍ നടക്കുന്നു.
കുറ്റവാളികള്‍ പിടിക്കപ്പെടുന്നത് കൊണ്ട് മാത്രം ആശ്വസിക്കാവുന്ന സംഭവമല്ല കത്വയിലേത്. മനഃസാക്ഷിയുള്ളവര്‍ക്ക് അചിന്തനീയമായ ആ കൊടും ക്രൂരതയിലേക്ക് നയിച്ച സാമൂഹ്യ വംശീയ മനോഭാവങ്ങള്‍ കൂടി പരിശോധിക്കുമ്പോള്‍ പൊതുസമൂഹത്തിന്റെ ആശങ്കകള്‍ ഇരട്ടിക്കുകയാണ് ചെയ്യുന്നത്. ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത് ഒരു പിഞ്ചുബാലികയാണ്. ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച ശേഷം ബാലികയെ തലയില്‍ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മനുഷ്യമനസാക്ഷിക്ക് നിരക്കാത്ത ഈ ക്രൂരത നടന്നത് കത്വയിലെ ഒരു ക്ഷേത്രത്തിനകത്തായിരുന്നു എന്നത് കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നതു പോലെ തന്നെ കടുത്ത സാമൂഹ്യമാനസിക ആഘാതമുണ്ടാക്കുന്ന മറ്റൊരു വസ്തുതയാണ്. ഒരു പിഞ്ചു കുഞ്ഞിന്റെ ചുടുരക്തം വീണത് ദൈവിക സാന്നിധ്യമുണ്ടെന്ന് വിശ്വാസികള്‍ കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്ന പവിത്ര ആരാധനാലയത്തിലാണ് എന്നറിയുമ്പോള്‍ എന്തു പറയണമെന്നറിയാതെ രാജ്യത്തെ ഓരോ പൗരന്റേയും മനസ്സ് അസ്ത്രപ്രജ്ഞമായി തീരുകയാണ്.
ദൈവം എന്നത് സ്‌നേഹവും നന്മയും കരുണയുമാണെങ്കില്‍ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെ ദൈവീക സന്നിധിയില്‍ പൈശാചികമായി പിച്ചിച്ചീന്തിയവരെ നയിച്ചത് ഏത് ദൈവത്തിന്റെ പ്രീതി സമ്പാദിക്കാനായിരുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. പിശാചിന്റെ മാനസികാവസ്ഥയുമായി പിഞ്ചു കുഞ്ഞിന്റെ വാടിത്തളര്‍ന്ന ശരീരത്തില്‍ സംഹാരതാണ്ഡവം നടത്തിയവര്‍ ചെയ്ത പാപം ഒരു ഗംഗയിലും കഴുകിക്കളയാന്‍ സാധിക്കാത്തതാണ്. ഈ നരാധമ സംഘങ്ങള്‍ ഒരു മാപ്പും അര്‍ഹിക്കുന്നില്ല. പെണ്‍കുട്ടിയുടെ ഘാതകര്‍ക്ക് നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്നതാണ് രാജ്യത്തെ മുഴുവന്‍ ജനതയുടെയും പൊതുവികാരം. അക്കാര്യത്തില്‍ ജാതി മത കക്ഷി രാഷ്ട്രീയ ഭേദങ്ങളില്ല.
കത്വ കേസിലെ പ്രതികളെ പിന്തുണച്ച് ജമ്മുകശ്മീര്‍ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകളും ഘാതകര്‍ക്ക് വേണ്ടി നടത്തിയ പ്രകടനങ്ങളും ജനാധിപത്യ ഇന്ത്യയുടെ അഭിമാനത്തിന് ക്ഷതം വരുത്തുന്നതായിരുന്നു.
പിഞ്ചിളം ശരീരത്തില്‍ കാമദാഹം തീര്‍ക്കുകയെന്ന നികൃഷ്ട മനസ്സുകളുടെ വൈകൃതം മാത്രമായി ഈ സംഭവത്തെ കാണാനാകില്ല. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സമുദായാംഗങ്ങളെ പ്രദേശത്തു നിന്നും ഓടിക്കാനും ആസൂത്രിത കലാപങ്ങളുണ്ടാക്കാനും ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു പദ്ധതി ആസൂത്രണം ചെയ്തതെന്നതിനാല്‍ ഇത് വലിയൊരു സാമൂഹിക പ്രശ്‌നം തന്നെയാണ്. അതുകൊണ്ട്തന്നെ ഈ രീതിയിലുള്ള സംഭവങ്ങള്‍ ഒരിക്കലും രാജ്യത്ത് ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടത് കേന്ദ്ര ഭരണകൂടമാണ്. കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കടുത്ത നടപടികളുണ്ടാകുമെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇത് പ്രസ്താവനയില്‍ മാത്രം ഒതുങ്ങാതെ കുറ്റക്കാര്‍ക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും നല്‍കാത്ത വിധത്തില്‍ ഇവിടത്തെ നിയമസംവിധാനങ്ങള്‍ ആത്മാര്‍ത്ഥമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭരണപരവും രാഷ്ട്രീയപരവുമായ ഇടപെടലുകളെയും സമ്മര്‍ദ്ദങ്ങളെയും വകവെക്കാതെ നിയമത്തെ അതിന്റെ വഴിക്ക് തന്നെ സഞ്ചരിക്കാന്‍ അനുവദിക്കേണ്ടത് രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും നീതി ലഭ്യമാക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെ കര്‍ത്തവ്യമാണ്.
രാജ്യത്ത് നിലവിലുള്ള സാമൂഹികാവസ്ഥ ന്യൂനപക്ഷങ്ങള്‍ക്കും ദലിത് സമൂഹത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നില്ലെന്ന പരാതികള്‍ക്ക് ഇടവരുത്താത്ത വിധം സമത്വപൂര്‍ണ്ണമായ ഭരണം ഉണ്ടായാല്‍ മാത്രമേ പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന തുല്യനീതിയും തുല്യ അവകാശങ്ങളും പ്രായോഗിക തലത്തില്‍ ഫലപ്രദമാവുകയുള്ളു. കാരണങ്ങള്‍ എന്തൊക്കെ തന്നെയായാലും പിഞ്ചു കുഞ്ഞുങ്ങള്‍ രാജ്യത്ത് ബലാത്സംഗത്തിനിരകളാകുകയും കൊല ചെയ്യപ്പെടുകയും ചെയ്യുന്നത് ശാപഗ്രസ്തമായ സാമൂഹിക വ്യവസ്ഥയാകും സൃഷ്ടിക്കുകയെന്നതില്‍ സംശയമില്ല. കത് വ സംഭവത്തിന് ശേഷം യു.പിയിലും എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയ മറ്റൊരു സംഭവം ഉണ്ടായി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ വെടിയേറ്റുമരിച്ച വാര്‍ത്തയും പിറകെ വന്നു. നമ്മുടെ നാട്ടില്‍ നിയമവ്യവസ്ഥ ശക്തമാക്കിയിട്ടും കുഞ്ഞുങ്ങള്‍ പൈശാചികമായി കൊല്ലപ്പെടുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. ഏത് സമുദായത്തില്‍പെട്ട കുഞ്ഞായാലും അതിനോട് ഏതൊരാള്‍ക്കും തോന്നുന്ന സഹജമായ വികാരമുണ്ട്. സ്‌നേഹവും വാത്സല്യവുമാണത്.
പ്രലോഭനങ്ങളില്‍പെടുത്തി ഏതൊരു കുഞ്ഞിനെയും ആര്‍ക്കും എവിടെയും കൊണ്ടുപോകാം. തന്നെ കൊണ്ടു പോകുന്നത് മറ്റൊരു മതത്തില്‍പെട്ട ആളുകള്‍ ആണെങ്കില്‍ പോലും അത് എന്തിന് വേണ്ടിയാണെന്ന് കുഞ്ഞ് അറിയില്ല. കാരണം അതിന്റെ മനസ് നിഷ്‌കളങ്കമാണ്. ഏത് വിഭാഗത്തില്‍പെട്ട കുഞ്ഞുങ്ങളായാലും അവരുടെ കണ്ണുകളില്‍ പ്രകടമാവുന്ന ഭാവമാണ് നിഷ്‌കളങ്കത്വം. തന്നെ കൊല്ലാന്‍ തയ്യാറെടുക്കുന്നവരെ നോക്കി പോലും അത് പുഞ്ചിരിക്കും. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പോലുമാകാതെയായിരിക്കും ഒരു കുഞ്ഞ് മരണത്തിലേക്ക് എടുത്തെറിയപ്പെടുന്നത്. ഒരു കുഞ്ഞിനെ ഒരേയൊരു വ്യക്തിക്ക് തന്നെ എളുപ്പത്തില്‍ കീഴ്‌പ്പെടുത്താന്‍ കഴിയും. അതിനെ ദുര്‍ബലമായി ചെറുക്കാന്‍ പോലുമുള്ള കഴിവ് പിഞ്ചു കരങ്ങള്‍ക്കുണ്ടാകില്ല. അപ്പോള്‍ കൂട്ടത്തോടെ അക്രമിക്കപ്പെടുന്ന കുഞ്ഞിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കുക. കത്വ പെണ്‍കുട്ടി ഇന്ത്യയുടെ ദുഃഖ പുത്രിയാണ്. എത്ര കണ്ണീര്‍ പൊഴിച്ചാലും പ്രാര്‍ത്ഥിച്ചാലും പൊലിഞ്ഞു പോയ ആ കുരുന്നു ജീവന്‍ ഇനി തിരിച്ചുവരില്ല.
നിര്‍ഭയയും സൗമ്യയും ജിഷയും ക്രൂരമായ ബലാത്സംഗത്തിനിരയാക്കപ്പെട്ട് കൊലചെയ്യപ്പെട്ടപ്പോള്‍ സമൂഹമനസാക്ഷിയുടെ പ്രതികരണം ഇനി ഇങ്ങനെയൊന്നും ഉണ്ടാകാതിരിക്കാന്‍ ഭരണകൂടവും നിയമവും ഇടപെടണമെന്നായിരുന്നു. കര്‍ശനമായ വ്യവസ്ഥകളോടെ നിയമം സുശക്തമാക്കിയിട്ടും സമാനമായ ക്രൂരതകള്‍ രാജ്യത്ത് ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. നിര്‍ഭയയുടെയും സൗമ്യയുടെയും ജിഷയുടെയും ജീവനെടുത്തതിന് പ്രത്യേക സാമൂഹിക കാരണങ്ങളില്ല. നിര്‍ഭയയെ ചില വ്യക്തികളും സൗമ്യയെയും ജിഷയെയും ഓരോ വ്യക്തിയുമാണ് ഉപദ്രവിച്ച് മരണത്തിലേക്ക് നയിച്ചത്. കൃത്യം ഭീകരമാണെങ്കിലും അതിന് കാരണം പ്രതികളുടെ ലൈംഗിക വൈകൃതങ്ങള്‍ മാത്രമായിരുന്നു.
കശ്മീരിലെത്തുമ്പോള്‍ അതിന് പിന്നില്‍ ലൈംഗിക പീഡനത്തിനപ്പുറം ചില അജണ്ടകള്‍ കൂടിയുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് ഈ വിഷയം സമൂഹ മനഃസാക്ഷിയെ കൂടുതല്‍ ഉലച്ചുകളയുന്നത്. രാഷ്ട്രീയപരമായും വര്‍ഗീയ പരവും സാമുദായിക സാമൂഹികപരവുമായ പ്രശ്‌നങ്ങളുടെ പേരില്‍ കുഞ്ഞുങ്ങള്‍ ഇരകാളക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഒരു വിധത്തിലും അനുവദിക്കപ്പെടരുത്. ഭരണകൂടത്തിന്റെ ഇച്ഛാശക്തി ഏറ്റവും ഫലപ്രദമായി വിനിയോഗിക്കപ്പെടേണ്ടതും ഇത്തരം സന്ദര്‍ഭങ്ങളിലാണ്.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.
കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
-
india16 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News17 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

