കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചെയര്‍മാനായ കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനിയറിംഗ് കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസിന്റെ അക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. വൈകീട്ട് അഞ്ച് മണിയോടെ കുന്ദമംഗലത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് മര്‍ക്കസിന് മുന്നില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ദേശീയപാതയില്‍ കുത്തിയിരുന്നു. കോഴിക്കോട്-വയനാട് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചതോടെ പൊലീസ് വിദ്യാര്‍ത്ഥികളെ ബലംപ്രയോഗിച്ച് മാറ്റാന്‍ ശ്രമിക്കുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.

സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതോടെ വിദ്യാര്‍ത്ഥികളും മുദ്രാവാക്യം വിളികളോടെ സമരം ശക്തമാക്കുകയായിരുന്നു. പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തി പ്രയോഗിച്ചതോടെ ദേശീയപാത സംഘര്‍ഷഭരിതമായി. കൂടുതല്‍ പൊലീസെത്തി വിദ്യാര്‍ത്ഥി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും സമരക്കാര്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സമീപത്തെ കോംപൗണ്ടില്‍ നിന്നും കല്ലേറുണ്ടായതോടെ പൊലീസ് സമരക്കാരെ നേരിടാന്‍ ഗ്രനേഡ് എറിയുകയും ചെയ്തു. വഴി യാത്രക്കാര്‍ക്ക് നേരെയും പൊലീസ് അതിക്രമമുണ്ടായി. പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി മര്‍ക്കസ് ഗേറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും സംഘടിച്ചു. ജില്ലാ കലക്ടര്‍ നേരിട്ടെത്തി ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളും നിലയുറപ്പിച്ചു. വീണ്ടും പൊലീസ് സമരക്കാര്‍ക്ക് നേരെ നീങ്ങുകയും സമരപന്തല്‍ പൊളിച്ചു നീക്കുകയും ചെയ്തു.
രണ്ടര മണിക്കൂറോളം ദേശീയപാതയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ജില്ലാ എം.എസ്.എഫ് പ്രസിഡണ്ട് എം.പി അബ്ദുസമദ് അടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരുക്കേറ്റത്. തലക്കും കാലിനും ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നതിനിടെ വിദ്യാര്‍ത്ഥികളെ പൊലീസ് വാനില്‍ വച്ചും മര്‍ദ്ദിക്കുകയുണ്ടായി. സമര പന്തല്‍ പൊളിച്ച പൊലീസ് സമീപം ബാഗില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണുകളും ലാപ്‌ടോപും മെഗാഫോണും എടുത്തുകൊണ്ടുപോയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗ് കോഴ്‌സിന് പ്രവേശനം നടത്തിയത് അംഗീകൃത കോഴ്‌സാണെന്ന് തെറ്റിദ്ധരിപ്പിച്ചാണെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആരോപണം. കോഴ്‌സിന് അംഗീകാരം ഉറപ്പ് വരുത്തുകയോ പണം തിരികെ തരികയോ വേണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് സമരത്തിനിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പടെ 16 സ്ഥാപന മേധാവികള്‍ക്കെതിരെ കുന്ദമംഗലംപൊലീസ് കേസെടുത്തത്. ജില്ലാ കലക്ടര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലും കോഴ്‌സിന് അംഗീകാരമില്ലെന്നായിരുന്നു. ഇന്നലെ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്നലെ സര്‍വ്വകക്ഷിയുടെ ആഭിമുഖ്യത്തില്‍ മര്‍ക്കസിലേക്ക് മാര്‍ച്ച് നടത്തിയത്.
സംഘര്‍ഷത്തെ തുടര്‍ന്ന് രാത്രി വൈകിയും വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സമരം ഒത്തുുതീര്‍പ്പാക്കാതെ അനിശ്ചിതമായി നീട്ടി കൊണ്ട് പോകുന്ന മര്‍ക്കസ് അധികൃതരുടെ നിരുത്തരപരമായ നിലപാടാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു