കോട്ടയം: മദ്യലഹരിയിൽ വാഹനം ഓടിച്ച് വഴിയാത്രക്കാരനായ വയോധികനെ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭുവിനെതിരെ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്തി. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് കോട്ടയം ചിങ്ങവനം പോലീസ് ചുമത്തിയത്. കുറ്റം തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശി തങ്കരാജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ലോട്ടറി തൊഴിലാളിയായ തങ്കരാജ് (60) അപകടത്തെ തുടർന്ന് ഇന്നലെ വൈകീട്ടാണ് മരിച്ചത്. ക്രിസ്മസ് ഈവിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഡിസംബർ 24-ന് വൈകീട്ട് നാട്ടകം ഗവ. കോളജിന് സമീപത്താണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആദ്യം മറ്റു വാഹനങ്ങളിൽ ഇടിച്ച ശേഷം വഴിയാത്രക്കാരനായ തങ്കരാജിനെ ഇടിക്കുകയായിരുന്നു.