kerala

‘ഇസ്‌ലാമോഫോബിയ ഉപയോഗിച്ചല്ല തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്’

By webdesk17

January 10, 2026

തിരഞ്ഞെടുപ്പിനെ ഇസ്ലാമോഫോബിയ പ്രചാരണത്തിലൂടെ നേരിടാനുള്ള സി.പി.എം ശ്രമം തിരുത്തണമെന്ന സംയുക്ത പ്രസ്താവനയുമായി സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍. വിദ്വേഷ രാഷ്ട്രീയത്തിലൂടെ അധികാരം നേടുക എന്നത് സംഘ്പരിവാര്‍ കാലങ്ങളായി ഇന്ത്യയിലുടനീളം പയറ്റുന്ന തിരഞ്ഞെടുപ്പ് തന്ത്രമാണ്. എന്നാല്‍, മുസ്ലിം സമുദായത്തെയും സമുദായ സംഘടനകളെയും മുന്‍നിര്‍ത്തി സംഘ്പരിവാര്‍ നടത്തുന്ന അതേ വംശീയ പ്രചാരണ തന്ത്രങ്ങള്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. വംശീയ ഉന്മൂലനത്തെ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടവര്‍, ആ രാഷ്ട്രീയത്തിന്റെ ഇരകളായ മുസ്ലിം സമുദായത്തിലെ സംഘടനകളെ ഭീകരവല്‍ക്കരിക്കുന്നത് ഇസ്ലാമോഫോബിയക്ക് കരുത്തുപകരാന്‍ മാത്രമേ സഹായിക്കൂ. ഒരു വിമര്‍ശനത്തില്‍ വംശീയത അടങ്ങിയിട്ടുണ്ടോ എന്നതാണ് അത് ഇസ്ലാമോഫോബിയ ആണോ എന്ന് തിരിച്ചറിയാനുള്ള മാനദണ്ഡം. ‘ഞങ്ങള്‍ സംഘടനകളെയാണ് വിമര്‍ശിച്ചത്’ എന്ന കേവല ന്യായീകരണം കൊണ്ട് വംശീയ വിദ്വേഷ പ്രചാരണങ്ങളെ കഴുകിക്കളയാനാവില്ല.- പ്രസ്താവനയില്‍ പറഞ്ഞു. ന്യൂനപക്ഷ രാഷ്ട്രീയത്തെ ദേശവിരുദ്ധതയായും സമുദായങ്ങളുടെ അവകാശ ചോദ്യങ്ങളെ വര്‍ഗീയതയായും ചിത്രീകരിക്കുന്നത് വലതുപക്ഷ ശൈലിയാണ്. കേരളത്തിലെ പ്രബല സമൂഹങ്ങളായ മുസ്ലിം – ഈഴവ വിഭാഗങ്ങള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ ആസൂത്രിത ശ്രമങ്ങള്‍ക്ക് ഭരണകൂടവും പാര്‍ട്ടിയും മൗനാനുവാദം നല്‍കുന്ന കാഴ്ചയാണ് നാം കാണുന്നത്. ജമാഅത്തെ ഇസ്ലാമി യു.ഡി.എഫ് ഭരണത്തില്‍ ആഭ്യന്തര വകുപ്പ് കൈയാളുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമുള്ള സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്റെ പ്രസ്താവന ഇസ്ലാമോഫോബിയയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഗുജറാത്തില്‍ അഹമ്മദ് പട്ടേല്‍ ആഭ്യന്തരമന്ത്രിയാകുമെന്ന് പറഞ്ഞ് ബി.ജെ.പി നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെ കേരള പതിപ്പാണിത്. മാറാട് കലാപത്തില്‍ യാതൊരു പങ്കുമില്ലാത്ത ഒരു സംഘടനയെ അനാവശ്യമായി വലിച്ചിഴക്കുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനും കലാപാഹ്വാനം നടത്താനും മാത്രമേ ഉപകരിക്കൂ. കേരളത്തിലെ സാമുദായിക സഹവര്‍ത്തിത്വത്തെ തകര്‍ക്കാന്‍ സംഘ്പരിവാര്‍ തക്കം പാര്‍ത്തിരിക്കുമ്പോള്‍, കേവലം തിരഞ്ഞെടുപ്പ് വിജയത്തിനായി ‘തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന’ ഈ സമീപനം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തകര്‍ച്ചയ്ക്കേ വഴിതെളിക്കൂ. ഇസ്ലാമോഫോബിയ പ്രചാരണങ്ങളുടെ ആത്യന്തിക ഗുണഭോക്താക്കള്‍ സംഘ്പരിവാര്‍ ആയിരിക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു. അതുകൊണ്ട്, കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ നിന്ന് ഇടതുപക്ഷം പിന്തിരിയണം. വികസന രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയുള്ള ആരോഗ്യകരമായ സംവാദങ്ങളിലേക്ക് കേരളീയ പൊതുസമൂഹത്തെ നയിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു.- പ്രസ്താവന വ്യക്തമാക്കി. എം.എന്‍ കാരശ്ശേരി, സുദേഷ് എം.രഘു, കെ.കെ ബാബുരാജ്, എന്‍ മാധവന്‍ കുട്ടി, ബാബുരാജ് ഭഗവതി തുടങ്ങി അമ്പതോളം പേരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.