തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. കെ.എസ്.ഇ.ബി വന്‍ നഷ്ടത്തിലാണ്. 7300 കോടിയുടെ കടബാധ്യത വൈദ്യുതി ബോര്‍ഡിനുണ്ട്. ഇത് മറികടക്കണമെങ്കില്‍ നിരക്ക് വര്‍ദ്ധനയല്ലാതെ മറ്റ് വഴികളില്ല. നിലവില്‍ വൈദ്യുതി നിരക്ക് കൂട്ടാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. എന്നാല്‍, പ്രതിസന്ധി തുടര്‍ന്നാല്‍ സ്വാഭാവികമായ നിരക്ക് വര്‍ദ്ധനവ് വേണ്ടിവരും. ബോര്‍ഡിന് പിടിച്ചു നില്‍ക്കാന്‍ അതു മാത്രമേ വഴിയുള്ളൂവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ സംസ്ഥാനത്തിന്റെ ആവശ്യകതയുടെ 70 ശതമാനം വൈദ്യുതിയും പുറത്ത് നിന്ന് വാങ്ങുകയാണ്. ജല അതോറിറ്റിയടക്കം പൊതുമേഖല സ്ഥാപനങ്ങള്‍ കോടികളുടെ കുടിശ്ശികയാണ് വൈദ്യുതി ബോര്‍ഡിന് തീര്‍ക്കാനുള്ളത്. ചെലവുകള്‍ വര്‍ധിക്കുകയാണ്. നിരക്ക് വര്‍ധന ബോര്‍ഡിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്. വൈദ്യുതി ഇല്ലാത്ത ഒരു നിമിഷം പോലും ആലോചിക്കാനാവില്ല. മുടങ്ങാതെ നല്‍കുകയും വേണം. ഇക്കാര്യത്തില്‍ വേറൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും ഉപഭോക്താക്കള്‍ സഹകരിക്കേണ്ടി വരുമെന്നും എം.എം മണി പറഞ്ഞു.
അതിരപ്പിള്ളി വൈദ്യുതി പദ്ധതി നടപ്പാക്കണമെന്നതാണ് തന്റെയുടെയും പാര്‍ട്ടിയുടെയും ആഗ്രഹം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നടപ്പാക്കാനുള്ള സാധ്യതയൊന്നും താന്‍ കാണുന്നില്ല. മുന്നണിക്കകത്ത് ധാരണയും തീരുമാനമുണ്ടാകാതെ മുന്നോട്ടുപോകാനാകില്ല. അതിരപ്പിള്ളി പദ്ധതിക്ക് നിലവില്‍ സാങ്കേതിക തടസ്സങ്ങളൊന്നുമില്ല. മാത്രമല്ല എല്ലാ അനുമതികളുമുണ്ട്. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ സംഘടനകളെല്ലാം പദ്ധതിക്ക് അനുകൂലമാണ്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളിലേക്കെത്തുമ്പോഴാണ് എതിര്‍പ്പുകള്‍ ഉണ്ടാകുന്നത്.
ഏറ്റവും കുറഞ്ഞ ചെലവില്‍ വൈദ്യുതി എത്തിക്കണമെങ്കില്‍ ജല വൈദ്യുതികള്‍ വഴിയേ സാധിക്കൂ. കേരളത്തില്‍ ജല വൈദ്യുതി പദ്ധതികള്‍ക്ക് സാധ്യതകള്‍ ഏറെയുണ്ടെങ്കിലും നിരവധി തടസ്സങ്ങളാണ് നേരിടേണ്ടിവരുന്നത്. പൂയംകുട്ടി പദ്ധതിക്ക് ഇനിയും സാധ്യതകളുണ്ടെന്നും മന്ത്രി പറഞ്ഞു.