എന്‍മാര്‍ഷ് പാര്‍ട്ടി നേതാവും മിതവാദിയുമായ ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തീവ്ര വലതുപക്ഷവാദിയായ മാരീന്‍ ലെ പെനിനെതിരെ മത്സരിച്ചാണ് മക്രോണ്‍ വിജയത്തിലേക്കെത്തിയത്. ഇന്നലെ നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 65.5 ശതമാനം വോട്ട് മക്രോണിന് നേടാനായി. മാരീന്‍ ലെ പെനിന് 34.5ശതമാനം വോട്ടും ലഭിച്ചു. സാമ്പത്തിക ഉദാരീകരണത്തെ പിന്തുണക്കുന്ന ഇടത് അനുഭാവിയാണ് മാക്രോണ്‍.

650x400_bigstry3_636298284973975021

39കാരനായ മാക്രോണ്‍ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം വ്യാഴാഴ്ച്ചയാണ് നടക്കുക. മെയ് 14ന് നിലവിലെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളോന്ദിന്റെ കാലാവധി അവസാനിക്കുകയാണ്. അന്നോ തൊട്ടടുത്ത ദിവസങ്ങളിലോ ഇമ്മാനുവര്‍ മാക്രോണ്‍ അധികാരമേല്‍ക്കും. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇടത്, വലത് കക്ഷികളായ റിപ്പബ്ലിക്കന്‍, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് പുറത്തുനിന്ന് ഒരാള്‍ പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മാക്രോണ്‍ വ്യക്തമാക്കി. ഫ്രഞ്ച് രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാക്രോണിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആശംസകളുമായി ലോക നേതാക്കള്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തെ അഭിനന്ദിച്ചു.