തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ആദായനികുതി വകപ്പിന്റെയും സംഘം ഉടന്‍ റെയ്ഡ് നടത്തും. ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ബിനീഷുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നത്.

പരിശോധന നടത്തുന്നതിനായി ബെംഗളൂരുവില്‍നിന്ന് എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷ് കോടിയേരിയെ ചോദ്യംചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

ബിനീഷ് കോടിയേരിയുടെ വീട് അടക്കം തിരുവനന്തപുരത്ത വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുക. മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന കാര്‍പാലസ് എന്ന സ്ഥാപനത്തിലും പരിശോധനയുണ്ടാകുമെന്നാണ് സൂചന. ബിനീഷിന്റെ പണമിടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.