ലണ്ടന്‍: വെയിന്‍ റൂണി ഇനി ചരിത്രം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഏറ്റവുമധികം ഗോളുകള്‍ സ്വന്തമാക്കുന്ന താരമെന്ന ബഹുമതി അദ്ദേഹം സര്‍ ബോബി ചാള്‍ട്ടണുമായി പങ്കിട്ടു. ഇന്നലെ എഫ്.എ കപ്പില്‍ റീഡിങിനെതിരെ നേടിയ നാല് ഗോള്‍ ജയത്തിനിടെയാണ് ക്യാപ്റ്റന്‍ റൂണി റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്. 543 മല്‍സരങ്ങളില്‍ മാഞ്ചസ്റ്ററിന്റെ കുപ്പായമിട്ട താരത്തിന്റെ 249-ാമത് ഗോളാണ് ഇന്നലെ പിറന്നത്.

1973 ലായിരുന്നു ചാള്‍ട്ടന്റെ റെക്കോര്‍ഡ്. സീസണില്‍ റൂണിക്ക് ഇനിയും ധാരാളം മല്‍സരങ്ങള്‍ കളിക്കാനിരിക്കെ ചാള്‍ട്ടന്റെ റെക്കോര്‍ഡ് ഉടന്‍ തന്നെ റൂണിയുടെ പേരിലാവും. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പോലെ ഒരു ക്ലബിനായി കളിക്കുകയും ഇത്രയുമധികം ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ സാധിക്കുന്നതും വലിയ അംഗീകാരമാണെന്ന് റൂണി പറഞ്ഞു. കോച്ച് ഹൊസേ മോറിഞ്ഞോയും റൂണിയുടെ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. മൈതാനത്ത് പകരം വെക്കാനില്ലാത്ത അക്രമകാരിയാണ് റൂണിയെന്നും റീഡിങിനെതിരായ മല്‍സരത്തില്‍ തന്നെ റൂണി ചാള്‍ട്ടന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് താന്‍ കരുതിയതെന്നും അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലമായി മാഞ്ചസ്റ്ററിന്റെ ചുവപ്പന്‍ കുപ്പായത്തില്‍ കളിക്കുന്ന റൂണിയുടെ 249 ഗോളുകളില്‍ 213 എണ്ണം അദ്ദേഹം പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ നിന്ന് നേടിയവയാണ്. 36 ഗോളുകള്‍ ബോക്‌സിന് പുറത്ത് നിന്നും. 192 എണ്ണം വലം കാലന്‍ ഷോട്ടുകളിലും 27 എണ്ണം ഇടം കാലന്‍ ഷോട്ടുകളിലും. ഹെഡ്ഡര്‍ വഴി 30 തവണ പന്ത് പ്രതിയോഗികളുടെ വലയില്‍ നിക്ഷേപിച്ചപ്പോള്‍ പെനാല്‍ട്ടി കിക്കുകളില്‍ നിന്നും 26 ഗോളുകള്‍ നേടി. ഡയരക്ട് ഫ്രീകിക്ക് വഴി അഞ്ച് ഗോളുകളും.