ദുബൈ: ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയിരുന്നതായി പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫ്. 2002ലാണ് നീക്കം നടന്നത്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിനു പിന്നാലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് നീക്കം നടന്നതെന്ന് മുഷ്‌റഫ് പറഞ്ഞു. ജാപ്പനീസ് ദിനപത്രമായ മൈനീച്ചി ഷിംബൂണിനു നല്‍കിയ അഭിമുഖത്തിലാണ് മുഷ്‌റഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
അറ്റകൈ പ്രയോഗം എന്ന നിലയിലാണ് ഇത്തരമൊരു നീക്കത്തെക്കുറിച്ച് താന്‍ ആലോചിച്ചതെന്ന് മുഷ്‌റഫ് പറയുന്നു. എന്നാല്‍ തിരിച്ചടി ഭയന്നാണ് നീക്കത്തില്‍ നിന്ന് പിന്മാറിയതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. മിസൈലുകളില്‍ ആണവപോര്‍മുനകള്‍ ഘടിപ്പിച്ചിട്ടില്ലായിരുന്നെങ്കിലും ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ ആണവപോര്‍മുന ഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ലയെന്ന മറുപടിയാണ് മുഷ്‌റഫ് നല്‍കിയത്.