ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച വിജയം ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നുണയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായ ഇ. പളനിസ്വാമി. കഴിഞ്ഞ ദിവസം പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തമിഴാനാട്ടില്‍ അണ്ണാ ഡി.എം.കെ ക്ക് വലിയ തോല്‍വിയാണ് പ്രവചിച്ചിരുന്നത്. 39 മണ്ഡലങ്ങളില്‍ 27 വരെ ഡി.എം. കെ നേടുമെന്നും മറ്റൊരു സര്‍വ്വേയില്‍ 34 വരെയെന്നും പ്രവചനമുണ്ടായിരുന്നു. ഇ ഫലങ്ങള്‍ പുറത്ത് വന്നതോടെയാണ് അണ്ണാ ഡി.എം.കെ പരസ്യമായി എക്‌സിറ്റ് പോളിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ നേതൃത്വത്തില്‍ 37 സീറ്റ് അണ്ണാ ഡി.എം.കെ നേടിയിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കെതിരെ ടി.ടി.വി ദിനകരനും രംഗത്ത് എത്തിയിട്ടുണ്ട്. ജനവിധി വരുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ നുണ പറഞ്ഞ് എതിര്‍ പാര്‍ട്ടികളെ തളര്‍ത്താന്‍ ശ്രമിക്കുകയാണ് എന്നാല്‍ വോട്ടെണ്ണല്‍ ദിനം വരെ ജാഗ്രതയോടെ കാത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.