ന്യൂഡൽഹി: സർക്കാർ ജോലികൾക്കായി വ്യാജ നിയമന കത്തുകൾ അയച്ച് വൻതോതിൽ തട്ടിപ്പ് നടത്തിയ കേസിൽ കേരളമടക്കം ആറു സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കേരളത്തിൽ എറണാകുളം, പന്തളം, അടൂർ എന്നിവിടങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്.
ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെയും റെയ്ഡുകൾ പട്‌നയിലെ ഇ.ഡി ഓഫീസിന്റെ നേതൃത്വത്തിലാണ് നടന്നത്. റെയിൽവേയുടെ പേരിൽ നടത്തിയ വ്യാജ നിയമന തട്ടിപ്പാണ് ആദ്യം പുറത്തുവന്നത്. തുടർന്ന് വനംവകുപ്പ്, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്, ഇന്ത്യ പോസ്റ്റ്, ആദായനികുതി വകുപ്പ്, ഹൈക്കോടതികൾ, പി.ഡബ്ല്യു.ഡി, ബിഹാർ സർക്കാർ, ഡൽഹി വികസന അതോറിറ്റി, രാജസ്ഥാൻ സെക്രട്ടേറിയറ്റ് തുടങ്ങിയ 40ലധികം സ്ഥാപനങ്ങളിലെ ജോലികൾക്കെന്ന പേരിലും തട്ടിപ്പ് നടത്തിയതായി ഇ.ഡി കണ്ടെത്തി.
വ്യാജ നിയമന കത്തുകൾ അയയ്ക്കാൻ തട്ടിപ്പുസംഘം വ്യാജ ഇ-മെയിൽ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായും ഉദ്യോഗാർഥികളുടെ വിശ്വാസം നേടുന്നതിനായി മൂന്നു മാസത്തെ ശമ്പളം മുൻകൂറായി നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ആർ.പി.എഫ്, ടി.ടി.ഇ, ടെക്നീഷ്യൻ തുടങ്ങിയ പദവികളിലേക്കാണ് വ്യാജ നിയമനങ്ങൾ നൽകിയിരുന്നത്.
ബിഹാറിലെ മുസാഫർപൂർ, മോത്തിഹാരി, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, തമിഴ്‌നാട്ടിലെ കൊടൂർ, ചെന്നൈ, ഗുജറാത്തിലെ രാജ്കോട്ട്, ഉത്തർപ്രദേശിലെ ഗോരഖ്പൂർ, പ്രയാഗ്‌രാജ്, ലഖ്‌നോ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണം തുടരുമെന്നും ഇ.ഡി അറിയിച്ചു.