ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ ന്യൂഡല്‍ഹിയിലെ എ.ടി.എമ്മില്‍ രണ്ടായിരം രൂപയുടെ കള്ളനോട്ട്. ദക്ഷിണ ഡല്‍ഹിയിലെ സംഘംവിഹാറിലെ എ.ടി.എമ്മില്‍ നിന്ന് ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിയ നോ്ട്ടാണ് ലഭിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാനത്താണ് ഇപ്രകാരമെഴുതിയിട്ടുള്ളത്. ഗാരന്‍ഡീഡ് ബൈ സെന്‍ട്രല്‍ ഗവണ്‍മെന്റ് എന്ന സ്ഥാനത്ത് ഗാരന്‍ഡീഡ് ബൈ ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

യഥാര്‍ത്ഥ നോട്ടുമായി ഏറെ സാമ്യമുള്ള നോട്ടില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പില്ല. രൂപയുടെ ചിഹ്നവുമില്ല. നോട്ടിന്റെ ഇടതുവശത്ത് ചുരന്‍ ലേബല്‍ എന്നും ആര്‍.ബി.ഐ സീലിന് പകരം പി.കെ എന്നുമാണ് അച്ചടിച്ചിട്ടുള്ളത്. 000000 ആണ് സീരിയല്‍ നമ്പര്‍. കോള്‍സെന്ററില്‍ ജോലി ചെയ്യുന്ന യുവാവിനാണ് പണം ലഭിച്ചത്. എട്ടായിരം രൂപയാണ് ഇയാള്‍ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ചത്.