കണമല (കോട്ടയം) : കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഇനി പഞ്ചായത്ത് പ്രസിഡന്റിന് അധികാരം നല്‍കുന്ന ഉത്തരവില്‍ വ്യക്തത ഇല്ലെന്ന് കര്‍ഷകര്‍. ഇതിന് പുറമെ കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വിയോജിപ്പും സംശയം സൃഷ്ടിക്കുന്നു. നിലവില്‍ സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് ആണ് ഇനി സര്‍ക്കാര്‍ ഉത്തരവായി മാറുക. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കുന്നതോടെ സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തിലാകും. ഇതോടെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റിന് കൂടി ലഭിക്കുന്ന നിയമ ഭേദഗതിയാണ് പ്രാബല്യത്തിലാകുക. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പഞ്ചായത്തുകള്‍ക്കാണ് ഇത് ബാധകമാവുക.

പുതിയ ഉത്തരവിനോടൊപ്പം ഏതൊക്കെ പഞ്ചായത്തുകളിലാണ് ഇത് ബാധകമാകുന്നതെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കണം. കാട്ടുപന്നികള്‍ മൂലം കൃഷി നാശം നേരിടുന്ന പഞ്ചായത്തുകളില്‍ ഉത്തരവ് ബാധകമായാലാണ് പ്രയോജനമുണ്ടാവുക. ഈ പഞ്ചായത്തുകള്‍ ഏതൊക്കെയെന്ന് ഇനി സര്‍ക്കാര്‍ തീരുമാനമുണ്ടാകണം. ഈ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ക്ക് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായി ചുമതല സര്‍ക്കാര്‍ ഇതോടൊപ്പം നല്‍കുന്നതോടെ ഉത്തരവ് നടപ്പിലാക്കാം.എന്നാല്‍ നിയമം ആയി മാറാനിരിക്കുന്ന ഈ ഉത്തരവില്‍ കൂടുതല്‍ വ്യക്തത കൈവരാനുണ്ടെന്ന് കര്‍ഷകരും കര്‍ഷക സംഘടനകളും അഭിപ്രായപ്പെടുന്നു.

ഈ നിയമം പട്ടയ ഭൂമിയുടെ അടിസ്ഥാനത്തില്‍ ആകരുതെന്ന് എരുമേലിയുടെ കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ ആവശ്യപ്പെട്ടു. പട്ടയ ഭൂമി മാനദണ്ഡമാക്കിയാല്‍ ഈ പ്രദേശത്തെ ബഹു ഭൂരിപക്ഷം കര്‍ഷകര്‍ക്കും ഉത്തരവിന്റെ പ്രയോജനം ലഭിക്കില്ല. ഇവിടെ വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഇനിയും നിയമ സാധുതയുള്ള പട്ടയം ലഭിച്ചിട്ടില്ല. കാട്ടുപന്നിയെ നാട്ടുപന്നിയായി കണക്കാക്കരുതെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

വെടിവെയ്ക്കാന്‍ ആളുണ്ടാകണം;
നാട്ടുപന്നിയായി പരിഗണന പാടില്ല

കാട്ടില്‍ നിന്നും നാട്ടില്‍ തവളമാക്കി പെറ്റു പെരുകിയ പന്നികള്‍ ധാരാളമാണ്. മാസങ്ങളായി മടങ്ങാതെ നാട്ടില്‍ വിഹരിക്കുകയാണ് ഇവയെല്ലാം. വനത്തില്‍ ഇവയ്ക്ക് കഴിയാന്‍ അനുയോജ്യമായ ആവാസ വ്യവസ്ഥ നാട്ടില്‍ ലഭിച്ചതാണ് കാട്ടുപന്നികള്‍ തിരികെ കാട്ടിലേക്ക് പോകാതെ നാട്ടില്‍ വിഹരിക്കാന്‍ കാരണം. റബര്‍ വില കുറഞ്ഞതോടെ ടാപ്പിംഗ് നഷ്ടമായത് മൂലം ഒട്ടേറെ റബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് നിലയ്ക്കുകയും കാടിനോട് സമാനമായ നിലയില്‍ തോട്ടങ്ങള്‍ മാറുകയും ചെയ്തത് കാട്ടുപന്നികള്‍ക്ക് വിഹരിക്കാന്‍ സാഹചര്യം ഒരുക്കി. ഒരു പ്രസവത്തില്‍ ഒരു ഡസന്‍ എന്ന നിലയില്‍ പെറ്റു പെരുകുന്ന ഇവറ്റകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ കാര്യം പരിഗണിച്ച് നാട്ടുപന്നിയായി ഇവറ്റകളെ കണക്കാക്കരുതെന്ന് കര്‍ഷകനും കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് പുളിക്കന്‍ പറഞ്ഞു .

ആദ്യമായി വനപാലകര്‍ ഉള്‍പ്പടെ ജാഗ്രതാ സമിതി തന്റെ നേതൃത്വത്തില്‍ നാട്ടില്‍ രൂപീകരിച്ചിട്ട് ഇതുവരെ ഒരു കാട്ടുപന്നിയെ പോലും പിടിക്കാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. കര്‍ഷകര്‍ ആരോട് പോയി ആവശ്യപ്പെടുമെന്ന് ഉത്തരവിലില്ല. കൃഷി നാശത്തിന് പുറമെ മണ്ണിളക്കി വിരകളെ പിടിക്കാന്‍ വരെ പന്നികളെത്തുന്നു.

ഇന്നലെയും തന്റെ പറമ്പിലെ കപ്പകള്‍ പന്നികള്‍ നശിപ്പിച്ചെന്നും പ്രകാശ് പുളിക്കന്‍ പറഞ്ഞു. ലൈസന്‍സ് ഉള്ളവരെ കൊണ്ട് പന്നികളെ വെടി വച്ചു കൊല്ലാനാണ് നിയമം അനുമതി നല്‍കുന്നത്. പ്രാദേശികമായി ഇത്തരം ആളുകളെ നിയമിച്ചാലാണ് ഇത് സാധിക്കുക. ഇതിനുള്ള നടപടികള്‍ ഉത്തരവിനോടൊപ്പം വേണമെന്നും കര്‍ഷകര്‍.

കേന്ദ്ര നിലപാട് സംശയം

അതേസമയം കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂലമല്ലാത്ത നിലയില്‍ അഭിപ്രായം ഉയര്‍ന്നത് പുതിയ ഉത്തരവില്‍ ആശങ്ക ഉയര്‍ത്തുന്നുമുണ്ടെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി കണക്കാക്കാനാവില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചാല്‍ അനിയന്ത്രിതമായി കാട്ടുപന്നികളെ കൊന്നൊടുക്കിയേക്കാമെന്ന് കേന്ദ്ര മന്ത്രാലയം പറയുന്നു. മാംസഭോജികളായ വന്യ മൃഗങ്ങള്‍ക്ക് കാട്ടുപന്നികളെ ഭക്ഷണമാക്കുന്നതിന് കാട്ടുപന്നികള്‍ക്ക് വംശ നാശം നേരിടരുതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രാബല്യത്തിലാക്കാനിരിക്കുന്ന പുതിയ ഉത്തരവിനെ ഇത് സംശയത്തിലാക്കുകയാണെന്നാണ് കര്‍ഷക സംഘടനകളുടെ അഭിപ്രായം.