columns
പെരുന്നാളുകളുടെ പെരുന്നാള്‍-ടി.എച്ച് ദാരിമി
ആത്മീയ വികാരങ്ങള്‍ ആകാശച്ചുവടാകെ നിറയുന്ന ഒരേയൊരു ദിനമേ ഇസ്‌ലാമിക ദര്‍ശനത്തിലുള്ളൂ. അത് അറഫാദിനമാണ്. കാരണം അറഫാദിനത്തിന്റെ പുണ്യങ്ങളും കര്‍മങ്ങളും സത്യവിശ്വാസികളെ മുഴുവനും ഉള്‍ക്കൊള്ളുകയാണ്. ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുമായി ഹജ്ജിന് വന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ കര്‍മത്തിന്റെ കാണ്ഠം അറഫയാണ്.
ആത്മീയ വികാരങ്ങള്‍ ആകാശച്ചുവടാകെ നിറയുന്ന ഒരേയൊരു ദിനമേ ഇസ്‌ലാമിക ദര്‍ശനത്തിലുള്ളൂ. അത് അറഫാദിനമാണ്. കാരണം അറഫാദിനത്തിന്റെ പുണ്യങ്ങളും കര്‍മങ്ങളും സത്യവിശ്വാസികളെ മുഴുവനും ഉള്‍ക്കൊള്ളുകയാണ്. ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുമായി ഹജ്ജിന് വന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ കര്‍മത്തിന്റെ കാണ്ഠം അറഫയാണ്. കാരണം നബി(സ) പറഞ്ഞു: അറഫയാണ് ഹജ്ജ്. ദുല്‍ഹജ്ജ് ഒമ്പതിന് അറഫ എന്ന സ്ഥലത്ത് എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് ഹജ്ജ് ഇല്ല. വിവിധ ഉത്തരവാദിത്തങ്ങളുള്ള മാലാഖമാര്‍ അവയെല്ലാം മാറ്റിവെച്ച് അല്ലാഹുവോടൊപ്പം വിശ്വാസികളുടെ കര്‍മങ്ങള്‍ക്ക് സാക്ഷികളാകുന്നു. അല്ലാഹുവിന്റെ മുന്നില്‍ തലകുനിച്ച്, കൈ ഉയര്‍ത്തി, കണ്ണീരൊലിപ്പിച്ച് പ്രാര്‍ഥനകളില്‍ അലിഞ്ഞുചേരുന്ന അറഫയിലെ വിശ്വാസികളെ കണ്ട് അല്ലാഹു ആനന്ദിക്കും എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഇത് കാണുന്ന സന്ദര്‍ഭത്തില്‍ അല്ലാഹു മാലാഖമാരോട് ഇപ്രകാരം അഭിമാനത്തോടെപറയും: എന്റെ അടിമകളിലേക്ക് നോക്കൂ, അവര്‍ പൊടിപുരണ്ട്, മുടി ജഢപിടിച്ച്, മലമ്പാതകള്‍ താണ്ടി എന്റെ അടുത്ത് വന്നിരിക്കുന്നു. ഞാനവരുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയിരിക്കുന്നുവെന്നതിന് നിങ്ങളെ സാക്ഷികളാക്കുന്നു. അവര്‍ക്ക് വേണ്ടതെല്ലാം ഞാന്‍ നല്‍കുന്നതാണ് (ബുഖാരി). അതിനാലാണ് നബി(സ) ഇപ്രകാരം പറഞ്ഞത്: അറഫയില്‍ വന്ന് നിന്നതിന്‌ശേഷം അല്ലാഹു തനിക്ക് പൊറുത്ത് തന്നില്ലെന്ന് കരുതുന്നതാണ് ഏറ്റവും വലിയ തെറ്റ്. അല്ലാഹു അവര്‍ക്ക് എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കുന്നു. അവര്‍ അറഫയില്‍ വെച്ച് ഉയര്‍ത്തുന്ന പ്രാര്‍ഥനയുടെ സവിശേഷതയാണ് ഈ പാപമോചനം. അവരുടെ അന്നത്തെ പ്രാര്‍ഥന അത്രക്കും ശ്രേഷ്ഠമാണ്. നബി (സ) പറയുന്നു: ഏറ്റവും ഉത്തമമായ പ്രാര്‍ഥന അറഫാ ദിനത്തിലെ പ്രാര്‍ഥനയാണ് (ബുഖാരി, മുസ്‌ലിം). അറഫയില്‍ ഹാജിമാര്‍ക്ക് ചെയ്യാനുള്ള ഏക കര്‍മവും ഈ മനസ്സറിഞ്ഞ തേട്ടം തന്നെയുണ്ടല്ലോ. നമസ്‌കാരങ്ങള്‍ ജംആക്കിയും ഖസ്‌റാക്കിയും നമസ്‌കരിച്ച് അവര്‍ ബാക്കി സമയം മുഴുവനും പ്രാര്‍ഥനയില്‍ മുഴുകുകയുമാണ് ചെയ്യുന്നത്. നബി(സ) തന്റെ ഹജ്ജ് യാത്രയില്‍ മണിക്കൂറുകളോളമാണ് തിരു കൈകള്‍ മേലോട്ടുയര്‍ത്തി റബ്ബിനോട് പ്രാര്‍ഥിച്ചുനിന്നത്. ആ പ്രാര്‍ഥനക്ക് അല്ലാഹു നല്‍കുന്ന പ്രത്യേകത നരക മോചനമാണ്. നബി(സ) പറഞ്ഞു: അറഫാദിനത്തെപ്പോലെ അല്ലാഹു തന്റെ ദാസന്‍മാരെ നരകത്തില്‍നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല (അബൂദാവൂദ്). നരകത്തില്‍നിന്ന് മോചിപ്പിക്കുക എന്നതിന് വിശാലമായ അര്‍ഥമാണ് ഇസ്‌ലാമികാദര്‍ശത്തിലുള്ളത്. അത് നരകത്തിലേക്ക് നയിക്കുന്ന എല്ലാ സംഗതികളില്‍നിന്നും സാഹചര്യങ്ങളില്‍നിന്നും അകറ്റിനിറുത്തുക എന്നതാണ്.
ഈ ദിനത്തിന്റെ മറ്റൊരു സവിശേഷമായ കാഴ്ച നബി (സ) പറഞ്ഞത് ത്വല്‍ഹത്ത് ബിന്‍ ഉബൈദില്ല(റ) ഇങ്ങനെ ഉദ്ധരിക്കുന്നു: അറഫാദിനത്തേക്കാളേറെ നിന്ദിതനും നീചനും കോപാകുലനുമായി പിശാചിനെ മറ്റൊരു ദിവസത്തിലും കാണാനാവുകയില്ല. കാരണം, ആ ദിവസത്തിലാണല്ലോ അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുന്നതും അതുവഴി ഒരുപാട് ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതും. മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ പിശാച് ജല്‍പ്പിച്ച ജല്‍പ്പനങ്ങള്‍ തകര്‍ന്നുവീഴുന്ന കാഴ്ചയാണ് അറഫയിലുടനീളം കാണപ്പെടുന്നത്. അവന്‍ അഹങ്കാരിയായിരിക്കും രക്തദാഹിയായിരിക്കും എന്നൊക്കെയാണ് അവനന്ന് പറഞ്ഞത്. എങ്കില്‍ നീ അത് തെളിയിക്കൂ എന്ന നിലക്ക് പരിമിതവും നിയന്ത്രിതവുമായ ചില സ്വാതന്ത്ര്യങ്ങള്‍ അല്ലാഹു നല്‍കിയതുമാണ്. മോഹങ്ങള്‍, ഇഛകള്‍, മനോരാജ്യങ്ങള്‍ തുടങ്ങിയവ കാണിച്ചു കൊടുത്ത് അവന്‍ മനുഷ്യനെ വഴിപിഴപ്പിക്കാന്‍ നിരന്തരം ശ്രമിച്ചതുമാണ്. പക്ഷേ, എന്നിട്ടും അവന് വിജയിക്കാനായില്ല. കാരണം അറഫയില്‍ അലയടിക്കുന്ന ജനലക്ഷങ്ങള്‍ എല്ലാം മറന്നും ത്യജിച്ചും അല്ലാഹുവില്‍ അലിഞ്ഞുനില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. അവരില്‍ പ്രഭുവും ദരിദ്രനുമുണ്ട്. പണ്ഡിതനും പാമരനുമുണ്ട്. അടിമയും ഉടമയുമുണ്ട്. ഭരണാധികാരിയും ഭരണീയനുമുണ്ട്. പക്ഷേ, അവരൊന്നും അല്ലാഹു എന്ന വികാരത്തിനപ്പുറത്തേക്ക് എത്തിനോക്കുന്നില്ല. അവര്‍ക്ക് അവരല്ല, അല്ലാഹുവാണ് പ്രധാനം. അതു കാണുമ്പോള്‍ തന്റെ ശ്രമങ്ങളെല്ലാം വിഫലമാകുന്ന മാനക്കേടിന്റെ മുമ്പിലാണ് പിശാച് എത്തുന്നത്. പിന്നെ എങ്ങനെ അവന്‍ മാനം കെടാതിരിക്കും.
പരസ്പര കക്ഷി മാല്‍സര്യങ്ങളും വര്‍ഗ, വര്‍ണ, ദേശ വെറികളും മറന്ന് ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും ഉയര്‍ന്ന ചിന്തയുള്ള, ഏകനായ റബ്ബിനെ ആരാധിക്കുന്ന ഒരൊറ്റ സമുദായമാണ് തങ്ങള്‍ എന്ന സന്ദേശമാണ് അറഫയില്‍ വിശ്വാസികള്‍ നല്‍കുന്നത്. തങ്ങളുടെ ജീവിതത്തെ സുരക്ഷിതമായി നയിക്കാന്‍ ആവശ്യമായ സമ്പൂര്‍ണ മതം അല്ലാഹു തന്നിരിക്കുന്നു എന്നും അതില്‍ ഞങ്ങള്‍ സംപ്രീതരും സംതൃപ്തരുമാണ് എന്ന സന്ദേശം അവര്‍ വിളിച്ചുപറയുകയാണ്. ആ സന്ദേശം പ്രഘോഷണം ചെയ്യുന്നതാവട്ടെ ലബ്ബൈക്ക എന്ന പ്രഖ്യാപനം വഴിയാണ്. ലബ്ബൈക്കയുടെ അര്‍ഥം ഒരു പ്രസ്താവനയല്ല, ഒരു പ്രഖ്യാപനമാണ്. അല്ലാഹുവേ, നീ ഇഛിക്കുന്നതിനെല്ലാം ഞങ്ങള്‍ ഒരുക്കമാണ് എന്ന പ്രഖ്യാപനം. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സ്വന്തം മകന്റെ കഴുത്തില്‍ കത്തിവെക്കുവാന്‍ സന്നദ്ധനായ ഇബ്രാഹീം നബിയും നിഷ്‌കളങ്കമായി ത്യാഗത്തിന്റെ ബലിക്കല്ലില്‍ തലവെച്ചു കൊടുത്ത ഇസ്മാഈല്‍ നബിയുമാണ് അവരുടെ വികാരത്തെ ചൂടുപിടിപ്പിക്കുന്ന ഘടകങ്ങള്‍. അതിനാല്‍ അവരുടേത് അഭിനയമല്ല. വിധേയത്വമാണ്.
ഈ ദിനം ഇവ്വിധം അറഫയിലുള്ളവരെ സ്വാധീനിക്കുമ്പോള്‍ ഇതേ വികാരങ്ങളുമായി ലോകമെമ്പാടുമുള്ള സത്യവിശ്വാസികള്‍ അവരുടെ വികാരത്തിനൊപ്പം നില്‍ക്കുന്നു. അറഫയില്‍ ഹാജിമാര്‍ പ്രാര്‍ഥനയില്‍ അലിഞ്ഞുചേരുമ്പോള്‍ സത്യവിശ്വാസികള്‍ സുന്നത്ത് നോമ്പനുഷ്ഠിച്ച് അവരോട് ഐക്യപ്പെടുന്നു. ഹജ്ജ് കര്‍മം നിര്‍വഹിക്കാത്തവര്‍ക്കാണ് അറഫാദിനത്തില്‍ നോമ്പനുഷ്ഠിക്കല്‍ ശക്തമായ സുന്നത്തുള്ളത്. കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കുന്നതാണ് ഈ സുന്നത്ത് നോമ്പ് എന്ന് നബി(സ) പറഞ്ഞിരിക്കുന്നു. അറഫയില്‍ ഹാജിമാര്‍ക്ക് അല്ലാഹു നല്‍കുന്നതിനു സമാനമായ സവിശേഷ പുണ്യം അല്ലാത്തവര്‍ക്കും നല്‍കപ്പെടുന്നു എന്നര്‍ഥം. മാത്രമല്ല, പിറ്റേന്ന് ഹാജിമാര്‍ കല്ലേറ് നടത്തിയും ബലി ദാനം നല്‍കിയും മിനാ താഴ്‌വാരത്തെ ആത്മപ്രകമ്പനം കൊള്ളിക്കുമ്പോള്‍ തക്ബീറുകള്‍ ഉച്ചത്തില്‍ ഉയര്‍ത്തിയും ഉളുഹിയ്യത്ത് അറുത്തും പുണ്യങ്ങളില്‍ വിശ്വാസികള്‍ പങ്കുചേരുന്നു. ലോകത്തിലെ എല്ലാ വിശ്വാസികളെയും ഉള്‍ക്കൊള്ളുന്ന ഇങ്ങനെ ഒരു ചിത്രം ഈ ദിനങ്ങളില്‍ രൂപപ്പെടുന്നതുകൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ പെരുന്നാളും സന്തോഷവും ആത്മീയാനന്ദനുമായി അറഫ മുതല്‍ ദിനങ്ങള്‍ മാറുന്നത്.
ഈ ദിനമാണ് വിശ്വാസികളുടെ ഏറ്റവും വലിയ പെരുന്നാള്‍ എന്ന് പറയുന്നതിന് മറ്റൊരു ദൈവ ദാനത്തിന്റെ സ്വാധീനം കൂടിയുണ്ട്. ഇതുപോലെ ഒരു അറഫാദിനത്തില്‍ വെച്ചായിരുന്നു അല്ലാഹു തന്റെ ദീന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നുവെന്ന് അറിയിച്ച് സൂറ മാഇദയിലെ മൂന്നാമത്തെ വചനം അവതരിച്ചത്. അല്ലാഹു പറഞ്ഞു: നിങ്ങള്‍ക്കു ഇന്നു ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചു തരികയും എന്റെ അനുഗ്രഹം സമഗ്രമാക്കുകയും ഇസ്‌ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ഹജ്ജത്തുല്‍ വിദാഇല്‍ അറഫാത്തിലെ കുന്നില്‍ നബി(സ) നില്‍ക്കവേയാണ് ഈ സൂക്തം അവതരിച്ചത്. ജാഹിലിയ്യത്തിന്റെയും ശിര്‍ക്കിന്റെയും യുഗമവസാനിപ്പിച്ച് ഇസ്‌ലാം പൂര്‍ത്തീകരിച്ചു; മക്കയും അറേബ്യയും ഇസ്‌ലാമിന്റെ കൊടിക്കൂറക്കു കീഴിലായി; ജനങ്ങള്‍ കൂട്ടം കൂട്ടമായി പുണ്യമതത്തിലണിനിരന്നു; മറ്റു മതങ്ങളുടെയൊക്കെ സാധുതയും സ്വീകാര്യതയും അവസാനിപ്പിച്ച് ഇസ്‌ലാം മാത്രം സ്വീകരിക്കപ്പെട്ട മതമാക്കി ഇവയത്രയും അതിമഹത്തായ അനുഗ്രഹങ്ങളാണ്. ഓരോ മുസ്‌ലിമിനെ സംബന്ധിച്ചും ഏറെ അഭിമാനാര്‍ഹമായ ഒരു ഖുര്‍ആന്‍ സൂക്തമാണിത്. ഈ സൂക്തത്തോടെ പൂര്‍ണമാകുന്നത് അല്ലാഹു മനുഷ്യനെ ഈ പ്രപഞ്ചത്തിലേക്ക് അയക്കുമ്പോള്‍ നടത്തിയ ഒരു വാഗ്ദാനമാണ്. അന്ന് അല്ലാഹു പറഞ്ഞു: നാം അരുളി: നിങ്ങളെല്ലാവരും സ്വര്‍ഗത്തില്‍ നിന്നിറങ്ങുക. ഇനി എന്റെയടുത്തുനിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നെത്തുകയും അതാരെങ്കിലും പിന്തുടരുകയും ചെയ്യുന്നുവോ, അവര്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടി വരില്ല (അല്‍ ബഖറ 38). ഭൂമിയിലെത്തിയാല്‍ മനുഷ്യര്‍ക്ക് അല്ലാഹുവിന്റെ ദീനും ശരീഅത്തും വരുമെന്നു സൂചിപ്പിച്ചിരിക്കുകയാണ് ഈ സൂക്തം. അത് പിന്‍പറ്റുന്നവര്‍ ഇഹപര വിജയികളാകും. പരലോകത്തെ സംഭീതാവസ്ഥകളില്‍നിന്നും ദുഃഖങ്ങളില്‍നിന്നും അവര്‍ വിമുക്തരായിരിക്കും. അല്ലാഹുവിന്റെ കല്‍പനകള്‍ തള്ളിക്കളയുന്ന നിഷേധികളാകട്ടെ എന്നെന്നും നരകത്തിലാകുന്നു. അന്ന് ആദം നബിയില്‍ തുടങ്ങി ഒന്നേ കാല്‍ ലക്ഷം പ്രവാചകന്‍മാര്‍ പിന്നിട്ട് ആദര്‍ശം പൂര്‍ത്തീകരിക്കപ്പെട്ടു എന്നു പറയുമ്പോള്‍ അതൊരു ശ്രദ്ധേയമായ മുഹൂര്‍ത്തം തന്നെയാണല്ലോ.
ഹ. ഉമറുബ്‌നുല്‍ ഖത്താബി(റ) നോട് ഒരിക്കല്‍ ജുതന്മാര്‍ പറഞ്ഞു: നിങ്ങള്‍ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തം ഞങ്ങള്‍ ജൂതസമുദായത്തിനാണ് അവതരിച്ചിരുന്നതെങ്കില്‍ ഞങ്ങള്‍ അതൊരു ആഘോഷദിനമാക്കിയിരുന്നേനേ! അതു കേട്ട ഉമര്‍ (റ) ചോദിച്ചു: ഏതാണാ സൂക്തം? അവര്‍: അല്‍ യൗമ… എന്ന് തുടങ്ങുന്ന സൂക്തം. ഉമര്‍(റ) മറുപടി നല്‍കി: എന്തു പശ്ചാത്തലത്തിലായിരുന്നു, എവിടെയാണ് അതിറങ്ങിയത്, തത്സമയം നബി (സ) എവിടെയായിരുന്നു എന്നൊക്കെ എനിക്കു നന്നായറിയാം. അറഫ ദിനത്തില്‍ ഞങ്ങള്‍ അറഫ മൈതാനിയിലായിരിക്കെ വെള്ളിയാഴ്ചയാണ് അത് അതവതരിച്ചത്. (ബുഖാരി) അറഫദിനവും വെള്ളിയാഴ്ചയുമായതുകൊണ്ട് ഇരട്ട ആഘോഷമാണെന്നര്‍ഥം. അതിനാല്‍ അറഫാദിനം പെരുന്നാളുകളുടെ പെരുന്നാളാണ് സത്യവിശ്വാസികള്‍ക്ക്. അവര്‍ക്കന്ന് അല്ലാഹു കൈയും മനസും ജീവിതവും നിറയെ സമ്മാനങ്ങള്‍ നല്‍കുന്നു. ഏറ്റവും വിലപ്പെട്ട സമ്മാനങ്ങള്‍.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala21 hours agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala22 hours agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
More2 days agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്
