ബെംഗളൂരു: കരസേനാ മേധാവിയായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ ജനറല്‍ കരിയപ്പയെ കുറിച്ച് കളവ് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനറല്‍ കരിയപ്പയുടെ മകന്‍ കെ.സി കരിയപ്പ രംഗത്തെത്തി. തന്റെ പിതാവിനേയും മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള മോദിയുടെ വ്യാജ പ്രചാരണം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. എവിടെ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് മോദി ചരിത്രത്തെ വളച്ചൊടിച്ച് കളവ് പ്രചരിപ്പിച്ചത്. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിലെ ഹീറോ ആയിരുന്ന ജനറല്‍ കരിയപ്പയെ നെഹ്‌റു അപമാനിച്ചു എന്നായിരുന്നു മോദി കര്‍ണാടകയില്‍ പ്രസംഗിച്ചത്. എന്നാല്‍ ഇന്ത്യ-ചൈന യുദ്ധത്തിന്റെ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1953ല്‍ തന്നെ കരിയപ്പ വിരമിച്ചിരുന്നു. മാത്രവുമല്ല കോണ്‍ഗ്രസുകാരനായ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് 1986ല്‍ കരിയപ്പക്ക് ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കി ആദരിച്ചതെന്ന ചരിത്ര സത്യവും മോദി മനപ്പൂര്‍വം മറക്കുകയായിരുന്നു.

കരസേനാ മേധാവിയായിരുന്ന ജനറല്‍ തിമ്മയ്യയെ 1948ല്‍ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന വി.കെ കൃഷ്ണമേനോന്‍ അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു നുണ. എന്നാല്‍ 1957 മുതല്‍ 1961 വരെയായിരുന്നു തിമ്മയ്യ കരസേന മേധാവിയായിരുന്നത്. 1948ല്‍ ബല്‍ദേവ് സിങ് ആയിരുന്നു പ്രതിരോധമന്ത്രിയെന്നുള്ള സത്യവും മറച്ചുവെച്ചാണ് മോദി കളവ് പ്രചരിപ്പിച്ചത്.