ചെന്നൈ: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ചെന്നൈയില്‍ പ്രധാനമന്ത്രിയുടെ ജന്‍മദിനാഘോഷം. ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍. മുരുകന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ബിജെപി പതാകയും നരേന്ദ്ര മോദിയുടെ ചിത്രങ്ങളുമായി ആഘോഷത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ ലഡു വിതരണവും നടത്തി.

ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍, ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സാന്ന മാരിന്‍, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ തുടങ്ങിയവര്‍ മോദിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നു. രാജ്യവ്യാപകമായി വന്‍ ആഘോഷ പരിപാടികളാണ് ബിജെപി പ്രവര്‍ത്തകര്‍ മോദിയുടെ ജന്‍മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്‍മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. ഗുജറാത്തിലെ മെഹസാന ജില്ലയിലെ വഡനഗര്‍ ഗ്രാമത്തില്‍ 1950 സെപ്റ്റംബര്‍ 17നാണ് നരേന്ദ്ര മോദി ജനിച്ചത്. ബാല്യകാലത്ത് പിതാവിനൊപ്പം ചായക്കച്ചവടം ചെയ്തിരുന്നു എന്നാണ് മോദി അവകാശപ്പെടാറുള്ളത്. പതിനേഴാം വയസില്‍ യശോദ ബെന്നിനെ വിവാഹം കഴിച്ചെങ്കിലും പിന്നീട് അവരെ ഉപേക്ഷിച്ച് പൂര്‍ണസമയ ആര്‍എസ്എസ് പ്രവര്‍ത്തകനായി മാറുകയായിരുന്നു.