ന്യൂന്‍ബര്‍ഗ്: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കരുത്തരായ ജര്‍മ്മനിക്ക് കൂറ്റന്‍ ജയം. ദുര്‍ബലരായ സാന്‍മരിനോയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ജര്‍മ്മനി തുരത്തിയത്.

വിജയത്തോടെ ഗ്രൂപ്പ് സിയില്‍ ആറു മത്സരങ്ങളില്‍ ആറും വിജയിച്ച് ജര്‍മ്മനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ പകുതിയുടെ 11-ാം മിനിറ്റില്‍ ജൂലിയന്‍ ഡ്രാക്‌സലറിലൂടെ ഗോള്‍ വേട്ട തുടങ്ങിയ ജര്‍മ്മനി അഞ്ചു മിനിറ്റിനു ശേഷം വാഗ്നറിലൂടെ ഗോള്‍ രണ്ടാക്കി ഉയര്‍ത്തി. 29-ാം മിനിറ്റില്‍ വാഗ്നര്‍ തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ ഗോള്‍ നേട്ടം മൂന്നാക്കി. 38-ാം മിനിറ്റില്‍ അമീന്‍ യൂനുസ് ജര്‍മ്മനിക്കു വേണ്ടി നാലാം ഗോള്‍ കരസ്ഥമാക്കി.
ആദ്യ പകുതിയില്‍ നാലു ഗോളിന് മുന്നില്‍ നിന്ന ജര്‍മ്മനി രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൊദ്‌റാന്‍ മുസ്തഫിയിലൂടെ അഞ്ചാം ഗോള്‍ നേടി. 72-ാം മിനിറ്റില്‍ ബ്രാന്‍ഡിറ്റും 85-ാം മിനിറ്റില്‍ വാഗ്നര്‍ തന്റെ ഹാട്രിക്കിലൂടെ ടീമിന്റെ ഏഴാം ഗോളും നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡ് ഏകപക്ഷീയമായ ഒരു ഗോളിന് അസര്‍ബൈജാനെ തോല്‍പിച്ചു. ഇഞ്ചുറി ടൈമില്‍ സ്റ്റ്യൂവര്‍ട്ട് ഡള്ളാസായിരുന്നു വിജയഗോള്‍ നേടിയത്. ആറ് മത്സരങ്ങളില്‍ നിന്നും 13 പോയിന്റുമായി വടക്കന്‍ അയര്‍ലന്‍ഡ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. ഇത്ര തന്നെ മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്റുള്ള ചെക് റിപ്പബ്ലിക്കാണ് മൂന്നാം സ്ഥാനത്ത്. മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പില്‍ ഏറെ പിന്നിലുള്ള നോര്‍വേയുമായി ചെക് റിപ്പബ്ലിക് 1-1ന് സമനില പാലിച്ചു. അതേ സമയം കരുത്തരായ ഇംഗ്ലണ്ടിനെ അയല്‍ക്കാരായ സ്‌കോട്‌ലന്റ് 2-2ന് സമനിലയില്‍ പിടിച്ചു. ഹാംപ്ഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ഹാരി കെയ്ന്‍ നേടിയ ഗോളാണ് ഇംഗ്ലണ്ടിനെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 70-ാം മിനിറ്റില്‍ അലക്‌സ് ഓക്‌സ്്‌ലൈഡ് ചേംബറിലൂടെ ഇംഗ്ലണ്ടാണ് സ്‌കോറിങിന് തുടക്കമിട്ടത്. എന്നാല്‍ മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഇംഗ്ലീഷ് ഗോള്‍മുഖത്ത് നിരിന്തരം ആക്രമണം അഴിച്ചു വിട്ട സ്‌കോട്‌ലന്റ് നാടകീയ വിജയം നേടുമെന്ന് തോന്നിപ്പിച്ചു. 87, 90 മിനിറ്റുകളില്‍ ലീ ഗ്രിഫിത്‌സ് നേടിയ ഗോളുകള്‍ ഇംഗ്ലീഷ് ടീമിനെ നാണം കെടുത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളില്‍ റഹീം സ്റ്റര്‍ലിങിന്റെ പാസില്‍ നിന്നും ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് സമനില ഗോള്‍ സമ്മാനിക്കുകയായിരുന്നു.
ഗ്രൂപ്പ് എഫില്‍ ആറു മത്സരങ്ങളില്‍ നിന്നും 14 പോയിന്റുമായി ഇംഗ്ലണ്ട് തന്നെയാണ് തലപ്പത്ത്. 12 പോയിന്റുള്ള സ്ലോവാക്യയാണ് രണ്ടാമത്. 11 പോയിന്റുമായി സ്ലോവേന്യ മൂന്നാമതും എട്ട് പോയിന്റുമായി സ്‌കോട്‌ലന്റ് നാലാം സ്ഥാനത്തുമാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്ലോവാക്യ 2-1ന് ലിത്വാനിയയെ തോല്‍പിച്ചു. സ്ലോവേന്യ 2-0ന് മാള്‍ട്ടയെ കീഴടക്കി. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ കസാകിസ്താനെ ഡെന്‍മാര്‍ക്ക് 3-1ന് തോല്‍പിച്ചു.
ആറു മത്സരങ്ങളില്‍ നിന്നും 16 പോയിന്റുമായി പോളണ്ടാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. 10 പോയിന്റുമായി മോണ്ടിനഗ്രോ രണ്ടാമതും ഡെന്‍മാര്‍ക് മൂന്നാം സ്ഥാനത്തുമാണ്. പോളണ്ട് 3-1ന് റൊമാനിയയേയും കീഴടക്കി. മറ്റൊരു മത്സരത്തില്‍ മോണ്ടിനഗ്രോ 4-1ന് അര്‍മേനിയയെ തോല്‍പിച്ചു.