X

മൂന്നാം മുന്നണി ആര്‍ക്കുവേണ്ടി

കെ.എന്‍.എ ഖാദര്‍

സി.പി.എമ്മിനെ കേരളത്തിലും ചന്ദ്രശേഖര റാവുവിനെ തെലുങ്കാനയിലും കെജരിവാളിനെ ഡല്‍ഹി, പഞ്ചാബ്് സംസ്ഥാനങ്ങളിലും ഇതര പ്രാദേശിക കക്ഷികളെ അവരവര്‍ക്ക് സ്വാധീനമോ ഭരണമോ ഉള്ള സംസ്ഥാനങ്ങളിലും സുഖമായി ഭരിക്കാന്‍ അനുവദിച്ചാല്‍ വിശാലമായ ദേശീയ താല്‍പര്യങ്ങള്‍ ഉപേക്ഷിച്ച് ബി.ജെ.പി സംഘ്പരിവാര്‍ ശക്തികളെ കേന്ദ്രത്തിലും അവര്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലും ഭരിക്കാന്‍ അനുവദിക്കാമെന്നും യാതൊരു വിധത്തിലും അവരെ ശല്യപ്പെടുത്തുകയില്ലെന്നും ഇന്ത്യയിലെ ചില പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ അലിഖിതമായ ഒരു രഹസ്യധാരണയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന സംശയം ബലപ്പെടുകയാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അവരോട് ആഭിമുഖ്യമുള്ള ഏതാനും പ്രതിപക്ഷ കക്ഷികളും മാത്രമാണ് ഈ ജനവഞ്ചനക്ക് കൂട്ട്‌നില്‍ക്കാത്തത്. തല്‍ഫലമായി മൂന്നാം മുന്നണി രൂപീകരണവും കോണ്‍ഗ്രസില്ലാത്ത ദേശീയ ബദലും പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തില്‍ സി.പി.എം ഉള്‍പ്പെടെ ചില പാര്‍ട്ടികള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ പത്തുവര്‍ഷക്കാലം കൊണ്ട് ഇന്ത്യ പഠിച്ച പാഠം ബി.ജെ.പിയെ പരാജയപ്പെടുത്തുക ഇന്നത്തെ സാഹചര്യത്തില്‍ എളുപ്പമല്ല എന്നാണ്. ചുരുങ്ങിയപക്ഷം രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നിന്നാലേ ഒരു പരീക്ഷണം പോലും സാധ്യമാവുകയുള്ളൂ. ഈ വസ്തുതകള്‍ നന്നായി അറിഞ്ഞിട്ടും കോണ്‍ഗ്രസ് വിരുദ്ധത ഉയര്‍ത്തിപ്പിടിച്ചു പ്രതിപക്ഷകക്ഷികളെ രണ്ടോ മൂന്നോ തട്ടുകളിലാക്കി മാറ്റാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. വിനാശകരമായ ഈ വഴി ബി.ജെ.പിയെയും സംഘ്പരിവാര്‍ ശക്തികളെയും പരോക്ഷമായി സഹായിക്കാനല്ലെങ്കില്‍ എന്തിനാണ്? പലതായി മത്സരിച്ചു തിരഞ്ഞെടുപ്പിന്‌ശേഷം ഓരോ മുന്നണിക്കും കിട്ടുന്ന സീറ്റുകള്‍ ചേര്‍ത്തു വെച്ചാലും ഒരു ഭരണമുണ്ടാവുകയില്ലെന്ന വസ്തുത അറിയാത്തവരുണ്ടോ?

ഇത്തരം രാഷ്ട്രീയ കുതന്ത്രങ്ങളെയും നിക്ഷിപ്ത താല്‍പര്യങ്ങളെയും പരാജയപ്പെടുത്തി സ്വന്തം ജീവിതവും രാജ്യവും സുരക്ഷിതമാക്കാന്‍ പാര്‍ട്ടികള്‍ക്കതീതമായി ചിന്തിക്കുക മാത്രമായിരിക്കും ഇനിയുള്ള ഏക വഴി. ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനും ദൈനംദിന ജീവിതം കോര്‍പറേറ്റുകളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാനും മോദിയും അമിത്ഷായും അദാനിയും അംബാനിയും ഭരിക്കുന്ന ഇന്ത്യയെ തിരിച്ചുപിടിക്കാനും ജനങ്ങളുടെ മുമ്പില്‍ മറ്റു വഴികളില്ല. രാഷ്ട്രീയ കക്ഷികള്‍ പറയുന്നത് മാത്രമല്ല ശരിയെന്ന് ജനം തിരിച്ചറിയണം. തങ്ങളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി വളച്ചൊടിച്ച വ്യാഖ്യാനമാണ് ജനം പാര്‍ട്ടികളില്‍നിന്നും കേള്‍ക്കുന്നത്.

ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. സി.പി.എം നേതാവ് സീതാറാം യച്ചൂരിക്കും പങ്കെടുത്താല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ പാര്‍ട്ടിയുടെ കേരള ഘടകം അഥവാ പിണറായി അതിനെ തടഞ്ഞിരിക്കുന്നു. അതേസമയം മുമ്പ് ബംഗാള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചിട്ടുള്ള സി.പി.എം ഇപ്പോള്‍ ത്രിപുരയിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് ചേര്‍ന്നാണ് മത്സരിക്കുന്നത്. ആ ബന്ധം ആശയാധിഷ്ഠിതമല്ലെന്നവര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന് ഒരു വിധത്തിലും ബുദ്ധിമുട്ടുണ്ടാക്കാതെ ഇക്കാലമത്രയും സി.പി.എം പാര്‍ട്ടിയും സഖ്യകക്ഷികളും മുന്നോട്ട്‌പോയതായി മനസ്സിലാക്കാന്‍ കഴിഞ്ഞ കാലസംഭവങ്ങള്‍ ഓരോന്നും സാക്ഷിയാണ്. ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വവുമായി സി.പി.എമ്മിനും വേണ്ടി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നത് കേരള മുഖ്യമന്ത്രിയാണ്. പ്രകാശ് കാരാട്ട് വളരെ നേരത്തെ അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. അല്‍പ്പം വ്യത്യസ്തനായ യച്ചൂരിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ കേരള ഘടകം അനുവദിക്കുകയില്ല. സി.പി.എം കേന്ദ്ര നേതൃത്ത്വത്തിന്റെ അന്നദാതാക്കള്‍ ബംഗാള്‍ നഷ്ടമായ ശേഷം കേരളമാണല്ലോ കേന്ദ്രം കോണ്‍ഗ്രസ് ഭരിക്കുന്നതാണോ ബി.ജെ.പി ഭരിക്കുന്നതാണോ നല്ലത് എന്നൊരു ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നാല്‍ ഇന്നത്തെ സി.പി.എം സംശയരഹിതമായും ബി.ജെ.പിയെ അനുകൂലിക്കും.

താത്വികമായ പദപ്രയോഗങ്ങളാലും പ്രത്യയശാസ്ത്രപരമായ കവചങ്ങളാലും അത് വളച്ചാലും തിരിച്ചാലും അന്തിമ നിലപാട് കോണ്‍ഗ്രസ് വിരുദ്ധതയില്‍ ചെന്നുമുട്ടും. ഈ നയം ചരിത്രത്തിന്റെ ഏതോ ദിശയില്‍ അവരെ പിടികൂടിയതാണ്. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും ഈ നിലപാടില്‍ നിന്നവര്‍ അടിസ്ഥാനപരമായി വ്യതിചലിച്ചിട്ടില്ല. ബി.ജെ.പിയുടെ വളര്‍ച്ചക്കും തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റത്തിനും വഴിതുറന്നതില്‍ ഈ കാഴ്ച്ചപാടിന് പങ്കുണ്ട്. കോണ്‍ഗ്രസിന് പ്രാമുഖ്യമുള്ള ഒരു ഫാസിസ്റ്റ് വിരുദ്ധ മഹാസഖ്യം അവരുടെ അജണ്ടയില്‍ ഇല്ലേ ഇല്ല. ഇതര മതേതര കക്ഷികളും നിഷ്‌കളങ്കരായ രാജ്യസ്‌നേഹികളും സി.പി.എമ്മിന്റെ ഈ കടുംപിടുത്തം തിരിച്ചറിയുന്നില്ലെന്ന് മാത്രം.

ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു മത്സരിച്ചു നോക്കിയതും ഇപ്പോള്‍ ത്രിപുരയില്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിക്കുന്നതും ആശയാധിഷ്ഠിതമല്ല. സ്ഥായിയായ നിലപാടോ കോണ്‍ഗ്രസ് വിരുദ്ധ നയങ്ങളില്‍ നിന്നുള്ള വ്യതിയാനമോ അല്ല. വെറും താല്‍ക്കാലികമായ തിരഞ്ഞെടുപ്പു കൂട്ടുകെട്ടു മാത്രം. നഷ്ടമായ രണ്ടു സംസ്ഥാനങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ഒരു പരീക്ഷണം മാത്രം. അതില്‍ ജയിച്ചാല്‍ ലാഭം തോറ്റാല്‍ നഷ്ടവുമില്ല. ത്രിപുര തിരിച്ചു കിട്ടിയാല്‍ ആ ഭരണം നിലനിര്‍ത്താനും കേരള മോഡലില്‍ മോദിയുടെ മുമ്പില്‍ തലയാട്ടുകതന്നെ ചെയ്യാനുമാണ് സാധ്യത.

കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സി.പി.എം ശ്രമിക്കുന്നതില്‍ ബി. ജെ.പിക്കും ഏറെ സന്തോഷമാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം ഇവിടെ സാക്ഷാല്‍കരിക്കാന്‍ സി.പി.എമ്മാണ് ഏറ്റവും നല്ല കൂട്ടായി ബി.ജെ.പി കാണുന്നത്്. കേരള ബി.ജെ.പി ഗ്യാലറിയാല്‍ ഇരുന്നു കളികാണുകയാണ് എന്ന് അവരുടെ കേന്ദ്ര നേതൃത്വം അറിയുന്നുണ്ട്. ബംഗാളിനെ മമതയുടെ പിടിയില്‍നിന്ന് തട്ടിപ്പറിക്കാന്‍ ബി.ജെ.പി കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോള്‍ അതിനെ സി.പി.എമ്മും അകമഴിഞ്ഞ് സഹായിക്കുന്നു. തൃണമൂല്‍ മുക്ത ബംഗാള്‍ രണ്ടു കൂട്ടരുടെയും ലക്ഷ്യമാണ് ദേശീയ തലത്തില്‍ മൂന്നാം മുന്നണി ഉണ്ടായ കാലത്തെല്ലാം ബി.ജെ.പി ജയിച്ചിട്ടുണ്ട്.

ചന്ദ്രശേഖരറാവുവിനും കെജരിവാളിനും പിണറായി ചെയ്യുന്നത് ഒരു ചേതമില്ലാത്ത ഉപകാരമാണ് അവര്‍ക്കും അതുമതി. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷം ഭിന്നിച്ചുകിട്ടിയാല്‍ മതിയല്ലോ. അത് നടക്കും നടത്താന്‍ ഇവര്‍ ഒരുമ്പെട്ടിറങ്ങിക്കഴിഞ്ഞു. രാഷ്ട്രതാല്‍പര്യമോ ഫാഷിസ്റ്റ് വര്‍ഗീയ വിരുദ്ധതയോ മതേതര ജനാധിപത്യ താല്‍പര്യങ്ങളോ ഇപ്പോള്‍ സി.പി.എമ്മിനെയും ചില പ്രതിപക്ഷ കക്ഷികളെയും അലട്ടുന്നില്ല. അവരവരുടെ അസ്തിത്വവും നിലനില്‍പ്പും ആണ് സുപ്രധാനമെന്ന് വേര്‍തിരിച്ചറിഞ്ഞുകഴിഞ്ഞു. രാജ്യം നന്നാക്കാന്‍ തങ്ങള്‍ വിചാരിച്ചാലാവില്ലെന്ന് അവര്‍ കരുതിയ പോലുണ്ട്. സംഘ്പരിവാര്‍ ശക്തികളുമായി ഒരു ഘോരയുദ്ധത്തിലേര്‍പ്പെടാന്‍ അവര്‍ക്കു സമയമില്ല.

കിട്ടാവുന്ന അവസരങ്ങളിലെല്ലാം കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാന്‍ വാമൊഴിയായും വരമൊഴിയും സേവനം ചെയ്യുന്നവരായി ഈ പാര്‍ട്ടികള്‍ മാറി. കൂടെ നില്‍ക്കുന്ന അണികളാവട്ടെ കാര്യമായ പ്രത്യായശാസ്ത്ര ധാരണകള്‍ ഉള്ളവരുമല്ല. പാര്‍ട്ടി എന്തു ചെയ്താലും അവര്‍ ചോദ്യം ചെയ്യില്ല. അവരുടെ കാര്യങ്ങളും നടന്നു കിട്ടണം. കൊച്ചു കൊച്ചു മോഹങ്ങള്‍ പൂവണിയണം. അവസരവാദമോ അധര്‍മമോ അഴിമതിയോ ഒക്കെ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് അധികവും. ബി.ജെ.പി കേന്ദ്രത്തില്‍ ചെയ്യുന്നതായി ആരോപിക്കപ്പെട്ടതെല്ലാം ഇവിടെ സി.പി.എമ്മും ചെയ്യുന്നു. സത്യത്തില്‍ ബി.ജെ.പിയുടെ ബി ടീം ഇവരൊക്കെയാണ്.

കേരളത്തില്‍നിന്നു ഇന്ത്യയെ കാണാനാണവര്‍ ഇഷ്ടപ്പെടുന്നത്. ഇന്ത്യയെ കാണാനും ഇന്ത്യയില്‍നിന്നും കേരളത്തെ കാണാനും അവര്‍ക്കു കഴിവില്ലാതെ പോയി. കോണ്‍ഗ്രസിനെ ഇന്ത്യയിലെങ്ങും തോല്‍പ്പിക്കലാണ് ബി.ജെ.പിയുടെ പ്രഥമ രാഷ്ട്രീയ ലക്ഷ്യം. മിക്കവാറും സംസ്ഥാനങ്ങളിലെ പ്രാദേശിക പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യത്തില്‍ ബി.ജെ.പിയെ തുണക്കുന്നു. അതുവഴി ലഭ്യമാവുന്ന ആനുകൂല്യങ്ങള്‍ അവര്‍ ആസ്വദിക്കുന്നു. കോണ്‍ഗ്രസ് വിരുദ്ധ ദൗത്യം പൂര്‍ത്തീകരിച്ചു കഴിയുന്നതോടെ ശല്യക്കാരായ ഓരോ സംസ്ഥാനത്തെയും പ്രാദേശിക കക്ഷികളെ ഒന്നൊന്നായി വിഴുങ്ങാന്‍ സംഘ്പരിവാറിനെ ആരും പഠിപ്പിക്കേണ്ടതില്ല. ആ വലിയ വായില്‍ ഇരയാകുന്ന നേരം സി.പി.എമ്മിനെയും കാത്തിരിക്കുന്നു. അന്ന് നിലവിളിച്ചാല്‍ ഓടിവരാന്‍ ഒരു കോണ്‍ഗ്രസും സഖ്യകക്ഷികളും വേണ്ടെന്നാദ്യമേ അവര്‍ തീരുമാനിച്ചല്ലോ. ചുരുക്കിപറഞ്ഞാല്‍ 2024 ലും ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ ദല്ലാളന്മാര്‍ വന്നുകഴിഞ്ഞു.

 

webdesk13: