കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സൗജന്യമായി നല്‍കിയ ബ്രഡ് വില്‍പന നടത്തിയ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളില്‍ വ്യാപക പരിശോധന. വില്‍പ്പനക്കല്ലെന്ന് (നോട്ട് ഫോര്‍ സെയില്‍) രേഖപ്പെടുത്തിയ ബ്രെഡുകളില്‍ സ്റ്റിക്കര്‍ ഒട്ടിച്ച ശേഷം വിലയിട്ട് വില്‍പന നടത്തിയ കടകളിലാണ് പരിശോധന നടത്തിയത്.

മട്ടാഞ്ചേരി ചുള്ളിക്കലിലെ രണ്ട് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളിലാണ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. സംഭവം പുറത്തുവന്നതോടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ഈ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെങ്കിലും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു. മോഡേണ്‍ ബ്രഡ് ഫാക്ടറിയില്‍ നിന്ന് ക്യാമ്പുകളിലേക്ക് വിതരണത്തിനായി നല്‍കിയ നോട്ട് ഫോല്‍ സെയില്‍ ബ്രഡാണ് വില്‍പന നടത്തുന്നതായി പരാതി ലഭിച്ചത്.

വില്‍പനക്കല്ലെന്ന് എന്നെഴുതിയിരുന്ന ഭാഗത്ത് ഇത് കാണാതിരിക്കാനായി സ്റ്റിക്കര്‍ പതിപ്പിച്ച ശേഷമായിരുന്നു വില്‍പന നടത്തിയത്. ബ്രഡ് വാങ്ങിയവര്‍ സ്റ്റിക്കര്‍ പൊളിച്ച് നോക്കിയപ്പോഴാണ് സംഭവം പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇതേക്കുറിച്ച് പലരും തുറന്നുപറഞ്ഞതോടെയാണ് കൊച്ചി തഹസീല്‍ദാറിന്റെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തിയത്. കടകള്‍ക്കെതിരെ കേസെടുക്കാന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.