കൊച്ചി: പ്രളയ ദുരിതത്തിനിടെ മലയാളികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തിയ സുരേഷ് കൊച്ചാട്ടില്‍ ബി.ജെ.പിയുടെ ഐ.ടി സെല്‍ അംഗം. കേരളത്തില്‍ പ്രളയത്തില്‍ അകപ്പെട്ടവരെല്ലാം സമ്പന്നരാണെന്നും അവര്‍ക്ക് സഹായം ചെയ്യരുതെന്നുമായിരുന്നു സുരേഷിന്റെ ശബ്ദസന്ദേശം. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്.

മലയാളിയായ സുരേഷ് കൊച്ചാട്ടില്‍ ഹൈദരാബാദിലാണ് താമസിക്കുന്നത്. വെള്ളപ്പൊക്ക സമയത്ത് നാട്ടിലെത്തിയ സുരേഷ് കൊച്ചിയില്‍ കുടുങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ ശബ്ദസന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കേരളത്തില്‍ പ്രളയത്തില്‍പ്പെട്ടവര്‍ സമ്പന്നരാണെന്നും അവര്‍ക്ക് സാമ്പത്തിക സഹായം ആവശ്യമില്ലെന്നുമായിരുന്നു ഇയാള്‍ ശബ്ദസന്ദേശത്തില്‍ പറഞ്ഞത്. ഇവര്‍ക്ക് ആവശ്യം ഇലക്ട്രീഷന്‍മാരും പ്ലംബര്‍മാരുമാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതുതന്നെയാണ് കേന്ദ്രമന്ത്രിയും മലയാളിയുമായ അല്‍ഫോണ്‍സ് കണ്ണന്താനവും പറഞ്ഞിരുന്നത്.

പ്രസ്താവന വിവാദമായതോടെ ഇയാള്‍ ന്യായീകരണവുമായി രംഗത്ത് വന്നിരുന്നു. ഇയാളുടെ ശബ്ദസന്ദേശം ഉയര്‍ത്തിക്കാട്ടി സംഘപരിവാര്‍ രാജ്യവ്യാപകമായി കേരളത്തിന് സഹായം ചെയ്യരുതെന്ന് പ്രചാരണം നടത്തിയിരുന്നു.