india

ഗിഗ് തൊഴിലാളി പണിമുടക്ക് ഭീഷണി: ഡെലിവറി പങ്കാളികള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് സൊമാറ്റോയും സ്വിഗ്ഗിയും

By sreenitha

December 31, 2025

ന്യൂഡല്‍ഹി: ഗിഗ് തൊഴിലാളി യൂനിയനുകളുടെ പണിമുടക്ക് പ്രഖ്യാപനത്തെ തുടര്‍ന്ന്, ഡെലിവറി പങ്കാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് സൊമാറ്റോയും സ്വിഗ്ഗിയും രംഗത്തെത്തി. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് സേവന തടസ്സങ്ങള്‍ കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനികളുടെ പുതിയ നീക്കം.

മെച്ചപ്പെട്ട ശമ്പളവും തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഗിഗ് തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്കില്‍ പങ്കെടുക്കുമെന്ന് തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂനിയനും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ്-ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സും അറിയിച്ചിരുന്നു. പുതുവത്സരത്തിലെ പണിമുടക്ക് സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ തുടങ്ങിയ ഭക്ഷ്യ വിതരണ, ദ്രുത വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാമെന്നാണ് വ്യവസായ വൃത്തങ്ങളുടെ വിലയിരുത്തല്‍.

പുതുവത്സര ദിനത്തില്‍ വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ 12 വരെ ഡെലിവറി പങ്കാളികള്‍ക്ക് 120 മുതല്‍ 150 രൂപ വരെ അധിക പേഔട്ട് സൊമാറ്റോ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓര്‍ഡര്‍ അളവും ജീവനക്കാരുടെ ലഭ്യതയും അനുസരിച്ച് ?? 3000 രൂപ വരെ വരുമാനം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. കൂടാതെ, ഓര്‍ഡര്‍ നിരസിക്കല്‍, റദ്ദാക്കല്‍ എന്നിവയ്ക്കുള്ള പിഴകള്‍ താല്‍ക്കാലികമായി ഒഴിവാക്കിയതായും അറിയിച്ചു. ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള ഉത്സവകാലങ്ങളില്‍ നടപ്പാക്കുന്ന സാധാരണ നടപടിയാണിതെന്ന് സൊമാറ്റോയും ബ്ലിങ്കിറ്റും ഉള്‍പ്പെടുന്ന എറ്റേണല്‍ ഗ്രൂപ്പ് വിശദീകരിച്ചു.

അതേസമയം, സ്വിഗ്ഗിയും വര്‍ഷാവസാന കാലയളവില്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 31നും ജനുവരി ഒന്നിനും ഇടയില്‍ ഡെലിവറി തൊഴിലാളികള്‍ക്ക് 10,000 രൂപ വരെ വരുമാനം ലഭിക്കാമെന്നാണ് വിവരം. പുതുവത്സര ദിനത്തില്‍ വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ 12 വരെ ആറു മണിക്കൂര്‍ കാലയളവില്‍ 2000 രൂപ വരെ വരുമാനം വാഗ്ദാനം ചെയ്തിട്ടുണ്ട്.

മെച്ചപ്പെട്ട വേതനം, ഗിഗ് തൊഴിലാളികള്‍ക്കായി സമഗ്രമായ ദേശീയ നയം, സുതാര്യമായ വേതന ഘടന, അപകട ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷ ആനുകൂല്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ടാണ് പുതുവത്സര ദിനത്തിലെ സമരം. തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കുന്ന ’10 മിനിറ്റ് ഡെലിവറി’ സംവിധാനം പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഇതിനുമുമ്പ് ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തിലും ഗിഗ് തൊഴിലാളികള്‍ പണിമുടക്ക് നടത്തിയിരുന്നു.