റഷീദ് പാനൂര്‍

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം ചരിത്രത്തിന്റെ അനിവാര്യതയായിരുന്നു. ”ക്വിറ്റ് ഇന്ത്യ” സമരത്തിന്റെ ശില്‍പികളായിരുന്ന ഡോ. രാംമനോഹര്‍ ലോഹ്യയും, ലോക്‌നായ്ക് ജയപ്രകാശ് നാരായണനും, അശോക് മെത്തയും അച്ചുത് പടുവര്‍ദ്ധനും നയിച്ച ഈ പ്രസ്ഥാനം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വെളിച്ചമായിരുന്നു. ലോഹ്യയുടെയും ജെ.പിയുടെയും ആദര്‍ശ രാഷ്ട്രീയത്തിന്റെ പിന്‍മുറക്കാരായി രംഗത്ത് വന്ന പണ്ഡിതനായ മധുലിമായെ, മധുദന്തവാദെ, നാഥപൈ, എച്ച്.വി കാമത്ത്, ഫര്‍ണാണ്ടസ്, സുരേന്ദ്രമോഹന്‍ തുടങ്ങിയ നേതാക്കള്‍ ജനാധിപത്യത്തിലും സോഷ്യലിസത്തിലും സെക്കുലറിസത്തിലും ന്യൂനപക്ഷ സംരക്ഷണത്തിലും വിട്ടുവീഴ്ച ചെയ്യാത്ത നേതാക്കളായിരുന്നു. നിര്‍ഭാഗ്യവശാല്‍ അടിയന്തരാവസ്ഥയെ ഒറ്റക്ക് നേരിട്ട ഫര്‍ണാണ്ടസ് ഹൈന്ദവ ഫാസിസ്റ്റുകളുമായി അധികാരത്തിന് വേണ്ടി സഖ്യമുണ്ടാക്കി. പക്ഷേ ദന്തവാദെയും അരങ്ങില്‍ ശ്രീധരനും അധികാര രാഷ്ട്രത്തിന് പിറകെ പോയി ആദര്‍ശം കളഞ്ഞ്കുളിച്ചില്ല.
കര്‍ണാടക സാഹിത്യത്തിലെ രണ്ട് സൂര്യജ്വാലകളായിരുന്നു വിഖ്യാതരായ ഡോ. യു.ആര്‍ അനന്തമൂര്‍ത്തിയും ഗിരീഷ് കര്‍ണാടും. ലോഹ്യാ സോഷ്യലിസ്റ്റായി രംഗത്ത് വന്ന ഈ രണ്ട് പ്രതിഭകളും അവസാന നിമിഷം വരെയും ഫാസിസത്തെയും സെക്കുലറിസത്തിനെതിരെയുള്ള വെല്ലുവിളികളെയും ചെറുത്തുനിന്നു. ഫര്‍ണാണ്ടസിന്റെ മാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച കര്‍ണാടും അനന്തമൂര്‍ത്തിയും ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരെ കരിങ്കല്‍ ഭിത്തികള്‍ തീര്‍ത്ത പ്രതിഭകളായിരുന്നു.

സാഹിത്യ ജീവിതം
നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് ആശയങ്ങളോട് വിയോജിപ്പുള്ള ലോഹ്യയുടെ ശിഷ്യനായ കര്‍ണാട് തന്റെ ആദ്യ നാടകം പതിനാലാം നൂറ്റാണ്ടില്‍ ഡല്‍ഹി ഭരിച്ച തുഗ്ലക്കിനെ പ്രതീകാതമകമാക്കിയാണ് രചിച്ചത്. നെഹ്‌റുവായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. വലിയ ആശയങ്ങളുടെ സ്വപ്‌നം പേറി നടന്ന പണ്ഡിറ്റ്ജിയെ നിരൂപണാത്മകമാക്കി ചിത്രീകരിക്കുന്ന ഈ നാടകം സ്വതന്ത്ര ഭാരതത്തിലെ നെഹ്‌റുവിന്റെ കാലഘട്ടത്തെ സൂക്ഷ്മമായി വിലയിരുത്തുന്നു.
1970കളില്‍ ഇന്ത്യന്‍ ഭാഷകളെ ഏറെ സ്വാധീനിച്ച യൂറോപ്യന്‍ അസ്തിത്വവാദത്തിന്റെ സ്വാധീനം കര്‍ണാടിന്റെ ആദ്യകാല രചനകളില്‍ പ്രകടമായിരുന്നു. എം. മുകുന്ദനും കാക്കനാടും ചെയ്തതുപോലെ അസ്തിത്വദുഃഖം ഇന്ത്യനവസ്ഥയുമായി കൂട്ടിയോജിപ്പിക്കാതെ ചെയ്ത എഴുത്തുകാരനല്ലായിരുന്നു കര്‍ണാട്. മഹാഭാരതം വായിച്ച് തീര്‍ന്നപ്പോള്‍ ”യയാതി” എന്ന കഥാപാത്രത്തെ മരണത്തിന്റെ പൊരുള്‍ അന്വേഷിക്കുന്ന ഒരു എക്‌സിസ്റ്റെന്‍ഷ്യല്‍ കഥാപാത്രമാക്കി മാറ്റിയ കര്‍ണാട് പാശ്ചാത്യ ചിന്ത കടമെടുക്കുമ്പോഴും അത് ഇന്ത്യന്‍ മിഥോളജിയുടെ പുനര്‍വ്യാഖ്യാനത്തിലവസാനിക്കുന്നു.

സാമൂഹ്യ ബാധ്യത എഴുത്തുകാരനുണ്ട് എന്ന് വിശ്വസിച്ച കര്‍ണാട് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബസവണ്ണ എന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവിനെ ”അഗ്‌നിമട്ടുമളൈ” എന്ന നാടകത്തിലൂടെ പുനര്‍സൃഷ്ടിച്ചു. അഭിനയം, സംവിധാനം, തിരക്കഥ, ആക്ടിവിസത്തിന്റെ അഗ്നി വിതറല്‍ തുടങ്ങിയ രംഗങ്ങളിലെല്ലാം കര്‍ണാട് തന്റെ പ്രതിഭ മാറ്റുരച്ചു. ഭാരതീയ സാഹിത്യ ചരിത്രത്തില്‍ അധഃകൃത വിഭാഗത്തിന്റെ കണ്ണീര്‍ ഒപ്പിയെടുത്ത നാടകമായിരുന്നു ശുദ്രകന്‍ എഴുതിയ ”മൃച്ഛഘടികം” എന്ന സംസ്‌കൃത നാടകം. ”ഠവല ഇഹമ്യരമൃ’േ’ എന്ന പേരില്‍ വിശ്വമഹാകവി ടാഗോര്‍ ഈ നാടകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കര്‍ണാട് ഈ നാടകത്തെ ആധുനിക കാലഘട്ടത്തിലെ ഇന്ത്യന്‍ ജനജീവിതത്തെ വിഴുങ്ങിയ ഹൈന്ദവ ജാതീയതയെ വിമര്‍ശിക്കുന്ന തരത്തില്‍ ”ഉത്സവ്” എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ കര്‍ണാടകത്തിലെ സവര്‍ണ ഹിന്ദുക്കള്‍ പ്രത്യക്ഷത്തില്‍ എതിര്‍പ്പുമായി രംഗത്ത് വന്നു.
അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളില്‍ ഫര്‍ണാണ്ടസിന്റെ സഹോദരന്‍ മൈക്കിള്‍ ഫര്‍ണാണ്ടസും, സ്‌നേഹലതാ റെഡ്ഡിയും പീഡിപ്പിക്കപ്പെട്ടിരുന്നു. അനന്തമൂര്‍ത്തിയും, ഗിരീഷ് കര്‍ണാടും അടിയന്തരാവസ്ഥയുടെ നാളുകളെ അവരുടെ രചനകളില്‍ പ്രതിഫലിപ്പിച്ചിരുന്നു. അനന്തമൂര്‍ത്തി അടിയന്തരാവസ്ഥയെ ഫോക്കസ് ചെയ്ത് എഴുതി ”ഠവല ങീിറെലൃ” (ചെകുത്താന്‍) എന്ന കഥക്ക് നാടകാവിഷ്‌കരണം നടത്തിയത് കര്‍ണാടായിരുന്നു. അനന്തമൂര്‍ത്തിയുടെ ”സംസ്‌കാര” എന്ന നോവല്‍ ഇന്ത്യന്‍ ജാതിവ്യവസ്ഥയെ ശക്തിയായി വിമര്‍ശിക്കുന്ന നോവലായിരുന്നു. ഈ നോവലും നാടക രൂപത്തിലാക്കിയത് കര്‍ണാടായിരുന്നു. സമാന്തര ഹിന്ദി സിനിമയില്‍ സാരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനും കര്‍ണാടിന് കഴിഞ്ഞു. ശ്യാം ബനഗലും, കര്‍ണാടും ഇന്ത്യന്‍ ക്ലാസിക്കല്‍ പാരമ്പര്യങ്ങളെയും മിത്തിനെയും ചരിത്രത്തെയും വ്യാഖ്യാനം ചെയ്തു നവ സിനിമയുടെ വാതിലുകള്‍ തുറന്നിട്ടു.

മത നിരപേക്ഷത
ഇന്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളും ഹിന്ദു സമുദായത്തിലെ അധഃകൃത വിഭാഗങ്ങളും യോജിച്ചുള്ള മുന്നേറ്റത്തിനാണ് ലോഹ്യ ശ്രമിച്ചത്. കര്‍ണാടും ഹൈന്ദവ ഫാസിസത്തിന്റെ തീജ്വാലകളെ വകവെക്കാതെ കുരുക്ഷേത്രത്തിലേക്കിറങ്ങി. ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെ ഇന്ത്യയില്‍ മുസ്‌ലിം ജനവിഭാഗം നേരിട്ട ഭീഷണിക്കെതിരെ നിരന്തരം എഴുതിക്കൊണ്ടിരുന്നത് ഒ.വി വിജയനും, കര്‍ണാടും, അനന്തമൂര്‍ത്തിയുമായിരുന്നു. ഹിന്ദുത്വ രാഷ്ട്രവാദത്തെ എതിര്‍ത്തത് കൊണ്ടാകാം ഗൗരി ലങ്കേഷിനെ വധിച്ച തീവ്രവാദി സംഘം കര്‍ണാടിനെയും ലക്ഷ്യമിട്ടതായി അന്വേഷണ സംഘം വെളിപ്പെടുത്തിയത്. ഹസ്രത്ത് ദാദാഹയാത്ത് ബലാന്തര്‍ എന്ന സൂഫിവര്യന്റെ മക്ബറയില്‍ എല്ലാ മത വിഭാഗങ്ങളും സന്ദര്‍ശിക്കാറുണ്ടായിരുന്നു. കര്‍ണാടകത്തിലെ ഈ ”ദര്‍ഗ്” ബാബ ബുധന്‍ഗിരി എന്ന പേരിലാണ് അറിയപ്പെട്ടത്. ഹൈന്ദവ സംഘടനകള്‍ ബാബരി മസ്ജിദിന് ശേഷം ഈ ദര്‍ഗയ്ക്ക് അവകാശവാദം ഉന്നയിച്ചപ്പോള്‍ ഈ വാദം തള്ളി ഹൈന്ദവ തീവ്രവാദികള്‍ക്കെതിരെ ആയിരക്കണക്കിനാളുടെ പിന്‍ബലത്തോടെ ബാബാ ബുധന്‍ഗിരി ദര്‍ഗയിലേക്ക് ഒരു മാര്‍ച്ച് നടത്തിയപ്പോള്‍ അതിന്റെ നേതൃത്വം നല്‍കിയത് കര്‍ണാടായിരുന്നു.

പശുമാസം
ഗോ സംരക്ഷണത്തിന്റെ പേരില്‍ ഇന്ത്യ മുഴുവന്‍ മുസ്‌ലിം സമുദായത്തെ ഹൈന്ദവ തീവ്രവാദികള്‍ വേട്ടയാടിയപ്പോള്‍ പ്രതിഷേധവുമായി കര്‍ണാടും അനന്ദമൂര്‍ത്തിയും രംഗത്ത് വന്നു. മഹാരാഷ്ട്രയില്‍ മാട്ടിറച്ചി നിരോധനത്തെ എതിര്‍ത്ത് ബോംബെ നഗരത്തില്‍ പ്രസംഗിക്കുമ്പോള്‍ കര്‍ണാടിനെ വകവരുത്താന്‍ ശ്രമമുണ്ടായി. ബാംഗ്ലൂര്‍ നഗരത്തില്‍ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ന്യൂനപക്ഷ സംഘടനകളും സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവല്‍ ഉദ്ഘാടന സമയത്തും കര്‍ണാടിനെതിരെ ഹൈന്ദവ വര്‍ഗീയവാദികള്‍ ഭീഷണിയുയര്‍ത്തി രംഗത്ത് വന്നു. അവസാന നാളുകളില്‍ പൊലീസ് പ്രൊട്ടക്ഷനില്‍ ആയിരുന്നു. ഇനി ഒരു കര്‍ണാടിന് വേണ്ടി ദശകങ്ങള്‍ കാത്തിരിക്കേണ്ടിവരും.