Video Stories
ഫ്രഞ്ചുജനത തരുന്ന ശുഭസൂചനകള്‍
കെ.പി ജലീല്‍
ഫ്രാന്‍സിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മിതവാദിയായ ഇമ്മാനുവല്‍ മക്രോണ്‍ എന്ന മുപ്പത്തൊമ്പതുകാരന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പോള്‍ ചെയ്ത വോട്ടുകളുടെ 66.1 ശതമാനമാണ് മക്രോണ്‍ എന്ന യുവാവ് നാല്പത്തെട്ടുകാരിയായ മരീന്‍ ലീ പെന്നിനേക്കാള്‍ നേടിയിരിക്കുന്നത്. ഈവര്‍ഷം ജനുവരിയില്‍ അമേരിക്കയില്‍ അധികാരമേറ്റ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീവ്രനിപലാടുകളുടെ കാര്യത്തില്‍ ലോകത്തിനുണ്ടായ ആശങ്കക്ക് അല്പം ശമനമുണ്ടാക്കുന്നതാണ് ഫ്രഞ്ചു ജനതയുടെ ഈ വിധിയെഴുത്ത്. കടുത്ത ദേശീയവാദവും കുടിയേറ്റവിരുദ്ധമായ ഇടുങ്ങിയ വിദേശനയവുമാണ് എതിര്‍സ്ഥാനാര്‍ഥി മരീന്‍ ലീ പെന്നിനുണ്ടായിരുന്നത്. ലോകത്തിന്റെ ആധുനികഗതിയനുസരിച്ച് ലീപെന് വിജയിക്കുമെന്ന ചില കോണുകളില്‍ നിന്നുണ്ടായ വാര്‍ത്തകള്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം തള്ളപ്പെട്ടിരിക്കയാണ്. ഏപ്രില്‍ 23നും മെയ് ഏഴിനുമായി നടന്ന ഫ്രഞ്ച് തിരഞ്ഞെടുപ്പ് തീവ്രവാദികളും മിതവാദികളും തമ്മിലുള്ളൊരു ബലപരീക്ഷണമായിരുന്നു. തീവ്രവലതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയാണിത്.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രത്തലവന് യൂറോപ്പിലെ പ്രമുഖരാജ്യത്തിന്റെ തലവനായി അധികാരത്തിലെത്തിയിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ ഐക്യത്തിനും കെട്ടുറപ്പിനും മക്രോണിന്റെ വിജയം ഗുണം ചെയ്യുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും യൂറോപ്യന്‍ ജനത. തീവ്രവാദവും ഭീകരവാദവും കാര്‍ന്നുതിന്നുന്ന ലോകാന്തരീക്ഷത്തില്‍ യൂറോപ്പിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമാണ് ഫ്രാന്‍സും മക്രോണും മുന്നോട്ടുവെച്ചിരിക്കുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ഫ്രാങ്സ്വോ ഒലാന്തിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് മക്രോണ്‍ എന്ന നീലക്കണ്ണുള്ള നേതാവ് ഉയര്‍ന്നുവന്നത്. എന്‍മാര്‍ഷെയാണ് മക്രോണിന്റെ പാര്‍ട്ടിയുടെ പേര്. സാമ്പത്തികവിദഗ്ധനും മുന്‍മന്ത്രിയുമായ മക്രോണ്‍ രാജ്യത്തിന്റെ നിലവിലെ പ്രശ്നങ്ങള്‍ക്ക് ദീര്‍ഘദൃഷ്ടിയോടെയുള്ള പരിഹാരം കണ്ടെത്തുമെന്നുതന്നെയാണ് ജനതയുടെ പ്രതീക്ഷ. വോട്ടുകളുടെ ശതമാനം ഇത് തെളിയിക്കുന്നുണ്ട്. ജനാധിപത്യത്തില്‍ മികച്ച ചരിത്രപാരമ്പര്യമുള്ളതും ലോകജനതയുടെ സാതന്ത്ര്യത്തിനും സമത്വത്തിനും പ്രതീക്ഷ നല്‍കുന്നതുമായ ഒരു രാഷ്ട്രമാണ് എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഫ്രാന്‍സ്. യൂറോപ്പിന്റെ നെടുംതൂണായാണ് പലപ്പോഴും ഫ്രാന്‍സ് വിശേഷിപ്പിക്കപ്പെടുന്നത്.
പത്തുശതമാനം വരുന്ന തൊഴിലില്ലായ്മയാണ് ഫ്രാന്‍സിനെ ഇപ്പോള്‍ അലട്ടുന്നത്. ചെറുപ്പക്കാരില്‍ നാലിലൊന്നുപേര്‍ക്ക് തൊഴിലില്ല. വര്‍ധിച്ചുവരുന്ന പൊതുകടമാണ് മറ്റൊരു കീറാമുട്ടി. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുമായി ചേര്‍ന്നുകൊണ്ടുള്ള സാമ്പത്തിക പരിഹാരമാണ് മക്രോണും കൂട്ടരും മുന്നോട്ടുവെക്കുന്നതെങ്കില്‍ ചെറിയ ശതമാനമാണെങ്കിലും ലീപെന് അനുകൂലികളുടെ ഇടങ്കോല് ഭരണതലത്തില്‍ മക്രോണിനും കൂട്ടര്‍ക്കും വെല്ലുവിളിയാണ്. നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കണം. 577 അംഗപാര്‍ലമെന്റില്‍ 289 അംഗങ്ങളുടെ പിന്തുണയാണ് പ്രസിഡണ്ടിന് വേണ്ടത്. ജൂണ്‍ 11നും 18നുമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് .ഇത് ലഭിച്ചില്ലെങ്കില്‍ പ്രസിഡണ്ടിന്റെ അധികാരം കുറയുകയും പാര്‍ലമെന്റിന് മേല്‍ക്കൈ ലഭിക്കുകയും ചെയ്യും.
ഇന്നുരാത്രി നിങ്ങള്‍ വിജയിച്ചിരിക്കുന്നു. പലരും പറഞ്ഞതുപോലെ സംഭവിച്ചില്ല- മക്രോണ്‍ വിജയപ്രഖ്യാപനത്തിന് ശേഷം നടത്തിയ ഹ്രസ്വപ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍ ഫ്രഞ്ച് ജനതയിലും അന്താരാഷ്ട്രസമൂഹത്തിലും കൗതുകമുളവാക്കുകയാണ്. പ്രത്യേകിച്ചും സത്യാനന്തര കാലത്ത്, ട്രംപിന്റെ വിജയവും ഹിലരിയുടെ തോല്‍വിയും ബ്രെക്സിറ്റും മോദിയുടെ വിജയാരവങ്ങളും കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ മക്രോണിന്റെ വിജയം പലരും അപ്രതീക്ഷിതവും അതോടൊപ്പം പ്രതീക്ഷാനിര്‍ഭരവുമായാണ് വാഴ്്ത്തുന്നത്. രാജ്യത്തിന്റെ ഐക്യത്തെക്കുറിച്ചാണ് മക്രോണ്‍ സംസാരിക്കുന്നത്. ഐ.എസ് പോലുള്ള സംഘടനകളില്‍ നിന്ന് കടുത്ത വിരോധവും ആക്രമണങ്ങളും ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു ഘട്ടത്തില്‍ മക്രോണിന്റെ ഭാഷയുടെ ശൈലിക്ക് പ്രത്യേക അര്‍ഥതലങ്ങളുണ്ട്. അത് അറേബ്യയിലും തെക്കനേഷ്യയിലും വരെ ശ്രദ്ധിക്കപ്പെടുന്നത് അതിനാലാണ്. തീര്‍ച്ചയായും ഐ.എസ് തീവ്രവാദികള്‍ക്ക് അവരുടെ അജണ്ട നടപ്പാക്കിക്കിട്ടാന്‍ മക്രോണും അരുനില്‍ക്കില്ലെന്ന് നമുക്കറിയാമെങ്കിലും കൂടുതല്‍ പ്രകോപനരഹിതമായ നടപടികളിലൂന്നിയാകും ഈ ചെറുപ്പക്കാരന് മുന്നോട്ടുപോകുക എന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. ബ്രെക്സിറ്റിലൂടെ ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനിരിക്കുന്ന ഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്റെ ഐക്യമാണ് മക്രോണും ഫ്രഞ്ച് ജനതയും ആവര്‍ത്തിക്കുന്നത് എന്നത് ഏറെ പ്രാധാന്യമുള്ളതാണ്. പ്രധാനമന്ത്രി തെരേസമേ പെട്ടെന്നൊരു തിരഞ്ഞെടുപ്പിന് തയ്യാറെടുത്തുനില്‍ക്കെ മക്രോണിന്റെ വിജയം ബ്രിട്ടനിലും അതിന്റേതായ പ്രതിഫലനം ഉണ്ടാക്കുമെന്ന് തീര്‍ച്ച.
അറുപത്തിയഞ്ചുശതമാനത്തോളം ക്രിസ്ത്യാനികളുള്ള ഫ്രാന്‍സിന്റെ ബാക്കി മതന്യൂനപക്ഷങ്ങളാണ്. മുസ്്ലിംകള്‍ ഏഴുമുതല്‍ ഒന്പതുവരെ ശതമാനം വരുന്നുണ്ട്. പുതിയ കാലഘട്ടത്തില്‍ സിറിയയില്‍ നിന്നും മറ്റുമുണ്ടാകുന്ന കുടിയേറ്റഭീഷണിയാണ് മറ്റൊരു പ്രശ്നം.ഫ്രാന്‍സിന്റെ മതേതരമൂല്യങ്ങളെക്കുറിച്ച് എല്ലാ മതനേതാക്കള്‍ക്കും ബോധവല്കരണം നടത്തുമെന്നാണ് മക്രോണിന്റെ മറ്റൊരു തിരഞ്ഞെടുപ്പുവാഗ്ദാനം. യൂറോപ്യന്‍ യൂണിയന് അതിര്‍്ത്തിയില്‍ അയ്യായിരം പേരുടെ സേന, സിറിയയിലെ ബസറുല്‍ അസദിനെ കുറ്റവിചാരണ നടത്തുക, ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവര്‍ക്കുമാത്രം പൗരത്വം തുടങ്ങിയവയാണ് മറ്റുനയപരിപാടികള്‍. ആഗോളവല്കരണം ദേശീയതയിലേക്ക് വഴിമാറണമെന്നാണ് ട്രംപ് പറയുന്നതെങ്കില്‍ മക്രോണ്‍ പറയുന്നത് മറിച്ചാണ്. അതുകൊണ്ട് ഫ്രാന്‍സും ആഗോളവല്കരണം തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടേണ്ടത്. ട്രംപിന്റെയും നരേന്ദ്രമോദിയുടെയും റഷ്യയിലെ പുട്ടിന്റെയും വിജയങ്ങള്‍ക്കിടെ വന്നിരിക്കുന്ന മക്രോണിന്റെ വിജയം നല്‍കുന്നത് ശുഭസൂചനയാണ് . ബഹുസ്വരതയിലൂന്നിയ ഭരണമായിരിക്കണം ഭാവിയുടേതെന്നാണ് ഫ്രാന്‍സ് നല്കുന്ന സന്ദേശം. ഇന്ത്യ ഇതിനനുസരിച്ച് ആഭ്യന്തരതലത്തിലും യൂറോപ്യന്‍നയത്തിലും വേണ്ട തിരുത്തല്‍ വരുത്തണം. എന്തായാലും ആഭ്യന്തര-അന്താരാഷ്ട്രരംഗങ്ങളില്‍ മിതവാദനിലപാടുകളുമായാണ് മക്രോണ്‍ മുന്നോട്ടുപോകുക എന്നുതന്നെയാണ് ഏവരുടെയും പ്രതീക്ഷ. അതുതന്നെയാകണം ഈ ചെറുപ്പക്കാരനില്‍ നിന്ന് ഉണ്ടാകേണ്ടതും.
Video Stories
ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതോടെ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം ഗുരുതരാവസ്ഥയില്‍; കെഡിഎഫ്എ
സ്റ്റേഡിയത്തിനുള്ളില്‍ ഭാരമേറിയ ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി.
കോഴിക്കോട്: സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് മത്സരങ്ങള്‍ക്ക് വിട്ടുനല്‍കിയ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം ഗുരുതരമായി തകര്‍ന്ന നിലയിലാണെന്ന് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് (കെഡിഎഫ്എ) വിലയിരുത്തല്‍. സ്റ്റേഡിയത്തിനുള്ളില്‍ ഭാരമേറിയ ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി.
ഒരു ടണ്ണില്‍ താഴെ മാത്രം ഭാരമുള്ള റോളറുകള്‍ ഉപയോഗിക്കാമെന്ന കരാര്‍ വ്യവസ്ഥ നിലനില്‍ക്കെയാണു ഏകദേശം 80 ടണ്‍ ഭാരമുള്ള ടിപ്പര്‍ ലോറികള്‍ മൈതാനത്ത് തലങ്ങും വിലങ്ങും ഓടിയതെന്ന് കെഡിഎഫ്എ വ്യക്തമാക്കി. ഇതിന്റെ ഫലമായി മൈതാനത്തിന് കീഴിലൂടെ വെള്ളം ഒഴുകിപ്പോകാന്‍ ഒരുക്കിയിരുന്ന ഡ്രെയിനേജ് പൈപ്പുകള്‍ തകര്‍ന്നതായും, മണ്ണിന്റെ സ്വാഭാവിക മൃദുഘടന പൂര്‍ണമായി നഷ്ടപ്പെട്ടതായും കണ്ടെത്തല്‍.
മൈതാനത്തെ പുല്ല് കരിഞ്ഞുണങ്ങിയ നിലയിലാണെന്നും, യൂറിയ ഉപയോഗിച്ചും വെള്ളമൊഴിച്ചും പച്ചപ്പ് തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്നും കെഡിഎഫ്എ പ്രതിനിധികള്‍ മുന്നറിയിപ്പ് നല്കി. ഇത്തരമൊരു കട്ടിയായ മൈതാനത്ത് മത്സരങ്ങള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ കളിക്കാര്‍ക്ക് ഗുരുതര പരുക്കുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടന്നും, ഇതുമൂലം അന്താരാഷ്ട്ര താരങ്ങള്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും സാധ്യതയുണ്ടെന്ന് അറിയിച്ചു.
പുല്ല് നശിച്ചതായി ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് ജില്ലാ ഫുട്ബോള്‍ അസോസിയേഷനെ വിളിപ്പിച്ച് മേയറുടെ നേതൃത്വത്തില്‍ സ്റ്റേഡിയം പരിശോധിച്ചത്. സംഭവത്തില്‍ രണ്ട് ദിവസത്തിനകം വിദഗ്ധരുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിച്ച് സ്റ്റേഡിയം പൂര്‍വ്വസ്ഥിതിയിലാക്കി തിരിച്ചു നല്‍കുമെന്ന് സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് സംഘാടകര്‍ അറിയിച്ചു. മൈതാനം കൈമാറിയ കരാര്‍ കാലാവധി ഈ മാസം 25ന് അവസാനിക്കും.
News
വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വിമാനത്താവളത്തില്‍ പിടിയില്‍
കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു.
തിരുവനന്തപുരം: രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായ യുവാവിനെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മുറിഞ്ഞപാലം സ്വദേശി ഷിജുവിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.
കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയത്. 2006, 2009 എന്നീ വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളേജ്, കഴക്കൂട്ടം പൊലീസ് സ്റ്റേഷന് പരിധികളില്‍ നടന്ന രണ്ട് കൊലപാതക കേസുകളിലാണ് ഷിജു പ്രതിയാകുന്നത്.
ഇയാള്‍ മെഡിക്കല്‍ കോളേജ് പൊലീസിന്റെ റൗഡി ലിസ്റ്റിലുമുള്ളയാളാണ്. വിദേശത്തേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പൊലീസ് ഇയാളെ പിടികൂടിയത്. പിടിയിലായ പ്രതിയെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.
editorial
സാമ്രാജ്യത്വത്തിന്റെ നരനായാട്ട്
സാമ്രാജ്യത്വ അധിനിവേശങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകളിലേക്ക് വെനസ്വേലയെന്ന തെക്കേ അമേരിക്കന്‍ രാഷഷ്ട്രം ചേര്‍ത്തു വെക്കപ്പെടുകയാണ്.
രാഷ്ട്രാന്തരീയ സമൂഹത്തെ നോക്കുകുത്തിയാക്കി വെനസ്വേലയില്‍ അമേരിക്ക നടത്തിയ നരനായാട്ടിനെ ലോകമനസാക്ഷിയോടുള്ള സാമ്രാജ്യത്വത്തിന്റെ വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി, കെട്ടിച്ചമച്ച കഥകളുമായി ഒരു രാഷ്ട്രത്തിന്റെകൂടി പരമാധികാരത്തിനുമേല്‍ അമേരിക്കയുടെ കരാള ഹസ്തങ്ങള്‍ പതിയുമ്പോള്‍ സാമ്രാജ്യത്വ അധിനിവേശങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകളിലേക്ക് വെനസ്വേലയെന്ന തെക്കേ അമേരിക്കന്‍ രാഷഷ്ട്രം ചേര്‍ത്തു വെക്കപ്പെടുകയാണ്.
വെനസ്വേലയില്‍ വലിയ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മദുറോയെയും അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ളോറസിനെയും പിടികൂ ടിയതായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുമ്പോള്‍ അമേരിക്ക വെല്ലുവിളിക്കുന്നത് അവരൊഴികെയുള്ള ലോകരാജ്യങ്ങളെ ഒന്നടങ്കമാണ്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തുകയും ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ഇതിനൊക്കെ ആരാണ് അമേരിക്കക്ക് അവകാശം നല്‍കിയത് എന്ന ചോദ്യമാണ് ലോകം ഉയര്‍ത്തുന്നത്.
അധികാരത്തിലെത്തിയതുമുതല്‍ ‘അമേരിക്ക ആദ്യം’ എന്ന മുദ്രാവാക്യവുമായി ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ലോകത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടംമറിക്കാന്‍ പര്യാപ്തമായതരത്തിലുള്ളതാണ്. അപകടകരമായ ആ നീക്കങ്ങള്‍ക്കു മുന്നില്‍ വന്‍ശക്തികള്‍ എ ന്നവകാശപ്പെടുന്നവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പ്രോത്സാഹനാജനകമായ മൗനംകൂടിച്ചേര്‍ന്നപ്പോള്‍ സാമ്രാജ്യത്വം അതിന്റെ ദംഷ്ട്രകള്‍ കൂടുതല്‍ പുറത്തുകാണിച്ചു കൊണ്ടരിക്കുകയാണ്.
അമേരിക്ക നടത്തിയിട്ടുള്ള അധിനിവേശങ്ങള്‍ക്കു പിന്നിലെല്ലാം ഒളിയജണ്ടകളുണ്ടായിരുന്നുവെന്നത് ചരിത്രപരമായ വസ്തുതയാണ്. വിയറ്റ്നാമിലായാലും, ഇറാഖിലായായാലും, അഫ്ഗാനിസ്താനിലായാലും, ഇസ്രാഈലിനെ മുന്നില്‍ നിര്‍ത്തി ഫലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്നതിലായാലും രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ താല്പര്യങ്ങള് അതിലെല്ലാം പ്രകടമാണ്. അവയില്‍ മഹാഭൂരിപക്ഷവുമാകട്ടേ എണ്ണയില്‍ കണ്ണുനട്ടുള്ള തും. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പേരില്‍ അഫ്ഗാനിസ്താനിലും സദ്ദാമിന്റെ രാസായുധത്തിന്റെ പേരില്‍ ഇറാഖിലും നടത്തിയ അധിനിവേശങ്ങളുടെയും ലക്ഷ്യം മറ്റൊന്നായിരുന്നില്ല. വെനസ്വേലയിലും സാഹചര്യങ്ങള്‍ സമാനമാണ്.
ഇവിടെ ഭീകരവാദത്തിനു പകരം ലഹരിയാണ് കാരണമായിക്കണ്ടെത്തിയതെന്ന മാറ്റംമാത്രമേയുള്ളൂ. വെനസ്വേലയുടെ എണ്ണയുടെ കരുതല്‍ ശേഖരം അമേരിക്കയുടേതിന്റെ അഞ്ചിരട്ടിയാണ്. കിഴക്കന്‍ മേഖലയിലെ ഒറിനോകോ മേഖലയില്‍ ഏകദേശം 55,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുകയാണ് രാജ്യത്തിന്റെ എണ്ണ സമ്പത്ത്. ഇത്രയും വലിയ എണ്ണശേഖരം നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്ക് ആഗോള ഇന്ധന വിപണിയിയില്‍ വലിയ സ്വാധീനം ചെലുത്താനാകും. 1998 ല്‍ ഹ്യൂഗോ ഷാവേസ് ആണ് എണ്ണ വ്യവസായം ദേശസാല്‍ക്കരിച്ചത്. അതുവരെ വെനസ്വേലന്‍ എണ്ണസമ്പത്ത് അമേരിക്കന്‍ കമ്പനികള്‍ തുച്ഛവിലയ്ക്ക് കൊള്ളയടിക്കുകയായിരുന്നു.
ദേശസാത്കരിച്ചതോടെ ഈ മേഖലയില്‍ അമേരിക്കന്‍ കമ്പനികളുടെ സ്വാധീനം പാടേ ഇല്ലാതായി. ഷാവേസിന്റെ പിന്മുറക്കാരനായി 2013 ല്‍ മഡുറോ അധികാരത്തില്‍ വന്നപ്പോഴും ഇതേ നയം തുടരുകയായിരുന്നു. റഷ്യയുടെയും ചൈനയുടെയും സ്വാധീനം ലാറ്റിന്‍ അമേരിക്കയില്‍ കുറയ്ക്കുക എന്നതും അമേരിക്കയുടെ പ്രധാന ലക്ഷ്യമാണ്. വെനസ്വേലയെ വരുതിയിലാക്കിയാല്‍ മറ്റുരാജ്യങ്ങളുടെ വാണിജ്യ സാധ്യതകള്‍ തകര്‍ക്കാമെന്നും എണ്ണക്കുത്തക വി ണ്ടെടുക്കാമെന്നും ഡെണാള്‍ഡ് ട്രംപ് കരുതുന്നു. ഈ ലക്ഷ്യംമുന്‍ നിര്‍ത്തി മയക്കുമരുന്ന് കടത്ത് ആരോപിച്ച് പതിറ്റാണ്ടിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ട്രംപ് ഭരണകൂടം കരീബിയന്‍ സമുദ്രത്തില്‍ നടത്തിയത്. വെനസ്വേലയുടെ കണക്കനുസരിച്ച്, കരീബിയന്‍ കടലിലും പസിഫിക് സമുദ്രത്തിലും വച്ച് 21 വെനസ്വേലന്‍ ബോട്ടുകള്‍ അമേരിക്കന്‍ സൈന്യം ആക്രമിക്കുകയും 87 പേര് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ ബോട്ടുകള്‍ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചതാണെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് തെളിവ് ഹാജരാക്കാനായിട്ടില്ല. അമേരിക്കന്‍ അധിനിവേശങ്ങളില്‍ പലതാല്‍പര്യങ്ങളുടെയും പേരില്‍ റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ സ്വീകരിച്ച സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വെനിസ്വലെ. ഫലസ്തീനുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലൊക്കെ ചെങ്ങാതിമാരെ കൂട്ടുപിടിച്ച് സാമ്രാജ്യത്വം നടത്തിയ നിയമലംഘനങ്ങളെ കൈയ്യുംകെട്ടി നോക്കിനിന്നവര്‍ ഇന്നു പക്ഷേ സ്വന്തക്കാര്‍ക്കുനേരെ അതിക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ നഖംകടിക്കുന്ന അവസ്ഥയി ലാണ്. വിധേയത്വം അവസാനിപ്പിച്ച് സാമ്രാജ്യത്വ വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാനും ലോകത്ത് നീതി പുന സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ ഇനിയും വൈകിക്കൂടാ എന്ന് വന്‍ശക്തികളെ ഓര്‍മിപ്പിക്കുകയാണ് വെനസ്വേലയിലെ സാഹചര്യം.
-
GULF1 day agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala1 day agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
News2 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala3 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
-
kerala2 days ago‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ല; ഇനി പറയാതിരിക്കുകയാണ് നല്ലത്’; കെ സി വേണുഗോപാല്‍
-
kerala2 days agoകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
-
News2 days agoമുസ്തഫിസുര്‍ വിവാദം: ഐപിഎല്‍ സംപ്രേഷണം വിലക്കി ബംഗ്ലാദേശ്
