അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസ് നേതൃത്വവുമായി യാതൊരുവിധ തര്‍ക്കവുമില്ലെന്ന് ഒ.ബി.സി വിഭാഗം നേതാവ് അല്‍പേഷ് ഠാക്കൂര്‍. അഹമ്മദാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണ്. തന്റേത് രാജി രാഷ്ട്രീയമല്ല, മോദി വിരുദ്ധ രാഷ്ട്രീയമാണ് താന്‍ മുന്നോട്ടുവെക്കുന്നത്. സീറ്റിനെച്ചൊല്ലി ഇതുവരെയും തര്‍ക്കമുണ്ടായിട്ടില്ലെന്നും അല്‍പേഷ് പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 125 സീറ്റ് നേടുമെന്ന് അല്‍പേഷ് ഠാക്കൂര്‍ അവകാശപ്പെട്ടു. ജന്മനാടായ വിരംഗാമില്‍ നിന്ന് അല്‍പേഷ് മത്സരിച്ചേക്കുമെന്നാണ് വിവരം. പിന്നോക്ക, ദളിത്, ആദിവാസി വിഭാഗങ്ങളുടെ ഐക്യവേദിയുണ്ടാക്കി ബിജെപിക്കെതിരെ നീക്കം നടത്തിയിരുന്ന അല്‍പേഷ് തെരഞ്ഞെടുപ്പ് ചൂടേറിയതോടെയാണ് കോണ്‍ഗ്രസ് അംഗമായത്.