ജാംനഗര്‍(ഗുജറാത്ത്): പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പ്രസംഗത്തിനിടെ നാക്കുപിഴ. കൊച്ചിയുടെ പേരു പറയേണ്ടിടത്ത് പാക് നഗരമായ കറാച്ചിയുടെ പേരാണ് പ്രധാനമന്ത്രി പറഞ്ഞത്. അമളി മനസ്സിലായതോടെ അടുത്ത ശ്വാസത്തിനു തന്നെ പ്രധാനമന്ത്രി തെറ്റു തിരുത്തി.

ഗുജറാത്തിലെ ജാംനഗറില്‍ നടന്ന പരിപാടിക്കിടെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിയുടെ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിക്കു നാക്കു പിഴച്ചത്. ജാംനഗറിലുള്ള ജനങ്ങള്‍ക്ക് രാജ്യത്ത് എവിടെയും സൗജന്യ ചികിത്സ തേടാന്‍ സൗകര്യം ഒരുക്കുന്നതാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി. അത് കൊല്‍ക്കത്തയിലായാലും കറാച്ചിയിലായാലും എന്നായിരുന്നു മോദിയുടെ ആദ്യ പരാമര്‍ശം.

എന്നാല്‍ പറഞ്ഞത് പാക് നഗരത്തിന്റെ പേരാണെന്ന് ബോധ്യമായതോടെ വീണത് വിദ്യയാക്കി പ്രധാനമന്ത്രി തടിയൂരി. കറാച്ചിയല്ല, കൊച്ചിയെന്നാണ് താന്‍ പറയാന്‍ ഉദ്ദേശിച്ചതെന്നും കഴിഞ്ഞ കുറച്ചു ദിവസമായി തന്റെ മനസ്സ് അയല്‍ രാഷ്ട്രത്തില്‍ ഉടക്കി നില്‍ക്കുന്നതു കൊണ്ടാണ് കൊച്ചി കറാച്ചിയായി മാറിയതെന്നുമായിരുന്നു മോദിയുടെ വിശദീകരണം.