ന്യൂഡല്‍ഹി: ലൈംഗീകരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ കേന്ദ്രമെടുത്ത നിലപാടിനെ ചോദ്യം ചെയ്തു കൊണ്ട് കോണ്‍ഗ്രസ് രംഗത്ത്. എം.ജെ അക്ബറിന്റെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം വലിയ ചോദ്യമാണ് ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ വിഷയത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എം.ജെ അക്ബറിന്റെ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കേണ്ടത് ആ പദത്തിന്റെ മഹത്വം നിലനിര്‍ത്തുന്നതിന് അനിവാര്യമാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

ലൈംഗീകരോപണത്തെ തുടര്‍ന്ന് നൈജീരിയയില്‍ നിന്നും ഇന്ത്യയിലെത്തിയ എം.ജെ അക്ബര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം തന്റെ പേരില്‍ പുറത്തുവന്നിരിക്കുന്ന ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും എം.ജെ അക്ബര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മീ ടു ക്യംപെയ്‌ന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ തന്നെ രംഗത്തെത്തിരുന്നു. സത്യം ഉറക്കെ വിളിച്ചു പറയേണ്ട സമയമാണിതെന്നായിരുന്നു രാഹുല്‍ പറഞ്ഞു. എന്നാല്‍ ബിജെപിയില്‍ നിന്നും മേനകഗാന്ധി ഒഴികെ മറ്റൊരു വനിതാ നേതാവും ഇതുവരെയും പ്രത്യക്ഷമായി എം.ജെ അക്ബറിനെതിരെ സംസാരിച്ചിട്ടില്ല.