കൊണ്ടോട്ടി:ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി ഡിസംബര്‍ 22 വരെ നീട്ടി. നവംബര്‍ 15 ന് ആരംഭിച്ച അപേക്ഷ സ്വീകരിക്കല്‍ ഇന്നലെ അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ഹജ്ജ് കമ്മറ്റി സമയം നീട്ടിനല്‍കിയത്. 53108 അപേക്ഷകളാണ് കേരളത്തില്‍ ഇതിനകം ലഭിച്ചത്. ഇതില്‍ 1900ത്തോളം അപേക്ഷകള്‍ 70വയസ്സ് കഴിഞ്ഞ റിസര്‍വ് കാറ്റഗറിക്കാരുടേതാണ്. 232സ്ത്രീകള്‍ മെഹറമില്ലാത്ത അപേക്ഷകരായുമുണ്ട്. പുതുതായി അപേക്ഷ നല്‍കുന്നവര്‍ ംംം.വമഷരീാാശേേലല.ഴീ്.ശി എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷ നല്‍കേണ്ടത്. വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ചും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ ആയോ അല്ലാതെയോ സമര്‍പ്പിക്കുന്ന അപേക്ഷകളും അനുബന്ധ രേഖകളും ഒരാള്‍ക്ക് 300 രൂപയെന്ന തോതില്‍ അടച്ച ബാങ്ക് രശീതി സഹിതം സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസില്‍ ഡിസംബര്‍ 22ന് 5 മണിക്ക് മുമ്പ് എത്തിക്കണം.

ഹജ്ജ് യാത്ര ഉറപ്പാകുമെന്ന് കരുതുന്ന റിസര്‍വ്വ് കാറ്റഗറിയില്‍ പെട്ട 70 വയസ്സ് കഴിഞ്ഞവരും അവരുടെ സഹായികളുമുള്‍പ്പെടുന്ന അപേക്ഷകര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഉള്‍പ്പെടെയുള്ളവരുടെ ശ്രമഫലമായി സംസ്ഥാനത്ത് ഈ വര്‍ഷം 10,000 പേര്‍ക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. നാല് വര്‍ഷം തുടര്‍ച്ചയായി അപേക്ഷ നല്‍കി ഈ വര്‍ഷം അഞ്ചാം വര്‍ഷ അപേക്ഷകരായി കാത്തിരിക്കവെയാണ് 13,000ല്‍ അധികം അപേക്ഷകരെ ആശങ്കയിലാഴ്ത്തിയ പുതിയ ഹജ്ജ്‌നയം കേന്ദ്രം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. .ജനുവരി നാലിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.