ബാര്‍സിലോണ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ അര്‍ജന്റീന മെച്ചപ്പെട്ട പ്രകടനം നടത്താതപക്ഷം ഞാന്‍ ഇനി രാജ്യാന്തര ഫുട്‌ബോളില്‍ കാണില്ലെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. ഈ ലോകകപ്പിലും കാര്യമായ പ്രകടനം നടത്താന്‍ കഴിയാത്തപക്ഷം പിന്നെ കളത്തില്‍ തുടരുന്നതില്‍ കാര്യമില്ലെന്നാണ് മെസി വ്യക്തമാക്കുന്നത്.

നേരത്തെ ഒരു തവണ ലിയോ മെസി രാജ്യാന്തര ഫുട്‌ബോള്‍ വിട്ടതാണ്. കഴിഞ്ഞ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ചിലിയോട് ഫൈനലില്‍ തോറ്റതിന് ശേഷം ലോകത്തിന് മുന്നില്‍ അദ്ദേഹം പറഞ്ഞു-ഇനി രാജ്യാന്തര ഫുട്‌ബോളില്‍ ഞാനില്ല. ഞെട്ടലോടെയാണ് മെസിയുടെ വാക്കുകള്‍ ഫുട്‌ബോള്‍ ലോകം ശ്രവിച്ചത്. കാല്‍പ്പന്തിനെ സ്‌നേഹിക്കുന്നവരുടെ നിരന്തരകമായ അഭ്യര്‍ത്ഥനയില്‍ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയ താരം രാജ്യന്തര ടീമില്‍ തിരിച്ചെത്തിയത്.

മെസി മാത്രമല്ല ജാവിയര്‍ മസ്‌ക്കരാനസ് ഉള്‍പ്പെടെ പല സീനിയര്‍ താരങ്ങളും ലോകകപ്പോടെ രാജ്യാന്തര ഫുട്‌ബോള്‍ വിടാന്‍ കാത്തിരിക്കയാണ്. ഇത്തവണ ലോകകപ്പില്‍ അര്‍ജന്റീന കളിക്കുന്ന കാര്യം പോലും സംശയത്തിലായിരുന്നു. യോഗ്യതാ മല്‍സരങ്ങളില്‍ തപ്പിതടഞ്ഞ ടീം അവസാന സമയത്താണ് ലാറ്റിനമേരിക്കയില്‍ നിന്നും ടിക്കറ്റ് സ്വന്തമാക്കിയത്.

കരിയറിനെക്കുറിച്ച് ഗൗരവതരത്തില്‍ മെസി ചിന്തിക്കുന്ന സമയമാണിത്. അഞ്ചാം തവണം ബാലന്‍ഡിയോര്‍ പുരസ്‌ക്കാരം നേടി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം കൃസ്റ്റ്യാനോ റൊണാള്‍ഡോ മെസിക്കൊപ്പം എത്തിയ വേളയില്‍ കരിയറിനെ കുറിച്ച് ലിയോ ആലോചിക്കുന്നു. കൂടുതല്‍ മല്‍സരങ്ങളോക്കാള്‍ നല്ല കുറച്ച് മല്‍സരങ്ങള്‍ എന്ന ആശയമാണ് മെസിയുടെ മനസ്സില്‍. എന്നാല്‍ സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ ഇരിക്കാനും അദ്ദേഹത്തിന് ആഗ്രഹമില്ല. ബാര്‍സയുടെ ചാമ്പ്യന്‍സ് ലീഗിലെ കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും മെസി ബെഞ്ചിലായിരുന്നു. മല്‍സരത്തിന് അത്ര പ്രസക്തിയില്ലാത്തത് കൊണ്ടായിരുന്നു ഇതെങ്കിലും മല്‍സരം നടക്കുമ്പോള്‍ ബെഞ്ചിലിരിക്കുന്നത് തനിക്ക് ആലോചിക്കാന്‍ പോലും കഴിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. ലോകകപ്പില്‍ അര്‍ജന്റീന മെച്ചപ്പെട്ട പ്രകടനം നടത്തിയാല്‍ രാജ്യത്തിന്റെ കുപ്പായത്തില്‍ തുടര്‍ന്നും മെസി കളിക്കുമെന്നുറപ്പാണ്.