യൂറോപ്പിൽ മുസ്ലിംകൾക്കെതിരായ അക്രമ സംഭവങ്ങൾ ഒരു വർഷത്തിനിടെ ഇരട്ടിയോളം വർധിച്ചതായി കണക്കുകൾ. 12 മാസങ്ങൾക്കിടെ ഭൂഖണ്ഡത്തിൽ ആകമാനം 201 മുസ്ലിം പള്ളികൾക്കു നേരെ അക്രമം നടന്നതായും, മുസ്ലിംകളോടുള്ള വെറുപ്പിന്റെ ഭാഗമായുള്ള കുറ്റകൃത്യങ്ങൾ ഭരണകൂടങ്ങൾക്ക് തലവേദനയായി മാറിക്കഴിഞ്ഞു എന്നും കണക്കുകൾ ഉദ്ധരിച്ച് മീഡിയം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ജൂതരക്കെതിരെ ഉണ്ടായതിനു സമാനമായ വംശീയ വിദ്വേഷമാണ് യൂറോപ്പിൽ ആകമാനം നടക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

ആരാധനാ കേന്ദ്രങ്ങൾക്ക് പുറത്തു വെച്ച് മുസ്ലിംകൾ അക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ മൂന്നിരട്ടി വർധന ഉണ്ടായി. പള്ളികൾ ആക്രമിക്കപ്പെട്ട സംഭവങ്ങൾ യു.കെയിൽ മാത്രം വർധിച്ചത് 200 ശതമാനമാണ്. ഇത് ഒരു വലിയ സുരക്ഷാ പ്രശ്നമായി മാറിക്കഴിഞ്ഞു എന്ന് ജർമൻ ഗവണ്മെന്റ് ഈയോടെ വ്യക്തമാക്കി.

25 ദശലക്ഷം തദ്ദേശീയ മുസ്ലിംകൾ യൂറോപ്പിൽ ഉണ്ടെങ്കിലും, ഇസ്‌ലാമിക, അറബ് പേര് ഉള്ള എല്ലാവരെയും വിദേശികൾ ആയി മുദ്ര കുത്തുന്ന പ്രവണത വർധിച്ചു വരികയാണ്. വിദേശികൾ, പുറത്തു നിന്ന് വന്നവർ തുടങ്ങിയ നിലകളിലാണ് ഇവരെ കാണുന്നത്. അക്രമങ്ങളിൽ സിംഹാഭാഗവും നടത്തുന്നത് വെളുത്ത വംശജരാണ്. ഐ എസ് ഭീകരർ നടത്തുന്ന അക്രമങ്ങളെ മുസ്ലിംകളുടെ തലയിൽ കെട്ടിവെക്കുന്ന ഇവർ, വെള്ളക്കാർ നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് അങ്ങനെ ഒരു ലേബൽ നൽകുന്നില്ല. മുസ്ലിംകൾ പ്രതിസ്ഥാനത്തു വരുന്ന കുറ്റകൃത്യങ്ങളെ ഭീകരവാദം എന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾ, സമാനമായ കുറ്റങ്ങളിൽ വെള്ളക്കാർ പിടിക്കപ്പെട്ടാൽ അതിനെ ലഘൂകരിച്ചു കൊണ്ടും കുറ്റവാളിയെ മയപ്പെടുത്തി കൊണ്ടുമുള്ള റിപ്പോർട്ടുകളാണ് കൊടുക്കാറുള്ളത്.

മുൻകാലങ്ങളിൽ ജൂത വംശജർക്കെതിരെ നടന്നിരുന്ന മുൻവിധിയും വിദ്വേഷവും ഇപ്പോൾ മുസ്ലിംകൾ ആണ് നേരിടുന്നതെന്ന് സാമൂഹ്യ ശാസ്ത്രജ്ഞ അമികം നാചമണി പറയുന്നു.

വെല്ലുവിളിക്കിടയിലും വളര്‍ച്ച

അതേ സമയം, മുസ്ലിംകളെ ലക്ഷ്യമിട്ടു കൊണ്ടുള്ള അക്രമങ്ങൾ വർധിച്ചു വരുമ്പോഴും ഇസ്ലാം യൂറോപ്പിൽ ആരോഗ്യകരമായ വളർച്ചയാണ് നേടുന്നതെന്ന് പ്യൂ റിസേർച്ച് സെന്റർ പറയുന്നു. വൻകരയിലെ രാജ്യങ്ങളിൽ റഷ്യ ആണ് മുസ്ലിംകളെ കൂടുതലായും ഉൾക്കൊള്ളുന്നത്. 14 ദശലക്ഷം വരുന്ന മുസ്ലിംകൾ റഷ്യൻ ജനതയുടെ 10 ശതമാനത്തിലേറെ വരും. ജർമ്മനിയും ഫ്രാൻസുമാണ് കൂടുതൽ മുസ്ലിംകൾ ഉള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. ഫ്രഞ്ച് ജനസംഖ്യയുടെ 7.5 ശതമാനം മുസ്ലിംകൾ ആണ്.

ആഫ്രിക്കൻ, ഏഷ്യൻ വൻകരകളിൽ നിന്നുള്ള കുടിയേറ്റവും മതപരിവർത്തനവുമാണ് മുസ്ലിം ജനസംഖ്യ ഉയരാൻ കാരണം. വിദ്വേഷ പ്രചരണം സജീവമാണെങ്കിലും ഇസ്ലാം പഠിക്കാൻ യുവതലമുറ സന്നദ്ധമാകുന്നുണ്ട്. യൂറോപ്യൻ മുസ്ലിംകളുടെ ശരാശരി പ്രായം 32 ആണെന്നത്, 2030 ഓടെ വൻകരയിലെ മുസ്ലിം ജനസംഖ്യ 10 ശതമാനത്തിലേറെ ഉയരാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു. യൂറോപ്യൻ ജനതയുടെ ശരാശരി പ്രായം 40ഉം മതം വെളിപ്പെടുതാത്തവരുടേത് 37 ഉം ക്രിസ്തുമത വിശ്വസികളുടേത് 42 ഉം ആണെന്ന് പ്യൂ റിസർച്ച് സെന്ററിന്റെ 2016ലെ റിപ്പോർട്ടിൽ പറയുന്നു.