ഹാത്രാസ്: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനെതിരെ രംഗത്ത്. യു.പി പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും പിതാവ് പറയുന്നതിന്റെ വീഡിയോ പുറത്തുവന്നു.

‘അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് തൃപ്തിയില്ല. കേസ് സിബിഐക്ക് കൈമാറണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ മുഴുവന്‍ കുടുംബവും വീട്ടുതടങ്കലിലാണ്. മാധ്യമ പ്രവര്‍ത്തകരെ പോലും ഞങ്ങളെ കാണാന്‍ അനുവദിക്കുന്നില്ല, അദ്ദേഹം വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി. പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ ഡല്‍ഹി-യുപി അതിര്‍ത്തിയില്‍വെച്ച് തടഞ്ഞെങ്കിലും പദയാത്രയാരംഭിച്ച ഇരുവരേയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെയാണ് ഇരു നേതാക്കളേയും യുപി പൊലീസ് അറസ്റ്റ് ചെയ്തത്.