പത്തനംതിട്ട: എസ്എസ്എല്‍സി പരീക്ഷ തുടങ്ങി അരമണിക്കൂറിനകം ചോദ്യക്കടലാസ് വാട്‌സാപ് ഗ്രൂപ്പില്‍ പങ്കുവച്ച് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍. ഇലവുംതിട്ട മുട്ടത്തുകോണം എസ്എന്‍ഡിപി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ്. സന്തോഷാണ് ഡിഇഒ പത്തനംതിട്ട എന്ന വാട്‌സാപ് ഗ്രൂപ്പിലേക്ക് കണക്കു പരീക്ഷയുടെ ചോദ്യക്കടലാസ് അയച്ചത്.

പത്തരയ്ക്കു ചോദ്യം പുറത്തായി. അന്വേഷണ വിധേയമായി ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തതായി പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

രാവിലെ ഗ്രൂപ്പില്‍ ചോദ്യ പേപ്പര്‍ കണ്ടതോടെ ഗ്രൂപ്പ് അംഗങ്ങളില്‍ തന്നെ ചിലര്‍, സ്‌ക്രീന്‍ ഷോട്ട് എടുത്തു മേലധികാരികള്‍ക്കു പരാതി നല്‍കുകയായിരുന്നു. ഡിഡിഇ സ്‌കൂളില്‍ പരിശോധന നടത്തി. പരീക്ഷ കഴിയും വരെ ചോദ്യ പേപ്പര്‍ പുറത്തു പോകാന്‍ പാടില്ലെന്നാണ് നിയമം. ചോദ്യം ചോര്‍ന്നതിനാല്‍ പരീക്ഷ റദ്ദാക്കുമോ എന്നതുള്‍പ്പടെ ആലോചിച്ചു തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.