Connect with us

kerala

‘ബി.ജെ.പി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാഷ്ട്രം ശിഥിലമാകും’: പി.കെ കുഞ്ഞാലിക്കുട്ടി

വിദ്വേഷത്തിനും ദുര്‍ഭരണത്തിനുമെതിരെ എല്ലാ കാലത്തും നിലകൊണ്ടവരാണ് മുസ്ലിംലീഗ്

Published

on

പ്രതിസന്ധിഘട്ടങ്ങളില്‍ സടകുടഞ്ഞെഴുന്നേറ്റ് എല്ലാറ്റിനെയും തരണം ചെയ്യുന്നവരാണ് മുസ്ലിം ലീഗുകാരെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പൗരത്വ വിഷയത്തിലും പലസ്തീന്‍ വിഷയത്തിലും മറ്റ് പൊതു സമൂഹത്തെ ബാധിക്കുന്ന മുഴുവന്‍ പ്രശ്‌നത്തിലും ഈ കടപ്പുറത്ത് അത് തെളിയിച്ചു. പലസ്തീന്‍ റാലി അന്തര്‍ ദേശീയ അഭിപ്രായമുണ്ടാക്കിയെടുത്തു. വിദ്വേഷത്തിനും ദുര്‍ഭരണത്തിനുമെതിരെ എല്ലാ കാലത്തും നിലകൊണ്ടവരാണ് മുസ്ലിംലീഗ് എന്ന് അദ്ദേഹം പറഞ്ഞു.

അത് രാഷ്ട്രീയ വിജയമുണ്ടാക്കാനല്ല മറിച്ച് രാജ്യത്തിന്റെ നിലനില്‍പ്പിനാണ്. ജനാധിപത്യത്തിന്റെ തുടര്‍ച്ചക്കാണ്. എന്നാല്‍ ബി.ജെ.പി രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് അവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ഉപയോഗിക്കുന്നത്. അതിനാണ് ശ്രീരാമനെ അവര്‍ കൂട്ടുപിടിക്കുന്നത്. അവര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാഷ്ട്രം ശിഥിലമാകുമെന്നതില്‍ സംശയമില്ല. അതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പൊരുതണമെന്നും അദ്ദേഹം പറഞ്ഞു.

മതവിശ്വാസം എല്ലാവരുടേയും അവകാശമാണ്. അത് സമാധാനത്തിന്റെ സന്ദേശമാണ്. അത് തീവ്ര വാദത്തിനെതിരാണ്. മതത്തെ ഉപയോഗിച്ചുകൊണ്ട് തീവ്രവാദത്തെ വളര്‍ത്താന്‍ ആരൊക്കെ ശ്രമിച്ചാലും അതിനെതിരെ ശബ്ദിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സന്ദര്‍ഭത്തില്‍ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ നമുക്ക് കാണിച്ച് തന്ന മാര്‍ഗ്ഗം അതാണ്. അന്ന് മുതല്‍ രംഗത്ത് വന്ന തീവ്രവാദ സംഘടനകള്‍ ലീഗിനെതിരെ പല കോലത്തിലും നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. എന്നാല്‍ ലീഗിനൊരു കോട്ടവും തട്ടിയില്ലെന്ന് മാത്രമല്ല അവരെല്ലാം നാമാവശേഷമായത് നാം കണ്ടുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാജ്യത്ത് സാഹോദര്യം വളരണം. അതിന് സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം. അതിന്നായി ശബ്ദിക്കണം. ഇടയാനില്ലാത്ത ആട്ടിന്‍കൂട്ടത്തെപ്പോലെയല്ല മുസ്ലിം ലീഗ് സഞ്ചരിക്കുന്നത്. അതിന് നായകനുണ്ട്.മുമ്പുണ്ടായിരുന്നവര്‍ കാണിച്ചുതന്ന അതേ മാതൃക പിന്‍പറ്റി തന്നെയാണ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്. പാണക്കാട് കുടുംബം സമുദായത്തെ ഇപ്പോഴും നയിക്കുന്നത്. ആ നായകത്വത്തില്‍ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ സാമ്പത്തിക രംഗത്ത് പുരോഗതിയുണ്ടാക്കി. ഇതൊക്കെ കണ്ട് കണ്ണ് തള്ളിയവര്‍ വിദ്വേഷത്തിന്റെ മുദ്രാവാക്യം മുഴക്കി വിഭാഗീയത സൃഷ്ടിച്ച് രാജ്യത്തെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. അതിനെതിരെ ഇന്ത്യമുന്നണിയെ വിജയിപ്പിക്കണം.കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഭരണത്തെ അധികാരത്തിലെത്തിക്കണം. നല്ല നാളുകളിലേക്ക് ഇന്ത്യയെ മടക്കൊണ്ട് വരണം. ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് കൂട്ടുകാരോടൊപ്പം കുളിക്കാന്‍ കുളത്തിലിറങ്ങിയ 14കാരന്‍ മുങ്ങിമരിച്ചു

കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു

Published

on

കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന് സമീപം ദ്വാരക വീട്ടില്‍ ജയപ്രകാശ്-സ്വപ്ന ദമ്പതികളുടെ മകന്‍ സഞ്ജയ് കൃഷ്ണ(14)  ആണ് മരിച്ചത്. കുളത്തില്‍ ചാടുന്നതിനിടെ തലയ്ക്ക് പരുക്കേറ്റ് കുട്ടി മുങ്ങിപ്പോവുകയായിരുന്നു. ആഴ്ചവട്ടം ശിവക്ഷേത്രത്തിലാണ് സഞ്ജയ് കൃഷ്ണയും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്.

കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയാണ് കുട്ടിയെ കരക്കെത്തിച്ചത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് സെന്റ്ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയാണ് സഞ്ജയ്. സഹോദരി: ശ്രീഷ.

Continue Reading

kerala

സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം

ഇന്നലെ 3 പേരാണു മരിച്ചത്

Published

on

സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം. കൊച്ചിയിൽ വെള്ളക്കെട്ടിൽ വീണ് മത്സ്യത്തൊഴിലാളിയും കാസർകോട്ട് മിന്നലേറ്റ് വയോധികനും മരിച്ചു. കണ്ണൂരിൽ മേൽക്കൂര തകർന്ന് ആറ് വയസ്സുകാരിക്ക് പരുക്ക്. തിരുവനന്തപുരത്ത് വീടിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു. പലയിടങ്ങളിലും വൻ നാശനഷ്ടവും വെള്ളക്കെട്ടുമുണ്ടായി. പൊഴിയൂരിൽ കടലാക്രമണം രൂക്ഷം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഇന്ന് വൈകിട്ടോടെ റെമാൽ ചുഴലിക്കാറ്റാകും.

മിന്നലേറ്റ് കാസർകോട് ബെള്ളൂർ സ്വദേശി ഗംഗാധരനും (76) വെള്ളക്കെട്ടിൽ വീണ് മത്സ്യത്തൊഴിലാളി പുതുവൈപ്പ് കോടിക്കൽ ദിലീപുമാണ് (51) ഇന്ന് മരിച്ചത്. പുതുവൈപ്പ് ബീച്ചിലെ വെള്ളക്കെട്ടിലാണ് ദിലീപ് വീണത്.

ഇന്നലെ 3 പേരാണു മരിച്ചത്. കോട്ടയം പാലാ പയപ്പാറിൽ ചെക്ക്ഡാം തുറന്നു വിടുന്നതിനിടെ കൈകൾ പലകയിൽ കുടുങ്ങി കരൂർ ഉറുമ്പിൽ വീട്ടിൽ രാജു(53), തോട്ടിൽ വീണു മലപ്പുറം ചേലേമ്പ്ര സ്വദേശി പ്രണവാനന്ദൻ (71), കോഴിക്കോട് ബേപ്പൂർ മാത്തോട്ടം കുത്തുകല്ല് റോഡിലെ കനാലിൽ വീണ് രാധ (84) എന്നിവരാണു മരിച്ചത്.

Continue Reading

kerala

വൃക്ക ദാനം ചെയ്താൽ പുതിയ വൃക്ക മുളച്ചുവരുമെന്ന് ദാതാക്കളെ തെറ്റിദ്ധരിപ്പിച്ചും അവയവ കച്ചവടം നടത്തി; സാബിത്തിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

രണ്ടു വൃക്കയുള്ളതു ശാരീരികവൈകല്യമാണെന്നു തെറ്റിദ്ധരിപ്പിച്ച് ഉത്തരേന്ത്യൻ സ്വദേശികളെ കബളിപ്പിച്ചതായി പൊലീസിന്‍റെ കസ്റ്റഡിയിലുള്ള സാബിത്ത് മൊഴി നൽകി

Published

on

കൊച്ചി: അവയവ മാഫിയ കേസിൽ അറസ്റ്റിലായ സാബിത്തിനെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുന്നതിനിടെ ഇയാളിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. അറസ്റ്റിലാകുന്നതിനു രണ്ടാഴ്ച മുൻപും ഇയാൾ അവയവ കടത്തിനായി ആൾക്കാരെ വിദേശത്തേക്ക് കടത്തിയതായും തെളിഞ്ഞു.

രണ്ടു വൃക്കയുള്ളതു ശാരീരികവൈകല്യമാണെന്നു തെറ്റിദ്ധരിപ്പിച്ച് ഉത്തരേന്ത്യൻ സ്വദേശികളെ കബളിപ്പിച്ചതായി പൊലീസിന്‍റെ കസ്റ്റഡിയിലുള്ള സാബിത്ത് മൊഴി നൽകി. വൃക്ക ദാനം ചെയ്താൽ പുതിയ വൃക്ക മുളച്ചുവരുമെന്ന് ചിലരെ പറഞ്ഞു വിശ്വസിപ്പിച്ചു. അവയവക്കച്ചവടത്തിന് ഇരകളായവരുടെയും അവയവങ്ങൾ വാങ്ങിയവരുടെയും പട്ടിക സബിത്ത് അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ട്.

ഇറാനിലെ സാഹചര്യങ്ങൾ അവയവ മാഫിയയ്ക്ക് അനുകൂലമാണ്. ഇതാണ് കേരളത്തിലുള്ളവരും ദുരുപയോഗപ്പെടുത്തുന്നത്. വിദേശ ഇൻഷുറൻസ് കമ്പനികളുടെ നിയന്ത്രണത്തിൽ ഇറാൻ കേന്ദ്രീകരിച്ച് അവയവക്കച്ചവട മാഫിയ പ്രവർത്തിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ഏജൻസിയായ ഗ്ലോബൽ ഒബ്‌സർവേറ്ററി ഓൺ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്‍റെഷൻ (ജിഒഡിടി) റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനിൽ ഒരുവർഷം 10,000 കോടി രൂപയുടെ അവയവക്കച്ചവടം നടക്കുന്നതായി റിപ്പോർട്ടിലുണ്ടായിരുന്നു. ഇതേത്തുടർന്ന് അവയവദാതാക്കൾക്കുള്ള ഉയർന്ന പ്രതിഫലം 600 പൗണ്ടായി (60,000 രൂപ) ഇറാൻ സർക്കാർ നിജപ്പെടുത്തിയതോടെയാണ് ‘ഓർഗൻ ബ്ലാക് മാർക്കറ്റ്’ സജീവമായത്.

സാബിത്ത് അവയവക്കച്ചവടത്തിന് ഇരയാക്കിയ ആളുകളെ കണ്ടെത്തി പരിശോധിക്കുന്നതിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് തീരുമാനം. മാഫിയയുടെ വലയിൽ കുരുങ്ങി അവയവദാനത്തിനായി ഇറാനിലേക്ക് പോയ നിരവധി പേർ ഇപ്പോഴും തിരിച്ചെത്താത്ത സാഹചര്യവും അന്വേഷിക്കും. ഇവർ ഇപ്പോഴും ജീവനോടെയുണ്ടോയെന്നതും വ്യക്തമല്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് സാബിത്ത് ഇരകളാക്കിയത്. ഇവരുടെ യാത്ര, ചികിത്സ, താമസം എല്ലാം മാഫിയയാണ് വഹിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങുമ്പോൾ 6 ലക്ഷം രൂപ വരെയാണ് ഇരകൾക്ക് നൽകിയിരുന്നത്. ഈ അവയവങ്ങൾ ഏജന്‍റുമാർ വഴി 60 ലക്ഷം രൂപയ്ക്കാണ് കൈമാറ്റം ചെയ്തിരുന്നതെന്നും സാബിത്ത് മൊഴി നൽകിയിട്ടുണ്ട്.

Continue Reading

Trending