ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കൈയേറിയത് 38,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഭൂപ്രദേശമെന്ന് കേന്ദ്രസര്‍ക്കാര്‍. അഥവാ, കേരള സംസ്ഥാനത്തിന്റെ അത്രയും വലിപ്പമുള്ള ഭൂമിയാണ് ചൈന കൈയേറിയിട്ടുള്ളത്. 38,863 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് കേരളത്തിനുള്ളത്.

പാര്‍ലമെന്റില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് ചൈന നുഴഞ്ഞു കയറിയിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദങ്ങള്‍ക്കിടെയാണ് രാജ്‌നാഥിന്റെ വെളിപ്പെടുത്തല്‍. കേരളത്തോളം വലിയ ഭൂപ്രദേശം നഷ്ടമായതിന് പുറമേ, ലഡാക് അതിര്‍ത്തിയില്‍ ഇന്ത്യയ്ക്ക് 20 ജവാന്മാരെയും നഷ്ടമായിരുന്നു.

കഴിഞ്ഞ ആറു മാസത്തിനിടയില്‍ ചൈന ഇന്ത്യന്‍ മേഖലയിലേക്ക് കടന്നുകയറിയിട്ടില്ലെന്നും പ്രതിരോധമന്ത്രി രാജ്യസഭയില്‍ അവകാശപ്പെട്ടു.

അതിനിടെ, ചൈനയുടെ നിരീക്ഷണ പട്ടികയില്‍ മലയാളിയും ഉള്ളതായാണ് വിവരം. മലയാളി ഉദ്യോഗസ്ഥനായ സിബി മാത്യൂസ് ആണ് ചൈനീസ് നിരീക്ഷണ വലയത്തിലുള്ളത്. രാജ്യത്തെ പ്രമുഖരായ 10000ത്തിലേറെ വ്യക്തികളെയാണ് ടചൈന നിരീക്ഷിക്കാന്‍ വലയൊരുക്കിയിട്ടുള്ളത്. ഇതില്‍ പ്രധാനമന്ത്രി, രാഷ്ട്രപതി, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യവസായ പ്രമുഖര്‍, കായിക താരങ്ങള്‍, ഉദ്യോഗസ്ഥര്‍, അക്കഡമീഷ്യന്മാര്‍, മത നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലെയും ആളുകളുണ്ട്.